Top

പ്രണബിനെതിരെ മന്‍മോഹന്‍ സിംഗിന് കത്ത് നല്‍കിയതോടെ കേരളത്തിലേക്ക് തട്ടി; കിഫ്ബി ആശയത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ അറിയാം

സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ എം എബ്രഹാമിനെയാണ്. അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്. സെബി അംഗമായിരിക്കെ സഹാറ ഇന്ത്യ പരിവാര്‍ നിക്ഷേപ തട്ടിപ്പ് കേസ് ഉള്‍പ്പടെയുള്ള സുപ്രധാനമായ കേസുകളിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രയത്‌നിച്ച് ദേശീയ ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് കെ എം എബ്രഹം. എല്‍ഡിഎഫ്- യുഡിഎഫ് ഭരണങ്ങള്‍ക്ക് കീഴില്‍ വിവിധ പദവികള്‍ വഹിച്ച […]

25 May 2021 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രണബിനെതിരെ മന്‍മോഹന്‍ സിംഗിന് കത്ത് നല്‍കിയതോടെ കേരളത്തിലേക്ക് തട്ടി; കിഫ്ബി ആശയത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ അറിയാം
X

സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ എം എബ്രഹാമിനെയാണ്. അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്.

സെബി അംഗമായിരിക്കെ സഹാറ ഇന്ത്യ പരിവാര്‍ നിക്ഷേപ തട്ടിപ്പ് കേസ് ഉള്‍പ്പടെയുള്ള സുപ്രധാനമായ കേസുകളിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രയത്‌നിച്ച് ദേശീയ ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് കെ എം എബ്രഹം. എല്‍ഡിഎഫ്- യുഡിഎഫ് ഭരണങ്ങള്‍ക്ക് കീഴില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ആറുവര്‍ഷക്കാലം കേരള സര്‍ക്കാരിന്റെ ധനകാര്യ വകുപ്പില്‍ സെക്രട്ടറിയായിരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ സ്ഥാപക ഫണ്ട് മാനേജര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി കെ എം എബ്രഹാം യുഎസ് ലൈസന്‍സ്ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റാണ്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു.

സെബി അംഗമായിരിക്കെ സഹാറ ഗ്രൂപ്പിന്റെ രണ്ട് കമ്പനികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ തുറന്നുകാട്ടിയ നടപടിയിലൂടെ പ്രസിദ്ധനായ അദ്ദേഹത്തിന് 2016-ല്‍ ഉന്നത ഉദ്യോഗസ്ഥ രംഗത്തെ സമഗ്രതയ്ക്കും സത്യസന്ധതയ്ക്കും നല്‍കിവരുന്ന സത്യേന്ദ്ര കെ ദുബെ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി ഐഐടി കാണ്‍പൂര്‍ ആദരിച്ചു.

സഹാറ ഉള്‍പ്പെടെയുള്ള നിരവധി ഉന്നതബന്ധമുള്ള കേസുകളില്‍ നടപടികളുണ്ടാകാതിരിക്കാന്‍ സെബിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലെ ധനമന്ത്രാലയത്തിനെതിരെ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് പരാതി നല്‍കിയ അദ്ദേഹത്തിനെതിരെ അക്കാലത്ത് നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ത്തപ്പെട്ടിരുന്നു.

പിന്നീട് സെബിയിലെ അദ്ദേഹത്തിന്റെ കാലാവധി നീട്ടപ്പെടാതിരുന്നതും രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഭാഗമായിരുന്നെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തുടര്‍ന്ന് 2011-ല്‍ സെബിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ടാണ് അദ്ദേഹം ജന്മനാടായ കേരളത്തിലേക്ക് മടങ്ങി എത്തുന്നത്.

ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കെ എം എബ്രഹാമാണ് മോഡേണൈസിംഗ് ഗവണ്‍മെന്റ് പ്രോഗ്രാം നടപ്പിലാക്കിയത്. എംജിപി സെക്രട്ടറിയായിരുന്ന അദ്ദേഹം 1300 കോടി രൂപ വിദേശ വായ്പയായും ഈ പദ്ധതിവഴി കേരളത്തിലേക്ക് എത്തിച്ചിരുന്നു.

അതേ വായ്പയിലുടെയാണ് പില്‍ക്കാലത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ കംപ്യൂട്ടറൈസേഷന് തുടക്കമിട്ടത്. പിന്നീട് പിണറായി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്നു വിരമിച്ചശേഷം കിഫ്ബിയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) എന്ന ആശയത്തിന്റെ അവതരണത്തില്‍ കെ എം എബ്രഹാമിന് സുപ്രധാന പങ്കാണുള്ളത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ കെ എം എബ്രഹാം ധനകാര്യ സെക്രട്ടറിയായിരിക്കെ യുഡിഎഫിന്റെ കാലത്താണ് കിഫ്ബി അവതരിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാകുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ധനമന്ത്രി തോമസ് ഐസക്കിനോളം തന്നെ പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനത്തിനിരയായ അദ്ദേഹത്തെ കിഫ്ബിയുമായ ബന്ധപ്പെട്ട മസാല ബോണ്ട് വിഷയത്തില്‍ ഇഡി ചോദ്യം ചെയ്തതും ചര്‍ച്ചയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിലെ ആദ്യ കാലത്ത് 2016-ല്‍ കെ എം എബ്രഹാമിന്റെ ഫ്ലാറ്റില്‍ വിജിലന്‍സ് റെയ്ഡ് നടന്നതും വിവാദമായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന എബ്രഹാമിന്റെ പൂജപ്പുരയിലെ ഫ്ലാറ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.

2014-ല്‍ ജിഫൈല്‍സ് ഗവേണന്‍സ് അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച പത്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡ് എന്നിവ നേടിയിരുന്നു.

Also Read: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കെ എം എബ്രഹാം; കിഫ്ബി സിഇഒ ആയും തുടരും

Next Story