മുഖ്യമന്ത്രിയാവാനും മന്ത്രിയാവാനും തയ്യാറെടുത്തിരിക്കുന്നവര്‍ സൂക്ഷിച്ചോയെന്ന് കെ മുരളീധരന്; പരിഹാസം, പുച്ഛം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്. തൊലിപ്പുറത്തുള്ള ചികിത്സയല്ല വേണ്ടത്. യുഡിഎഫ് വന്നാല്‍ ലൈഫ് പദ്ധതിയുണ്ടാവില്ലെന്ന പ്രചാരണം കുറച്ചെങ്കിലും വീട് കിട്ടിയവര്‍ക്ക് പ്രയാസമുണ്ടാക്കി. യുഡിഎഫില്‍ വികസന വിരോധികളെന്ന് പറഞ്ഞ് ചിത്രീകരിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതിലുപരി, യുഡിഎഫിനെ സ്ഥിരമായി പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടായി. അതും ബാധിച്ചു. ഒരുപാട് ഘടകങ്ങള്‍ യുഡിഎഫിന് എതിരായി വന്നെന്നും അദ്ദേഹം പറഞ്ഞു. ‘വെറും ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഒരു ഗ്രൂപ്പിന് ഒരുകാലത്ത് സീറ്റ് […]

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്. തൊലിപ്പുറത്തുള്ള ചികിത്സയല്ല വേണ്ടത്. യുഡിഎഫ് വന്നാല്‍ ലൈഫ് പദ്ധതിയുണ്ടാവില്ലെന്ന പ്രചാരണം കുറച്ചെങ്കിലും വീട് കിട്ടിയവര്‍ക്ക് പ്രയാസമുണ്ടാക്കി. യുഡിഎഫില്‍ വികസന വിരോധികളെന്ന് പറഞ്ഞ് ചിത്രീകരിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതിലുപരി, യുഡിഎഫിനെ സ്ഥിരമായി പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടായി. അതും ബാധിച്ചു. ഒരുപാട് ഘടകങ്ങള്‍ യുഡിഎഫിന് എതിരായി വന്നെന്നും അദ്ദേഹം പറഞ്ഞു.
‘വെറും ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഒരു ഗ്രൂപ്പിന് ഒരുകാലത്ത് സീറ്റ് കൊടുത്താല്‍ ജയിച്ചാലും തോറ്റാലും ആ ഗ്രൂപ്പിന്റെ സ്ഥിരം നാടക വേദിയായി മാറും. അതല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയുണ്ടാകും. ഞാന്‍ തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ടറാണ്. എന്നോട് പോലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഒരു അഭിപ്രായവും ചോദിച്ചില്ല. എന്നെ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്ന സ്വഭാവം എനിക്കില്ലാത്തുകൊണ്ട് ഞാന്‍ അങ്ങോട്ടും പറയാന്‍ പോയില്ല. ചിലരെ ഞാന്‍ നിര്‍ദ്ദേശിച്ചെന്ന പേരില്‍ ഡിസിസികള്‍ അവരെ തള്ളിക്കളഞ്ഞു. എനിക്ക് പരാതിയില്ല. ഞാന്‍ അതുകൊണ്ട് വടകര ലോക്സഭയും വട്ടിയൂര്‍ക്കാവും മാത്രമേ നോക്കിയിട്ടുള്ളൂ’, കെ മുരളീധരന് പറഞ്ഞു.
കെ മുരളീധരന് പറഞ്ഞത്
വടകരയുടെ പഞ്ചായത്തുകളില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായി. ഈ തകര്‍ച്ചയ്ക്കിടയിലും എന്റെ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പഞ്ചായത്തുകള്‍ തിരിച്ചുപിടിച്ചു. വടകര മുന്സിപാലിറ്റിയില് ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പയ്യോളിയില്‍ നേട്ടമുണ്ടായി. ഇങ്ങനെ ഓരോരുത്തരും സ്വന്തം സ്ഥലങ്ങള്‍ നോക്കിയിരുന്നെങ്കില്‍ നേട്ടമുണ്ടായേനെ. കൊച്ചി കുറേ നാളുകളായി ചില ആളുകളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ലോക്സഭ മുതല്‍ തുടങ്ങിയ സൂക്കേടായിരുന്നു.
ഞാനും അടൂര്‍ പ്രകാശും ലോക്സഭയിലേക്ക് പോയയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പക്ഷേ, എറണാകുളത്ത് ആരുനിന്നാലും ജയിക്കുമായിരുന്നു. അവിടെ സിറ്റിങ് മെമ്പറെ മാറ്റി, എംഎല്‍എയെ വെച്ചു. അപ്പോള്‍ത്തന്നെ ജനം പ്രതികരിച്ചിരുന്നു. നിയമസഭയില്‍ 22000 വോട്ടിന് ജയിച്ച എറണാകുളം 3000 വോട്ടിലേക്ക് ചുരുങ്ങി. അത് ജനങ്ങളുടെ പ്രതികരണമായിരുന്നു. വെള്ളപ്പൊക്കമായതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് അന്ന് പറഞ്ഞു.
ജനങ്ങള്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ആ മുന്നറിയിപ്പ് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കോര്പറേഷന് കയ്യില്‍നിന്ന് പോയി. വിമതര്‍ കുത്തി മെരുക്കി എന്ന് പറയുന്നതിന്റെ കാരണം എന്താണ്? അവരെങ്ങനെ വിമതരായി? അര്‍ഹതപ്പെട്ടവര്‍ക്ക് സീറ്റു നല്‍കാത്തതുകൊണ്ടാണ് അവര്‍ വിനമതരായത്. ഇനി അവര്‍ തിരിച്ചുവരുമോ എന്ന് കണ്ടറിയാം. കാരണം ആകെ അധികാരം എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ടവര്‍ വിമതന്മാരെ പിടിക്കും. അങ്ങനെ വരുമ്പോള്‍ തൃശ്ശൂരും കൊച്ചിയിലും എല്‍ഡിഎഫിന് അധികാരം കിട്ടാനാണ് സാധ്യത.
ചുരുക്കിപ്പറഞ്ഞാല്‍, ഒരു കെട്ടുറപ്പോടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടില്ല. എന്തായാലും ജയിക്കും, ഒതുക്കണ്ടവരെയൊക്കെ ഒതുക്കാം എന്ന് കരുതി. അതിന് ജനങ്ങള്‍ നല്കിയ ശിക്ഷയാണ്.
തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് രോഗം മാറില്ല. ഒരു മേജര്‍ സര്‍ജറി വേണം. പക്ഷേ, അതിനുള്ള സമയമില്ല. ഇപ്പോള്‍ വലിയ ശസ്ത്രക്രിയ നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥയുണ്ടാവും. അതുകൊണ്ട് കൂട്ടായ ഒരു ആലോചന ആവശ്യമാണ്.
ജംബോ കമ്മറ്റികളെ ആദ്യം പിരിച്ചുവിടണം. ഈ കമ്മറ്റികള്‍ ഒരു ഭാരമാണ്. എന്തുവന്നാലും കെപിസിസി ഓഫീസില്‍ മുറിയടച്ചിട്ടിരുന്ന് ചര്‍ച്ച നടത്തും. അവിടെയാണല്ലോ ആലോചനകള്‍ നടക്കുന്നത്. ഞങ്ങളൊക്കെ പുറത്തിരിക്കും. ഒരു അര്‍ഹതയുമില്ലാത്ത ചില ആളുകള്‍ ഭാരവാഹികളായി വരും. പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ പുറത്താവും.
വിമര്‍ശിക്കുന്നവരെ ശരിപ്പെടുത്തുക. ഇങ്ങനെപോയാല്‍ ഈ ഫലം തന്നെയായിരിക്കും ഭാവിയിലും. അത് ഒഴിവാക്കണമെങ്കില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കണം. ആരും സ്ഥാനമൊഴിയണമെന്നൊന്നും ഞാന്‍ പറയുന്നില്ല. എസ്ക് മാറി വൈ വന്നാലൊന്നും രക്ഷപെടില്ല. അത്തരം ട്രീറ്റ്മെന്റുകൊണ്ടൊന്നും കാര്യം നടക്കില്ല. മുതിര്‍ന്നവരെ വിശ്വാസത്തിലെടുത്ത് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി ഒരു സംവിധാനമുണ്ടാക്കിയാല്‍ വിജയിക്കാന്‍ കഴിയും.
പൂര്‍ണ ആരോഗ്യവാനാണ്, പക്ഷേ വെന്റിലേറ്ററില്‍ കിടക്കുകയാണെന്നാണ് കെപിസിസി അധ്യക്ഷന്റെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി. നമ്മള് പറയുന്നതൊക്കെ ഞങ്ങള്‍ കാണുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മളെങ്കിലും മനസിലാക്കണം. സ്പനയും സ്വര്‍ണവും കള്ളക്കടത്തും മയക്കുമരുന്നും എല്ലാമുള്ള സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. നായനാരുടെയും അച്യുതാനന്ദന്റെയുമൊക്കെ കാലത്ത് ഇതിനേക്കാള്‍ എത്രയോ നല്ല കാലമായിരുന്നു. അന്ന് പോലും ആ സര്‍ക്കാരുകളെ നിഷ്പ്രയാസം പുറത്താക്കാന്‍ കഴിഞ്ഞു. ജില്ലാ കൗണ്‍സിലുകളില്‍ എല്ലാം നഷ്ടപ്പെട്ടപ്പോഴും നിയമസഭ പിടിക്കാന്‍ കഴിഞ്ഞു. അതെല്ലാം അന്ന് നയിച്ച നേതാക്കള്‍ക്ക് പാര്‍ട്ടി ജയിക്കണമെന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തണമെന്ന ചിന്താഗതിയാണ്. ആത്മപരിശോധന നടത്തണം. മന്ത്രിയാവാനും മുഖ്യമന്ത്രിയാവാനുമൊക്കെ തയ്യാറെടുത്ത് നില്ക്കുന്നവര് അതനുസരിച്ച് പെരുമാറണം. എങ്ങനെയാണ് സഹായിക്കേണ്ടതെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ സഹായിക്കും. പക്ഷേ, ഇതിന്റെ ക്ഷീണം പ്രവര്‍ത്തരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പിന് നേതാക്കള്‍ തമ്മില്‍തല്ലുന്നു. ഇനി നേതാക്കന്മാരുടെ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പറഞ്ഞാല്‍, അതവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. തോറ്റിട്ടെന്നപോലെ ജയിച്ചിട്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.