കിരണ്‍ ആരോഗ്യ സര്‍വ്വേ: കനേഡിയന്‍ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയിട്ടില്ല; കാരവന് റിപ്പോര്‍ട്ട് തള്ളി കെ കെ ശൈലജ
മുന്‍ ആരോഗ്യസെക്രട്ടറിയും മുഖ്യമന്ത്രിയുടെ നിലവിലെ കൊവിഡ് ഉപദേശകനുമായ രാജീവ് സദാനന്ദന് പിഎച്ച്ആര്‍ഐ തലവന്‍ സലീം യൂസഫ്, അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍നിന്നും വിരമിച്ച പ്രൊഫസര്‍ കെആര്‍ തങ്കപ്പന് എന്നിവര്‍ തമ്മിലെ ഇമെയിലുകളും കത്തുകളുമാണ് കാരവന് പുറത്തുവിട്ടത്.

കനേഡിയന്‍ ഏജന്‍സിക്ക് സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ കൈമാറിയെന്ന കാരവാന് റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ. വിവരശേഖരണത്തിന് അച്ഛുതമേനോന്‍ സെന്ററിനെയാണ് നിയോഗിച്ചിരുന്നതെന്നും ആരോഗ്യവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കനേഡിയന്‍ കമ്പനിയായ പിഎച്ച്ആര്‍ഐക്ക് കിരണ്‍ എന്ന ആരോഗ്യവകുപ്പ് നടത്തുന്ന സമഗ്ര ആരോഗ്യ സര്‍വ്വേ കൈമാറിയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് കാരവന് പുറത്തുവിട്ടത്. മുന്‍ ആരോഗ്യസെക്രട്ടറിയും മുഖ്യമന്ത്രിയുടെ നിലവിലെ കൊവിഡ് ഉപദേശകനുമായ രാജീവ് സദാനന്ദന് പിഎച്ച്ആര്‍ഐ തലവന്‍ സലീം യൂസഫ്, അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍നിന്നും വിരമിച്ച പ്രൊഫസര്‍ കെആര്‍ തങ്കപ്പന് എന്നിവര്‍ തമ്മിലെ ഇമെയിലുകളും കത്തുകളുമാണ് കാരവന് പുറത്തുവിട്ടത്.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യ സര്‍വ്വേ തുടരുന്നതായാണ് കാരവന് മാഗസിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതി, അന്നത്തെ ഗവേഷകര്‍ തന്നെ പുതിയ പേരില്‍ നടപ്പാക്കുകയാണെന്നും കാരവന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പിഎച്ച്ആര്‍ഐ) എന്ന ഗവേഷണ സ്ഥാപനത്തിനാണ് കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നത്.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ കൈമാറിയ ഇമെയില്‍ വിവരങ്ങളടക്കമാണ് കാരവന് പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎച്ച്ആര്ഐയുമായി സമാനമായ കരാറിലേര്‍പ്പെട്ടെന്ന് ആരോപിച്ച് അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ പഴയ ഗവേഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് പദ്ധതി വീണ്ടും നടപ്പാക്കാന്‍ നടത്തിയ നീക്കങ്ങളും കാരവന് റിപ്പോര്‍ട്ടില്‍ വെളിവാക്കപ്പെടുന്നു.
ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്, പിഎച്ച്ആര്‍ഐയുടെ തലവനും മാക്മാസ്റ്റര് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കേരളത്തില്‍ ജനിച്ച കനേഡിയന്‍ പൗരനുമായ സലിം യൂസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രൊഫസര്‍ കെ വിജയകുമാര്‍, അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍നിന്നും വിരമിച്ച പ്രൊഫസര്‍ കെആര്‍ തങ്കപ്പന് എന്നിവരാണ് ഇമെയിലുകളും കത്തുകളും കൈമാറിയതെന്നാണ് കാരവന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.