
കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗ വര്‍ദ്ധനവ് നേരിടാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രാജ്യത്ത് പലയിടത്തും കോവിഡ് രോഗ ബാധ വര്‍ധിക്കുന്നുണ്ട്. ആ പശ്ചാത്തലത്തില്‍ കേരളത്തിലും പരിശോധനകള്‍ നന്നായി നടത്തുന്നു. പ്രതിരോധം ശക്തമാക്കി ക്രഷിങ് ദി കര്‍വ് ലക്ഷ്യം വെച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിനുശേഷമായിരുന്നു പ്രതികരണം.
കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് രോഗവ്യാപനം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗം വര്‍ധിക്കുന്നു. അതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും ദൈനംദിനം സാഹചര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് പ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ നന്നായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്.
പഠനങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ ജനസംഖ്യയിലെ 11 ശതമാനം പേര് മാത്രമാണ് ഇതുവരെ രോഗബാധിരായിട്ടുള്ളത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ ബാക്കി 89 ശതമാനത്തിലുള്ളവര്ക്കും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. അത് തടയാന്‍ ബാക്ക് ടു ബേസിക്സിലേക്ക് പോവുകയാണ് കേരളം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെസര്‍ ഉപയോഗിക്കുക, ബ്രേക്ക് ദി ചെയിന്‍ കാമ്പയിന് മികച്ച രീതിയില്‍ തുടരുക എന്നെല്ലാമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം വാക്സിനേഷനും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 60 ലക്ഷത്തിലധികം വാക്സിനാണ് കേന്ദ്രം നല്‍കിയത്. അതില്‍ 5675138 ഡോസ് വിതരണം ചെയ്തുകഴിഞ്ഞു. വാക്സിനേഷനില്‍ മറ്റെല്ലാ സംസ്ഥാനങ്ങളെയും വെച്ച് താരതമ്യം ചെയ്താല്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് കേരളം. വാക്സിന് നഷ്ടമാകാതെ സീറോ വേസ്റ്റേജ് പോളിസിയില്‍ കിട്ടിയ വാക്സിന് കൊടുക്കാന്‍ സാധിച്ചു.
എന്നാല്‍ അഞ്ച് ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ഇനി കൈയ്യിലുള്ളത്.45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിനേഷന് മുന്‍ഗണന നിശ്ചയിച്ചിട്ടുള്ളത്. അതിന് അടിയന്തിരമായി 50 ലക്ഷം വാക്സിനുകളെങ്കിലും ലഭിക്കണം. എന്നാലാണ് ഉദ്ദേശിക്കുന്നതുപോലെ മാസ് വാക്സിന് കാമ്പയിന് സാധ്യമാകൂ. കേന്ദ്രആരോഗ്യവകുപ്പ് മന്ത്രിയെ ഈ വിവരം ധരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഓക്സിജന്‍ കുറവ് ഇല്ല. കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഇനിയും വേണ്ടിവരും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണ നിരക്ക് ഉയര്‍ന്നിട്ടില്ല. 0.4% മാത്രമാണ് മരണനിരക്ക്. രോഗ വര്‍ദ്ധനവ് ഉണ്ടായാല്‍ നേരിടാന്‍ കേരളം സജ്ജമായിരുന്നതുകൊണ്ട് ഇപ്പോള്‍ ബുദ്ധിമുട്ടുന്നില്ല. രണ്ടരലക്ഷം പരിശോധനകളുടെ ഫലമാണ് നാളെ പുറത്തുവരാനിരിക്കുന്നത്.
തൃശൂര്‍ പൂരം നടത്തിപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കണം പ്രവേശനം. കരുതലോടെ സമീപിക്കണം. കരുതല്‍ ഇല്ലെങ്കില്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കും.
മരുന്ന് ക്ഷാമമില്ലാതെ നോക്കേണ്ടത് കേന്ദ്രമാണ്. വാക്സിന്, മരുന്ന് വിതരണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റും ആരോഗ്യവകുപ്പും ഇടപെടണം. കൊവിഡ് പ്രതിരോധത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കേരളത്തിനും ലഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
Also Read: കൊവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന് തടസമല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍