കോൺഗ്രസ് അത് ചെയ്യരുത്

ഈ വർഷത്തിന്റെ ആദ്യഭാഗം, പ്രത്യേകിച്ച്‌ കൊറോണയുടെ തുടക്കകാലം, മുഴുവൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് എഴുത്തെഴുതലായിരുന്നു എന്റെ പണികളിൽ ഒന്ന്. പക്ഷെ അദ്ദേഹം അതൊന്നും ശ്രദ്ധിച്ചില്ല എന്നു മാത്രമല്ല ഒരു വലതുനിരീക്ഷകന്റെ കെണിയിൽച്ചെന്നു ചാടുകയും ചെയ്തു എന്നൊരു പരിഭവം എനിക്കുണ്ട്. എന്തായാലും ഇനിയും എഴുതാൻതന്നെയാണ് എന്റെ തീരുമാനം.

സാധാരണഗതിയിൽ ഒരു 916 കോൺഗ്രസ് വിരുദ്ധനാണ് ഞാൻ. എന്നാൽ ഇന്ന് നമ്മുടെ രാജ്യം അസാധാരണമായ ഒരു സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. വർഗീയത മനുഷ്യരുടെ ജീവിതത്തെ ചിതറിത്തെറിപ്പിക്കുന്ന ദൃശ്യം ലോകത്തെങ്ങും നമ്മൾ കാണുന്ന കാലമാണിത്; നമ്മുടെ വാതിൽക്കലും അതെത്തിയിട്ടുണ്ട്. അതിനെ തടയേണ്ടതുണ്ട്. എന്നാൽ കോൺഗ്രസിനെ ഒഴിവാക്കിയോ കോൺഗ്രസ് ഇല്ലാതായിട്ടോ ഈ രാജ്യത്ത്‌ വർഗീയതയെ തളയ്ക്കാമെന്ന അഭിപ്രായം പറയുന്ന സുഹൃത്തുക്കളോട് എനിക്കിതുവരെ യോജിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നത്.

ഉദാഹരണത്തിന് കഴിഞ്ഞ മാർച്ച് 11-നു ഞാൻ എഴുതിയ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്‌: “യുഡിഎഫിന് തിരുവനന്തപുരത്തേക്കുള്ള വഴി പിണറായിയിലൂടെയല്ല, പാലായിലൂടെയാണ്. അക്കാര്യം മുല്ലപ്പള്ളിയ്ക്കു മനസിലായില്ലെങ്കിലും ചെന്നിത്തലയ്ക്ക് മനസിലാകേണ്ടതാണ്”, കേരള കോൺഗ്രസിലെ തമ്മിലടി യുഡിഎഫ്-കോൺഗ്രസ് നേതൃത്വങ്ങൾ എത്ര കാഷ്വലായി ആണ് എടുക്കുന്നത് എന്നതോർത്തു എഴുതിയതാണ്. അത് മനസിലാക്കി പ്രവർത്തിച്ചിരുന്നെങ്കില്‍ ഇന്ന് യുഡിഎഫിന്റെ സ്ഥിതി എന്താകുമായിരുന്നു എന്നാലോചിച്ചിട്ടു ബാക്കി വായിക്കുക.

യുഡിഎഫ് അപ്രസക്തമായി എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ അഭിപ്രായത്തോട് എനിക്കു യോജിപ്പൊന്നുമില്ല. യുഡിഎഫിന് തിരിച്ചടിയുണ്ടായി എന്നത് സത്യമാണ്. എങ്കിലും കഴിഞ്ഞ പ്രാവശ്യം കിട്ടിയ അത്രയും പഞ്ചായത്തുകൾ ഇപ്പോഴും യുഡിഎഫ് ജയിച്ചിട്ടുണ്ട്. ബിജെപി വിദൂര മൂന്നാം സ്‌ഥാനത്താണ് ഇപ്പോൾ. അതിന്റെ കാരണം കേരളം അടിസ്ഥാനപരമായി ഒരു മതനിരപേക്ഷ സമൂഹമാണ്.

ചെറിയ ചില പ്രാദേശിക ചുറ്റിക്കളികള്‍ ഒക്കെ എല്ലാരും നടത്തുമെങ്കിലും മൂര്‍ത്ത വർഗീയവാദികളുമായി പരസ്യമായ ചങ്ങാത്തം കേരളീയ സമൂഹം അംഗീകരിക്കില്ല. അത് എൽഡിഎഫ് നടത്തിയാലും യുഡിഎഫ് നടത്തിയാലും.

ബേപ്പൂരും വടകരയും യുഡിഎഫ് നടത്തിയ പരീക്ഷണവും പിഡിപിയെകൂട്ടി എൽഡിഎഫ് നടത്താൻ ശ്രമിച്ച അഭ്യാസവും ഇപ്പോഴും രണ്ടുകൂട്ടരുടെയും ചരിത്രത്തിൽ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതൊക്കെ മറന്നാണ് 24 കാരറ്റ് വർഗീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി (അവർക്കൊരു രാഷ്ട്രീയ കക്ഷിയുണ്ട്; അതിൽ കാര്യമില്ല) യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്. പ്രാദേശികമായി ചിലപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ അവർക്കു ജയിക്കാനും അത് യുഡിഎഫിന്റെ അക്കൗണ്ടിൽ ചേർക്കാനും പറ്റുമായിരിക്കും; പക്ഷെ അത് യുഡിഎഫിന് ഗുണകരമാണോ എന്ന കാര്യം കോൺഗ്രസും യുഡിഎഫും പരിശോധിക്കണം.

കേരളം ഉണ്ടായപ്പോൾ മുതൽ മുസ്ലിം ലീഗ് ഉണ്ട്; ആ പാർട്ടി യുഡിഎഫിന്റെ നെടുംതൂണുകളിൽ ഒന്നാണ്; പലപ്രാവശ്യം അധികാരത്തിൽ വന്നിട്ടുണ്ട്. ആ പാർട്ടിയുടെ ഒരു നേതാവ് കേരളത്തിൽ ചുരുങ്ങിയ സമയമെങ്കിലും മുഖ്യമന്ത്രിയും ആയിട്ടുണ്ട്. എങ്കിലും തലയ്ക്കു വെളിവുള്ള ആരും അവരെ പക്ഷെ വർഗീയ കക്ഷി എന്ന് വിളിക്കില്ല; കാരണം മതരാജ്യം ഉണ്ടാക്കലല്ല അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ മറ്റുള്ള മനുഷ്യരിൽ ഭയമുണ്ടാക്കില്ല. പക്ഷെ അവർ ഉണ്ടാക്കാത്ത ഭയം ജമാഅത്തെ ഇസ്ലാമി നാട്ടുകാരിൽ ഉണ്ടാക്കും. കാരണം അത് വർക്ക്‌ ചെയ്യുന്നത് പല തലത്തിലാണ്.

ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയിലും സംവിധാനത്തിലും മാത്രമാണ് തങ്ങളുടെ രക്ഷ എന്ന് ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്കു നല്ല ബോധ്യമുണ്ട്. അതിൽ തിരുത്തപ്പെടേണ്ട പല സ്ഖലിതങ്ങളും പലപ്പോഴായി ഉണ്ടാകാറുണ്ട്; ഇക്കാലത്തു പ്രത്യേകിച്ചും. ആ തിരുത്തൽ നടക്കണമെങ്കിൽ അവ പെരുപ്പിച്ചു കാണിച്ചു മത ന്യൂനപക്ഷങ്ങളിൽ കൂടുതൽ ഭീതി പരത്തി അവരെ കൂടുതൽ പാർശ്വവൽക്കരിക്കുകയല്ല; രാജ്യത്തെ മറ്റു മതനിരപേക്ഷ കക്ഷികളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന ബോധ്യമുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. (‘ഉണ്ടായിരുന്ന’ എന്ന് ബോധപൂർവ്വം പ്രയോഗിച്ചതാണ്) മറിച്ച് കുത്തിത്തിരുപ്പുണ്ടാക്കി അതിൽനിന്നു മുസ്ലിങ്ങളുടെ ഏക പ്രതിനിധിയായി മാറുക എന്നതാണ് വർഗീയവാദികളുടെ ലക്ഷ്യം. അത്തരം ധ്രുവീകരണം മതന്യൂനപക്ഷങ്ങളുടെ കാര്യം കൂടുതൽ അപകടത്തിലാക്കും എന്ന കാര്യം സാധാരണ മുസ്ലിങ്ങൾക്കറിയാം.

എതിര്‍പ്പ് കണക്കിലെടുക്കില്ല ; വെൽഫെയര്‍ പാര്‍ട്ടി ബന്ധം പരിഗണനയിലുണ്ടെന്ന്  മുസ്ലീം ലീഗ് | muslim league welfare party alliance

ഈ വർഗീയവാദികളെ രാഷ്ട്രീയ മുഖ്യാധാരയിലേക്കു കൊണ്ടുവന്നു അവർക്കു കൂടുതൽ പ്രസക്തിയുണ്ടാക്കിയാൽ അതുവച്ച് മുതലെടുക്കുന്നവർ ആരായിരിക്കുമെന്നും അതിന്റെ പ്രത്യാഘാതം ആര്‌ അനുഭവിക്കേണ്ടി വരും എന്നും അവർക്കു മനസിലാകും; ഇപ്പോൾ യുഡിഎഫിനോട് ചേർന്ന് നിൽക്കുന്ന മത നിരപേക്ഷ മുസ്ലിമിനടക്കം. അവരുടെ ഒന്നാം ചോയ്‌സ് യുഡിഎഫ് അല്ലാതാകാൻ ഈ കൂട്ടുകെട്ട് ഒരു കാരണമാകും. കേരളത്തിൽ സീറ്റുകളുടെ എണ്ണം മൂന്നിരട്ടിയാകുമെന്നായിരുന്നു ബിജെപി പറഞ്ഞത്; അഞ്ചിലൊന്ന് സീറ്റു മാത്രമാണ് കൂടിയത്. ഇപ്പോഴും കേരളം ബിജെപിയ്ക്ക് അപ്രാപ്യമായി തുടരുന്നുന്നത് അവർ ലക്ഷ്യം വയ്ക്കുന്ന ജനവിഭാഗങ്ങൾ പ്രധാനമായും മതനിരപേക്ഷമായി ചിന്തിക്കുന്നു എന്നതുകൊണ്ടാണ്. അത്തരം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനും കൂടെ ചേർക്കാനും വർഗീയവാദികൾ ഉപയോഗിക്കുന്ന ന്യായം ഇസ്ലാമിസ്റ്റ് സംഘടനകളുടെ സാന്നിധ്യമാണ്. അവരെ കൂടെ കൂട്ടിയാൽ ഈ മതനിരപേക്ഷ മനുഷ്യരിൽ, യുഡിഎഫുകാരിലടക്കം, അത് നിരാശയുണ്ടാക്കും എന്നും അത് യുഡിഎഫിന് ക്ഷീണമുണ്ടാക്കുമെന്നും കോൺഗ്രസിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന നേതാക്കൾ മനസിലാക്കണം.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്ന് കേരളത്തിൽ ഏറ്റവുമധികം വർഗീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമുദായം ക്രിസ്താനികളാണ്.

ഇസ്‌ലാമോഫോബിയയുടെ എല്ലാ പാഠങ്ങളും സംഘപരിവാറിൽ നിന്നു നേരിട്ട് പഠിച്ചിട്ടെന്നവണ്ണമാണ് ചില പാതിരിമാരും ധ്യാന ഗുരുക്കന്മാരും വാർത്തമാനം പറയുന്നതും പ്രചാരണം നടത്തുന്നതും. അസത്യങ്ങളും അർദ്ധസത്യങ്ങളും ക്രിമിനൽ നുണകളും ഒക്കെ പട്ടിലും പഞ്ചസാരയിലും പൊതിഞ്ഞു വിൽക്കുകയാണവർ. അവർക്കു ഇപ്പോൾ നല്ല സ്വീകാര്യതയുണ്ട് എന്ന കാര്യം യുഡിഎഫ് നേതാക്കൾ ഓർക്കണം. ഈ പുതിയ കലാപരിപാടിയ്ക്കു ആക്കം കൂട്ടാൻ ജമാഅത്ത് ബന്ധം കണ്ടു മതിമറന്ന മുസ്ലിംലീഗുകാരും ഉണ്ട് എന്ന നിർഭാഗ്യകരമായ വസ്തുത കണ്ടില്ലെന്നു നടിക്കരുത്; തുർക്കിയിലെ ഒരു ക്രിസ്ത്യൻ പള്ളി ഒരു മുസ്ലിം വർഗീയവാദി മുസ്ലിം പള്ളിയാക്കിയതിൽ ക്രിസ്ത്യാനിക്കും ഹിന്ദുവിനുമൊപ്പം ഏകോദര സഹോദരന്മാരെ കഴിഞ്ഞിരുന്ന കേരള മുസ്ലിമിന് ഓർഗസം ഉണ്ടാവേണ്ട കാര്യമില്ല; പക്ഷെ അതുണ്ടാക്കാൻ കുറച്ചുപേർ ശ്രമിച്ചു. അതിന്റെകൂടി പരിണാമമാണ് ഇപ്പോൾ ക്രിസ്ത്യൻ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക യുഡിഎഫായിരിക്കും.

ചുരുക്കത്തിൽ ഇത്രേയുള്ളൂ: മത നിരപേക്ഷതയാണ് കേരളമെന്ന ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിയ്ക്കും പറ്റിയ ഒരേയൊരു ചിന്തയെന്നു അനുഭവത്തിൽനിന്നും മനസിലാക്കിയ ജനങ്ങളാണ് ഇവിടെയുള്ളത്. അവരെ അതിൽനിന്നു വഴിതെറ്റിക്കാനും വർഗീയവാദികളാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്; കുറേപ്പേരെങ്കിലും അതിൽ വീണുപോകുന്നുണ്ട്; അങ്ങനെ വന്നാൽ അതിന്റെ നഷ്ടത്തിന്റെ അധികവും പേറേണ്ടത് ഇപ്പോഴത്തെ അവസ്ഥയിൽ യുഡിഎഫായിരിക്കും.

മറിച്ച് ആ മതനിരപേക്ഷ മനുഷ്യരെയും അവരുടെ ചിന്തയെയും ബഹുമാനിക്കാനുള്ള ഉത്തരവാദിത്തം അവരിൽ പകുതിപ്പേരുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിനുണ്ട്; ആ സംവിധാനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന കോൺഗ്രസിനുണ്ട്; അതിന്റെ അമരത്തിരിക്കുന്ന പ്രതിപക്ഷ നേതാവിനുണ്ട്. പച്ചയ്ക്കു വർഗീയത പറയുന്ന, മതരാജ്യ സ്‌ഥാപനം സ്വപ്നം കാണുന്ന, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താൻ ശ്രമിക്കുന്ന, കോൺഗ്രസടക്കമുള്ള മതനിരപേക്ഷ പ്രസ്‌ഥാനങ്ങളെ അവസരം കിട്ടിയാൽ ഒതുക്കാൻ തക്കം പാർത്തിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്നുള്ള കെപിസിസി അധ്യക്ഷന്റെ നിലപാടിനു ശ്രീ ചെന്നിത്തല പിന്തുണ നൽകണം.

അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിന് മുൻപുണ്ടായിരുന്ന മതനിരപേക്ഷ സഖ്യം എന്ന നിലപാട് തിരിച്ചുപിടിക്കണം. എങ്കിൽ ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാലും, അധികാരം കിട്ടിയാലും ഇല്ലെങ്കിലും യുഡിഎഫും കോൺഗ്രസും ബാക്കിയുണ്ടാകും. ഇല്ലെങ്കിൽ അതിന്റെ നഷ്ടം കോൺഗ്രസിനും യുഡിഎഫിനും മാത്രമാവില്ല; കേരളത്തിന് മുഴുവനായിരിക്കും; അതിൽ വേദനിക്കുന്നത് രാജ്യത്തിന്റെ മുഴുവൻ മതനിരപേക്ഷ മനസുമായിരിക്കും.

പല അടരുകളിൽ പടർന്നുകിടക്കുന്ന അത്യന്തം സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥയെ അങ്ങനെത്തന്നെ ഉൾക്കൊള്ളുമ്പോഴും അവയ്‌ക്കൊരു പൊതുരൂപം കൊടുക്കാൻ കഴിഞ്ഞു എന്നതാണ് സ്വാതന്ത്ര്യ സമരകാലം മുതൽ കോൺഗ്രസിന്റെ ചരിത്രം. പല രാഷ്ട്രീയ മുന്നേറ്റങ്ങളും പലപ്പോഴും പലതരം സന്ധികൾ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അവയുടെ ആത്മാവിനെ പണയപ്പെടുത്തുന്ന തരം, നിലനിൽപ്പിന്നെത്തന്നെ അപകടപ്പെടുത്തുന്ന തരം, സന്ധികൾക്കു മുതിരുന്നത് ആത്മഹത്യയാണ്, സമൂഹത്തെ കൊലയ്ക്കു കൊടുക്കുകയാണ്. കോൺഗ്രസ് അത് ചെയ്യരുത്.

Latest News