Top

അന്വേഷണം നടക്കട്ടെ, ബാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് പറയാം: കെ മുരളീധരന്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സിബിഐ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മുന്നോട്ട് ബാക്കി പറയാമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ചാരക്കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഡി കെ ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കി സിബിഐക്ക് കേസ് ഏറ്റെടുക്കാമെന്ന കോടതി വിധിക്ക് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കെ മുരളീധരന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ […]

15 April 2021 5:08 AM GMT

അന്വേഷണം നടക്കട്ടെ, ബാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് പറയാം: കെ മുരളീധരന്‍
X

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സിബിഐ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മുന്നോട്ട് ബാക്കി പറയാമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ചാരക്കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഡി കെ ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കി സിബിഐക്ക് കേസ് ഏറ്റെടുക്കാമെന്ന കോടതി വിധിക്ക് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

കെ മുരളീധരന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനും ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടവരില്‍ ഒരാളായിരുന്നു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാജിവെക്കേണ്ടിയും വന്നിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെട്ട് അന്വേഷണം തടയുകയായിരുന്നു.

എന്നാല്‍ പിന്നീട് രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിലൂടെയാണ് നമ്പി നാരായണന്‍ അന്വേഷണത്തിനുള്ള അനുകൂല വിധി നേടിയത്. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിര്‍ദ്ദേശം. സമിതിയുടെ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. സിബിഐ ഡയറക്ടര്‍ക്കോ, ആക്ടിംഗ് ഡയര്‍ക്ടര്‍ക്കോ റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി നിര്‍ദ്ദേശം. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും സിബി മാത്യൂസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. അതിലെ കണ്ടെത്തലുകളില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമേ നീതി ലഭിച്ചുയെന്ന് പറയാന്‍ സാധിക്കൂയെന്നും നമ്പി നാരായണന്‍ പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോര്‍ട്ടിലും സിബിഐ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആര് കെട്ടിച്ചമച്ചതാണെന്നാണ് അറിയേണ്ടത്. ഒന്നോ അധിലധികം പേരോ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2018 സെപ്തംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സൂപ്രീംകോടതി രൂപം നല്‍കിയത്.

Next Story