Top

‘അന്ന് സ്പീക്കര്‍ ഒന്നും പറഞ്ഞില്ല, പിന്നെ നടന്നത് എകെജി സെന്ററില്‍ നിന്നുള്ള ആസൂത്രിതനീക്കങ്ങള്‍’; ചട്ടലംഘനാരോപണത്തില്‍ കെ കെ രമയുടെ മറുപടി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവം ചട്ടലംഘനമാണെന്ന ആരോപണത്തിന് പിന്നില്‍ ആസൂത്രിത രാഷ്ട്രീയ നീക്കമുണ്ടെന്ന് കെ കെ രമ എംഎല്‍എ. ടി പി ചന്ദ്രശേഖരന്റെ വധം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സിപിഐഎം നേതൃത്വത്തെ പ്രകോപിപ്പിച്ചു എന്നും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എകെജി സെന്ററില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ടെന്നും കെ കെ രമ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചട്ടലംഘനത്തെക്കുറിച്ച് ആരോപണമുന്നയിക്കുന്നവര്‍ എന്തുകൊണ്ട് സഭയില്‍വെച്ചുതന്നെ വിഷയം ഉന്നയിച്ചില്ലെന്നും കെ കെ രമ […]

28 May 2021 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അന്ന് സ്പീക്കര്‍ ഒന്നും പറഞ്ഞില്ല, പിന്നെ നടന്നത് എകെജി സെന്ററില്‍ നിന്നുള്ള ആസൂത്രിതനീക്കങ്ങള്‍’; ചട്ടലംഘനാരോപണത്തില്‍ കെ കെ രമയുടെ മറുപടി
X

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവം ചട്ടലംഘനമാണെന്ന ആരോപണത്തിന് പിന്നില്‍ ആസൂത്രിത രാഷ്ട്രീയ നീക്കമുണ്ടെന്ന് കെ കെ രമ എംഎല്‍എ. ടി പി ചന്ദ്രശേഖരന്റെ വധം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സിപിഐഎം നേതൃത്വത്തെ പ്രകോപിപ്പിച്ചു എന്നും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എകെജി സെന്ററില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ടെന്നും കെ കെ രമ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചട്ടലംഘനത്തെക്കുറിച്ച് ആരോപണമുന്നയിക്കുന്നവര്‍ എന്തുകൊണ്ട് സഭയില്‍വെച്ചുതന്നെ വിഷയം ഉന്നയിച്ചില്ലെന്നും കെ കെ രമ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.

കെ കെ രമ പറഞ്ഞത്:

24ാം തിയതി സത്യപ്രതിജ്ഞാദിവസമാണ് സംഭവം നടക്കുന്നത്. 25-ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഞാന്‍ സഭയിലെത്തുകയും 26-ന് രാവിലെ സ്പീക്കറെ നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ചട്ടലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നില്ല. എല്ലാത്തിനും ശേഷം 27-ാം തിയതിയാണ് ഇതിനെപ്പറ്റി സ്പീക്കര്‍ സംസാരിക്കുന്നത്. ചട്ടലംഘനമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സംഭവം നടന്ന അന്നുതന്നെ സ്പീക്കര്‍ക്ക് അത് ബോധ്യപ്പെടാതെയിരുന്നത്?, സഭയിലെ മറ്റുള്ളവര്‍ അതിനെക്കുറിച്ച് പ്രതികരണം നടത്താതെയിരുന്നത്?

സഖാവ് ടിപിയുടെ വധവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സിപിഐഎം നേതൃത്വത്തെ പ്രകോപിപ്പിച്ചതിനാലാണ് ചട്ടലംഘനത്തിലേക്ക് ഇത് എത്തുന്നത്. എകെജി സെന്ററില്‍ നിന്ന് വളരെ കൃത്യമായി ആലോചിച്ച് തന്നെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നത്. അല്ലെങ്കില്‍ ഇത്രയും ദിവസം ഇത് വൈകിപ്പിക്കില്ല. ഇത് ചട്ടലംഘനത്തിന്റെ വിഷയമല്ല ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നും പകപോക്കല്‍ രാഷ്ട്രീയം എന്നുപോലും അതിനെ വിശേഷിപ്പിക്കേണ്ടിവരും.

ഇന്ന് സഭയിലെ ചട്ടലംഘനത്തെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ മുന്‍പ് നിയമസഭയില്‍ നടത്തിയ കാര്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. സ്പീക്കറുടെ കസേര കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചും സ്പീക്കറുടെ കമ്പ്യൂട്ടര്‍ വലിച്ചെറിഞ്ഞും എന്തൊക്കെ കോപ്രായങ്ങളാണ് അന്ന് നിയമസഭയില്‍ നടന്നത്. എന്തൊക്കെ നഷ്ടങ്ങളാണ് അതുമായി ബന്ധപ്പെട്ട് ഉണ്ടായത്. അന്ന് വ്യക്തമായ ചട്ടലംഘനം നടത്തിയ അതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ മറുഭാഗത്ത് പ്രചാരണം നടത്തുന്നതെന്നതാണ് ശ്രദ്ധേയം.

ഇനി ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. വളരെ കൃത്യമായ രാഷ്ട്രീയമാണ് ഞാന്‍ പറഞ്ഞത്. ഇനിയും പറഞ്ഞുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഇതിന്റെ ഭാഗമായി എന്തുവന്നാലും വിഷയവുമല്ല. വളരെ സൗഹാദപരമായുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തനത്തിനാണ് ഞാന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഭരണപക്ഷ ബഹുമാനത്തോടെ സഭ കൊണ്ടുപോകണമെന്നും, നിയമനിര്‍മ്മാണസഭയെ ജനാധിപത്യപരമായ സമീപിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള അതിന് വിപരീതമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും കെ കെ രമ പറഞ്ഞു.

Also Read: ‘നിങ്ങള്‍ പറഞ്ഞ ആ 15 ഭീകരര്‍ എവിടെ? അവരുമായി ബന്ധപ്പെട്ടവര്‍ ആര്?’; ബിജെപിയോട് മുന്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി

Next Story