Top

വിശ്വാസികള്‍ക്കൊപ്പവും നവോഥാനത്തിനൊപ്പവുമാണെന്ന് പറയുന്ന സര്‍ക്കാര്‍ മുയലിനും വേട്ടപ്പട്ടിയ്ക്കും വേണ്ടി ഒരുമിച്ച് ഓടുന്നവരെപ്പോലെ: കെ മുരളീധരന്‍

വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണചത്തിന് പോകില്ല എന്ന തന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

20 Feb 2021 3:35 AM GMT

വിശ്വാസികള്‍ക്കൊപ്പവും നവോഥാനത്തിനൊപ്പവുമാണെന്ന് പറയുന്ന സര്‍ക്കാര്‍ മുയലിനും വേട്ടപ്പട്ടിയ്ക്കും വേണ്ടി ഒരുമിച്ച് ഓടുന്നവരെപ്പോലെ: കെ മുരളീധരന്‍
X

ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തതയില്ലെന്ന് കെ മുരളീധരന്‍. വിശ്വാസികള്‍ക്കൊപ്പമാണോ എന്ന് ചോദിച്ചാല്‍ അതേ എന്ന് പറയുന്ന സര്‍ക്കാര്‍ നവോത്ഥാനത്തിനൊപ്പമാണോ എന്ന് ചോദിച്ചാലും അതേ എന്നുതന്നെ മറുപടി പറയും. ഇത്തരത്തില്‍ മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ളതെന്ന് മുരളീധരന്‍ ആക്ഷേപിച്ചു. ഈ വ്യക്തതയില്ലായ്മ സര്‍ക്കാരിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനവിഷയത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം യുഡിഎഫിന് വന്‍തോതില്‍ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സീറ്റ് വിഭജന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എംപിയെ സഹകരിപ്പിക്കണമെന്ന വികാരം വടകരയില്‍ ഇപ്പോള്‍ ശക്തമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ഇടതുതരംഗം ആഞ്ഞ് വീശിയപ്പോഴും വടകരയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ ആര്‍എംപിയ്ക്കായി. യുഡിഎഫിന് ആര്‍എംപിയെക്കൊണ്ട് പ്രയോജനമുണ്ടായെന്നും നിലവില്‍ യുഡിഎഫുമായി സഹകരിക്കുമെന്ന നിലപാട് ആര്‍എംപി കൈക്കൊണ്ടിട്ടില്ലെന്നും മുരളീധരന്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മത്സരിക്കാനാഗ്രഹിഹിച്ചത് വട്ടിയൂര്‍ക്കാവില്‍ തന്നെയാണ്. പക്ഷേ എംപിമാര്‍ മത്സരിക്കേണ്ടെന്നത് പാര്‍ട്ടി തീരുമാനമായതിനാല്‍ അതിനെ പൂര്‍ണ്ണമായും താന്‍ അംഗീകരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണചത്തിന് പോകില്ല എന്ന തന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story