വെന്റിലേറ്റര്‍ കിടക്ക കിട്ടാനില്ലെന്ന് കെ ബാബു; രോഗിയുടെ വിവരങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ട് വീണ ജോര്‍ജ്; ബാബുവിന് മറുപടിയില്ല
തിരുവനന്തപുരം: കേരള സാംക്രമികരോഗ ബില്‍ ചര്‍ച്ചയ്ക്കിടെ വാക്പോരിന് വേദിയായി കേരളനിയമസഭ. ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതിപക്ഷ എംഎല്‍എ കെ ബാബുവും തമ്മിലായിരുന്നു സഭയില്‍ ഏറ്റുമുട്ടിയത്. എറണാകുളം ജില്ലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന കെ ബാബുവിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം. ബില്‍ ചര്‍ച്ചയ്ക്കിടെ എറണാകുളത്ത് ഐസിയു വെന്റിലേറ്റര്‍ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേര് ദിവസവും ഇക്കാര്യം പറഞ്ഞ് വിളിക്കാറുണ്ടെന്നും കെ ബാബു സഭയില്‍ പ്രസ്താവിച്ചു. ജില്ലയില്‍ നിരവധി ആശുപത്രികള്‍ ഉണ്ടെങ്കിലും ഒരു അഡ്മിഷന് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. […]
3 Jun 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കേരള സാംക്രമികരോഗ ബില്‍ ചര്‍ച്ചയ്ക്കിടെ വാക്പോരിന് വേദിയായി കേരളനിയമസഭ. ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതിപക്ഷ എംഎല്‍എ കെ ബാബുവും തമ്മിലായിരുന്നു സഭയില്‍ ഏറ്റുമുട്ടിയത്. എറണാകുളം ജില്ലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന കെ ബാബുവിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം.
ബില്‍ ചര്‍ച്ചയ്ക്കിടെ എറണാകുളത്ത് ഐസിയു വെന്റിലേറ്റര്‍ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേര് ദിവസവും ഇക്കാര്യം പറഞ്ഞ് വിളിക്കാറുണ്ടെന്നും കെ ബാബു സഭയില്‍ പ്രസ്താവിച്ചു. ജില്ലയില്‍ നിരവധി ആശുപത്രികള്‍ ഉണ്ടെങ്കിലും ഒരു അഡ്മിഷന് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണത്തിന് മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഏത് രോഗിക്കാണ് അഡ്മിഷന് വേണ്ടതെന്ന് തൃപ്പൂണിത്തുറ അംഗം സഭയില്‍ പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മറുപടി നല്കാന് കെ ബാബുവിന് കഴിഞ്ഞില്ല. പകരം വിചാരിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് സ്ഥിതിയെന്നായിരുന്നു കെ ബാബു പ്രതികരണം. തുടര്‍ന്ന് രോഗിയുടെ പേര് പറയാന്‍ ആരോഗ്യ മന്ത്രി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കെ ബാബു ചോദ്യത്തോട് പ്രതികരിച്ചില്ല.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജൂണ്‍ 2 ന് അവതരിപ്പിച്ച 2021ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്യൂ കുഴല്നാടന് ആരോപിച്ചു. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ‘The Epidemic Disease Act 1897’ എന്ന നിയമം 2204-2020 മുതല്‍ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയ സാഹചര്യത്തില്‍ മേല്‍ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തില്‍ ഉക്കൊള്ളിക്കാതെയോണ് പുതിയ ബില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വിമര്‍ശനം.
പ്രസ്താവനയുടെ പൂര്‍ണരൂപം
നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തി പിടിക്കുന്നതിനു വേണ്ടി ആയതില്‍ അതിയായ സന്തോഷമുണ്ട്. പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് യഥാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ‘The Epidemic Disease Act 1897’ എന്ന നിയമം 22042020 മുതല്‍ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയ സാഹചര്യത്തില്‍ മേല്‍ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തില്‍ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയമം നിലനില്‍ക്കെ അതേ വിഷയത്തില്‍ വ്യത്യസ്തമായ രീതിയില്‍ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാല്‍ അത് നിലനില്‍ക്കില്ല എന്ന് ഭരണഘടനയുടെ 254 ആം അനുച്ഛേദത്തില്‍ അനുശാസിക്കു ന്നതാണ്.
254ാം അനുച്ഛേദപ്രകാരം നിയമ വിരുദ്ധമാണെന്നിരിക്കെ രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ആദ്യ ബില്ല് തന്നെ ഭരണഘടനാ വിരുദ്ധ മാണെന്ന് ഇന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തില്‍ രണ്ട് നിയമവും രണ്ട് ശിക്ഷയും നിര്ദ്ദേശിക്കപ്പെട്ടാല് ഏത് നിയമപ്രകാരം കേസ് എടുക്കും? ഏത് നിയമത്തിലെ ശിക്ഷ വിധിക്കും? ഇതാണ് പ്രായോഗികമായി ഉണ്ടാകുന്ന പ്രശ്നം എന്നതും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വൈരുദ്ധ്യം ഉണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സ്പീക്കര്‍ ബില്ലിന് അനുമതി നല്‍കുകയാണ് ഉണ്ടായത്.
ആദ്യ ഇടപെടല്‍ നല്ല ഒരനുഭവമായിരുന്നു.