Top

‘വിഷമമുണ്ടാകും, നിങ്ങളുടെ പൊന്നിന്‍കുടത്തിനെയാണല്ലോ തകര്‍ത്തത്’; ബിജെപി ധാരണ ആരോപണത്തിന് സഭയില്‍ കെ ബാബുവിന്റെ മറുപടി

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ താന്‍ കാല്‍നൂറ്റാണ്ട് കാലത്തോളം എംഎല്‍എയായി ഇരുന്നിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള സിപിഐഎമ്മിന്റെ പ്രഗത്ഭരെ താന്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും കെ ബാബു തിരിച്ചടിച്ചു

31 May 2021 10:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വിഷമമുണ്ടാകും, നിങ്ങളുടെ പൊന്നിന്‍കുടത്തിനെയാണല്ലോ തകര്‍ത്തത്’; ബിജെപി ധാരണ ആരോപണത്തിന് സഭയില്‍ കെ ബാബുവിന്റെ മറുപടി
X

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയുണ്ടായെന്ന് സഭയില്‍ ഉയര്‍ന്ന ആരോപണത്തിന് കണക്കുകള്‍ നിരത്തി മറുപടി പറഞ്ഞ് തൃപ്പൂണിത്തുറ എംഎല്‍എയുമായും മുന്‍മന്ത്രിയുമായ കെ ബാബു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ താന്‍ കാല്‍നൂറ്റാണ്ട് കാലത്തോളം എംഎല്‍എയായി ഇരുന്നിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള സിപിഐഎമ്മിന്റെ പ്രഗത്ഭരെ താന്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും കെ ബാബു തിരിച്ചടിച്ചു. സിപിഐമ്മുകാര്‍ക്ക് തങ്ങളുടെ പൊന്നിന്‍കുടം പരാജയപ്പെട്ടതിന്റെ വിഷമമാണെന്നും അതാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കെ ബാബു പറഞ്ഞു.

2006ല്‍ ഞാന്‍ മത്സരിക്കുമ്പോള്‍ ബിജെപിക്ക് കിട്ടിയ 4000 വോട്ടുകളാണ്. 2011ല്‍ അവര്‍ക്ക് 500 വോട്ടുകള്‍ കിട്ടി. 2016ല്‍ അവര്‍ 29000ല്‍പ്പരം വോട്ടുകള്‍ ലഭിച്ചു. ബിഡിജെഎസ് ആ തവണ ശക്തമായി അവരുടെ കൂടെനിന്നതാണ് ആ വര്‍ധനവിന് കാരണം. അവിടെ പ്രധാനമന്ത്രി പ്രചരണത്തിനെത്തിയതും വോട്ടുകള്‍ വര്‍ധിക്കാന്‍ കാരണമായി. തുറവൂര്‍ വിശ്വംഭരന്‍ എന്ന സ്ഥാനാര്‍ഥി വളരെ സ്വീകാര്യനുമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അവിടെ ബിജെപിക്ക് ഇത്തവണ കിട്ടിയത് 25000 വോട്ടുകളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കിട്ടിയത് 25000 വോട്ടുകള്‍ തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ അത്രതന്നെ വോട്ടുകള്‍ നേടി. കണക്കുകള്‍ നിരത്തി കെ ബാബുവിന്റെ വിശദീകരണം ഇങ്ങനെ.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവായി കെ ബാബു എംഎല്‍എയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. സിപിഐഎമ്മിന്റെ കരുത്തനായ നേതാവ് എം സ്വരാജിനെ പരാജയപ്പെടുത്തിയാണ് കെ ബാബു ഇത്തവണ നിയമസഭയിലെത്തിയത്.

Next Story