In Depth

സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി കടന്നുപോകുന്നത് പുത്തുമലയ്ക്ക് കീഴിലൂടെ; ‘ഇനിയും പഠിച്ചിട്ടില്ലേ’ എന്നാണ് ചോദ്യം

ഒട്ടകക്കൂന് പോലെയാണ് വാവുൽ മല. സമുദ്രനിരപ്പില്‍ നിന്നും 7677 അടി ഉയരെ, കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂപ്രദേശമാണിത്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഒന്നാണിവിടം. അല്‍പം മുന്നോട്ട് പോയാല്‍, തൊട്ടടുത്ത വയനാട് ജില്ലയില്‍ ചെമ്പ്ര
കൊടുമുടിയെത്തും. മലമുകളില്‍ തടാകമുള്ള പ്രകൃതിമനോഹരമായ ഇക്കോ ടൂറിസം പ്രദേശം. പ്രദേശത്തുകൂടി വരാനിരിക്കുന്ന 6.8 കിലോമീറ്റര്‍ ഭൂഗര്‍ഭ ടണല്‍ നശിപ്പിച്ചേക്കാവുന്ന നിരവധി പ്രകൃതിലോല പ്രദേശങ്ങളില്‍ രണ്ടെണ്ണമാണ് ഇവ.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്കപാതയായ പദ്ധതി ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്. പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതി പ്രദേശങ്ങളില്‍ വന്‍തോതില്‍ ഖനനമാവശ്യമായിവരുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം നിയോഗിച്ച കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) ഇതിനകം തന്നെ ആരംഭിച്ചും കഴിഞ്ഞു.

പരിസ്ഥിതി സംരക്ഷകൻ പി കെ ഉത്തമന്‍ ചുണ്ടിക്കാട്ടുന്നത് പ്രകാരം പശ്ചിമഘട്ട മേഖലയിലെ നീലഗിരി- വയനാട്- കൂര്‍ഗ് പ്രദേശങ്ങളിലായി നീണ്ടുകിടക്കുന്ന വാവുൽ മലയും പരിസരപ്രദേശങ്ങളും ഇവിടങ്ങളില്‍ മാത്രം കണ്ടുവരുന്ന അനേകം അപൂര്‍വ്വ സസ്യജാലങ്ങളുടെയും ജന്തുവര്‍ഗ്ഗങ്ങളുടെയും അഭയസ്ഥലമാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശവുമാണിത്.

Holidays in Vavul Mala | Tour Packages, Tourist Places, Hotels & Taxi  Services

പദ്ധതി പൂര്‍ത്തിയായാല്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആശങ്കയുള്ള പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും പൗരസംഘങ്ങളില്‍ നിന്നും വലിയതോതിലുള്ള എതിര്‍പ്പാണ് പദ്ധതി നേരിടുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട സാമ്പത്തിക സാധ്യതാ പഠനമോ, പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാതപഠനമോ നടത്താതെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയാരംഭിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

2019 ഓഗസ്റ്റില്‍ വാവുൽമലയ്ക്കും ചെമ്പ്രയ്ക്കുമടുത്തുള്ള പരിസ്ഥിതി ലോല മേഖലയായ പുത്തുമല വന്‍ മണ്ണിടിച്ചിലിനാണ് സാക്ഷ്യം വഹിച്ചത്. പതിനൊന്ന്പേർ മരിക്കുകയും ആറുപേര്‍ ഇതുവരെ കണ്ടെത്താനാകാത്ത വിധം മറയുകയും ചെയ്തു. മണ്ണൊലിപ്പ് മൂലമുണ്ടായ മണ്ണിടിച്ചിലായിരുന്നു ദുരന്തത്തിന് പിന്നിലെ കാരണം. മേഖലയിലെ നിരവധി വീടുകളും കൃഷിഭൂമികളും ദുരന്തത്തില്‍ നശിച്ചു. ഇപ്പോഴത്തെ പദ്ധതി പ്രകാരമുള്ള നിര്‍ദിഷ്ട റോഡ് ടണല്‍ അതേ പുത്തുമലയ്ക്ക് താഴെ ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്.

വയനാട്, കോഴിക്കോട് ജില്ലകളിലെ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചാലിയാര്‍ നദിയുടെ പോഷകനദികളെ പദ്ധതി ബാധിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അവകാശപ്പെടുന്നു. ‘ഈ പര്‍വ്വതങ്ങള്‍ 150 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറരൂപങ്ങളാണ്. തുരങ്ക നിര്‍മ്മാണം മലനിരകളുടെ ഈ നിര്‍മ്മിതിയെ അസ്ഥിരപ്പെടുത്തുമോ എന്നതറിയാന്‍ ആഴത്തിലുള്ള പഠനങ്ങളാവശ്യമാണ്’, കോഴിക്കോട് നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി ശോഭീന്ദ്രന്‍ പറയുന്നു.

Trekzon : Vavul Mala Trek || Vellarimala Trek

ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന സര്‍ക്കാര്‍ വാഗ്ദാനം

പദ്ധതിപ്രകാരമുള്ള രണ്ടുവരി ഭൂഗര്‍ഭപാത തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന താമരശ്ശേരി ചുരം പാതയ്ക്ക് ബദലാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട്- ബെംഗളുരു യാത്രാസമയം ഗണ്യമായി കുറയുമെന്നും, അതേസമയം കോഴിക്കോടിനും വയനാടിനുമിടക്കുള്ള വനങ്ങള്‍ക്ക് കീഴിലൂടെ തുരന്നുണ്ടാക്കുന്ന പാത പശ്ചിമഘട്ട മേഖലയിലെ വനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിച്ചുമാത്രമേ നിര്‍മിക്കൂ എന്നും മുഖ്യമന്ത്രി വിശദീകരിക്കുണ്ട്.

വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷയുടെ അഭിപ്രായപ്രകാരം, മണ്‍സൂണ്‍ സീസണുകളില്‍ സമൃദ്ധമായി മഴലഭിക്കുന്ന വയനാട്ടിലെ അതിതീവ്ര വൃഷ്ട്രിപ്രദേശമായ മേപ്പാടി പ്രദേശത്താണ് തുരങ്ക പാത അവസാനിക്കുന്നത്. പശ്ചിമഘട്ടമേഖലകളിലെ പാരിസ്ഥിതിക നാശത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഗാഡ്ഗില്‍ കമ്മിറ്റിയുടെയും കസ്തൂരിരംഗന്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ പ്രത്യേകം എടുത്തുകാട്ടിയ അതിലോല മേഖലയാണ് മേപ്പാടി. ഏഷ്യന്‍ ആനകളുടെ സവിശേഷ ആവാസമേഖലകൂടിയാണിത്.

മേഖലയിലെ ഇടതൂര്‍ന്ന വനങ്ങള്‍ക്കോ നിബിഡമായ മലനിരകള്‍ക്കോ ഒരു തരത്തിലും ഈ ഭൂഗര്‍ഭ പാത കോട്ടം വരുത്തില്ല എന്ന് അവകാശപ്പെടുകയാണ് സര്‍ക്കാര്‍. എന്നാലങ്ങനെ അവകാശപ്പെടുമ്പോള്‍ തന്നെ ഒരു വിദഗ്ദ പഠനം നടത്താന്‍ വിസമ്മതിക്കുന്നു. ലേ യിലെ അടല്‍ ടണല്‍ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്കകം തന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയ്ക്കുപിന്നില്‍ അവിടുത്തെ ഗ്രാനൈറ്റിലും പാറകളിലും കണ്ണുകളുള്ള ഖനനഭീമന്മാരുടെ സ്വാധീനമുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു

എന്‍ ബാദുഷ

കഴിഞ്ഞ വര്‍ഷങ്ങളില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ തുടര്‍ച്ചയായ പ്രളയങ്ങളില്‍ നിന്ന് സാക്ഷര കേരളം പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നതാണ് ഈ പദ്ധതി വ്യക്തമാക്കുന്നതെന്ന് മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും ഗാഡ്ഗില്‍ കമ്മിറ്റിയിലെ വിദഗ്ദനുമായ വി എസ് വിജയന്‍ പറയുന്നു. തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ ആനഇടനാഴികള്‍ക്ക് വിഘാതമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Vellarimala — The Best Place to Explore Trekking and Hill Climbing | by  seasonzindia | Medium

തുരങ്ക പദ്ധതിയുടെ പ്രായോഗികത

ഈ പദ്ധതി വയനാട് നിവാസികള്‍ക്ക് സഹായകരമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് സംശയത്തിലാണ് ഈ മലയോര ജില്ലയിലെ ഭൂരിഭാഗവും.

‘താമരശ്ശേരി ചുരം റോഡിന്റെ വീതികൂട്ടിയും വടകര-കുറ്റ്യാടി-മാനന്തവാടി റോഡ് വികസിപ്പിക്കുന്നതിലൂടെയും സര്‍ക്കാരിന് ഗതാഗത തടസം പരിഹരിക്കാവുന്നതേയുള്ളൂ. കാലാവസ്ഥാവ്യതിയാനം മൂലം വര്‍ഷാവര്‍ഷമുള്ള ഉരുള്‍പൊട്ടലുകളും പ്രളയങ്ങളും പതിവാണ് വയനാട് ജില്ലയ്ക്ക്‌. വികസനമെന്ന് പറയപ്പെടുന്ന ഇത്തരം പദ്ധതികള്‍ ഈ സാഹചര്യത്തെ കൂടുതല്‍ വഷളാക്കും’, വൈത്തിരിക്കടുത്തുള്ള പൊഴുതന സ്വദേശിയും ജനപ്രിയ ടൂറിസം കേന്ദ്രമായ വയനാട്ടിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സജീവപ്രവര്‍ത്തകനുമായ കെ രവീന്ദ്രന്‍ പറയുന്നു.

2018 ലെ പ്രളയകാലത്ത് വൈത്തിരിയും പരിസര പ്രദേശങ്ങളും വലിയ തോതിലുള്ള മണ്ണിടിച്ചിലിനാണ് സാക്ഷ്യം വഹിച്ചത്. സംഭവത്തില്‍ പ്രദേശത്തെ ബസ് സ്റ്റാന്‍ഡും പൊലീസ് സ്റ്റേഷനുമടക്കം കല്ലും പൊടിയുമായി. ഈ വൈത്തിരിയും നിര്‍ദ്ദിഷ്ട തുരങ്കപാതയുടെ സമീപ പ്രദേശമാണ്.

കല്‍പ്പറ്റയ്ക്കും കോഴിക്കോടിനുമിടയിലെ യാത്ര 31 കി.മീറ്ററിലേക്ക് കുറയ്ക്കുന്ന തുരങ്കപാത വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് കല്‍പ്പറ്റയില്‍ നിന്നുള്ള എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞത്. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന നിലവിലെ റോഡ് ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള 13 കി.മീറ്റര്‍ ചുര പ്രദേശമടങ്ങുന്ന പാതയാണ്. കോഴിക്കോടിനെയും കര്‍ണാടകയിലെ കൊള്ളയ്ഗലിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 212 ന്റെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള പാതയാണ് നിലവിലേത്‌. ചെറിയ മണ്ണിടിച്ചിലുകളും കനത്ത മഴയും ചുരപാതയ്ക്ക്‌ കേടുപാടുകള്‍ വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തുരങ്കപാത നമ്മുടെ യാത്രാക്ലേശങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിക്കടുത്തുള്ള സ്വര്‍ഗ്ഗം കുന്നില്‍ ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടിക്ക് സമീപം കല്ലടിയില്‍ അവസാനിക്കുന്ന ഈ തുരങ്കപാത 2020 മാര്‍ച്ചില്‍ നിര്‍മ്മാണമാരംഭിച്ച് 34 മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

How India's third longest road tunnel project could destabilise a crucial  portion of Western Ghats

പാരിസ്ഥിതിക ആഘാത പഠന നിയമങ്ങളുടെ തിരസ്‌കരണം

കേരള ഹൈക്കോടതിയില്‍ പരിസ്ഥിതി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നത്, യാതൊരു വിധ സാമ്പത്തിക- പാരിസ്ഥിതിക സാധ്യതാപഠനങ്ങളില്ലാതെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്നതെന്നാണ്‌.

കേരള സര്‍ക്കാര്‍ ഈ തുരങ്കത്തെ സംബന്ധിച്ച സാങ്കേതിക സാധ്യതാപഠനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് അവകാശപ്പെടുന്നത്. എന്നിരുന്നാലും, ആ റിപ്പോര്‍ട്ട് പൊതുമണ്ഡലത്തില്‍ ലഭ്യമല്ല. റെയില്‍വേ തുരങ്ക നിര്‍മ്മാണത്തില്‍ മാത്രം വൈദഗ്ദ്യമുള്ള കെആര്‍സിഎല്ലിനെയാണ് സര്‍ക്കാര്‍ പദ്ധതിയേല്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, ഇപ്പോള്‍ ഇതേ കമ്പനിയെയാണ്‌ പദ്ധതിയുടെ ശാസ്ത്രീയ പഠനങ്ങളും സാധ്യതാ പരിശോധനകള്‍ക്കും പുറമെയുള്ള പരിസ്ഥിതി ആഘാത പഠനത്തിനും (ഇഐഎ) നിയോഗിച്ചിരിക്കുന്നത്.

ഹരീഷ് വാസുദേവന്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്ഥാപനത്തെ തന്നെ സാധ്യതാ പഠനത്തിനുംകൂടി നിയോഗിക്കുന്നത് നടപടി ക്രമങ്ങളെ അർത്ഥശൂന്യമാക്കുമെന്നും പാരിസ്ഥിതിക ആഘാത പഠനത്തിന്റെ മുഴുവന്‍ ഉദ്ദേശത്തെയും ഇല്ലായ്‌മ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

നിയമ പ്രകാരം ഏതൊരു വമ്പന്‍ പദ്ധതിയുടെയും പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടത് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജന്‍സിയായിരിക്കണം. എന്നാല്‍ കെആർസിഎൽ ഒരു അംഗീകൃത ഏജൻസിയല്ല.

സാധ്യതാ പഠനത്തിന് കാത്തുനില്‍ക്കാതെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പദ്ധതി ചെലവിനായി 658 കോടി (6.58 ബില്യണ്‍ രൂപ) നല്‍കാന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മോംഗാബെയില്‍ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എ ഷാജി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Latest News