‘കണ്ണില്‍ പൊടിയിടല്‍’; രണ്ടുദിവസം മുന്‍പത്തെ സ്ഥിരപ്പെടുത്തല്‍ അടക്കം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ‘ജുഡീഷ്യല്‍ അന്വേഷണം വേണം’
പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. തലക്കെട്ടുകളുണ്ടാക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം സമരം നടത്തുന്ന ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഇനി ഞങ്ങള്‍ നിയമിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനി അവര്‍ എവിടെയാ നിയമിക്കുന്നത്?മിനിയാന്ന് നടത്തിയ സ്ഥിരപ്പെടുത്തലിനെ സംബന്ധിച്ച് എന്താ സര്‍ക്കാരിന്റെ അഭിപ്രായം. അതില്‍ അന്വേഷണം വേണം പിന്‍വാതില്‍ ബന്ധുനിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. മന്ത്രിസഭാ […]

പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. തലക്കെട്ടുകളുണ്ടാക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം സമരം നടത്തുന്ന ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഇനി ഞങ്ങള്‍ നിയമിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനി അവര്‍ എവിടെയാ നിയമിക്കുന്നത്?മിനിയാന്ന് നടത്തിയ സ്ഥിരപ്പെടുത്തലിനെ സംബന്ധിച്ച് എന്താ സര്‍ക്കാരിന്റെ അഭിപ്രായം. അതില്‍ അന്വേഷണം വേണം പിന്‍വാതില്‍ ബന്ധുനിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. മന്ത്രിസഭാ തീരുമാനം അപഹാസ്യമാണെന്ന് കെ എസ് ശബരീനാഥന് എംഎല്‍എ പറഞ്ഞു.
ഇതുവരെ എല്ലാം ചെയ്തിട്ട് ഇന്ന് അവസാനമിനുട്ടില്‍ ചെയ്യുന്ന സ്ഥിരപ്പെടുത്തലുകള്‍ പിന്‍വലിക്കുകയാണ് എന്ന് പറയുന്നത് അപഹാസ്യമാണ്. ഇതുവരെ ചെയ്തിട്ടുള്ള നിയമവിരുദ്ധമായ സ്ഥിരപ്പെടുത്തലുകളെ സര്‍ക്കാര്‍ പിന്‍വലിക്കുകയാണെങ്കില്‍ അതിനൊരു അന്തസുണ്ട്. അതല്ലെങ്കില്‍ അത് വെറും കണ്ണില്‍ പൊടിയിടുന്ന കാര്യം മാത്രമാണ്.
കെ എസ് ശബരീനാഥ്
ഇന്ന് അജന്‍ഡയില്‍ വന്നത് മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ സര്‍ക്കാര്‍ ചെയ്തത് വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. എത്ര പേരെ സ്ഥിരപ്പെടുത്തി, എത്ര പേരെ ഒഴിവാക്കി എന്നത് കൃത്യമായി പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
പ്രതിഷേധം വ്യപകമാകുന്നതിനിടെയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ പിന്മാറ്റം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പത്തുവര്‍ഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് തീര്‍ത്തും സുതാര്യമായ തീരുമാനമായിരുന്നു. പക്ഷെ പ്രതിപക്ഷം ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഈ സാഹചര്യത്തില്‍ തല്ക്കാലം ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പ്, റെവന്യു വകുപ്പ് തുടങ്ങിയവയില്‍ പുതിയ തസ്തിക സൃഷ്ടിച്ച് അടിയന്തര നിയമനം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പിഎസ്എസി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിലെ പ്രധാനആവശ്യങ്ങളിലൊന്നായിരുന്നു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തല്‍.
ഇതിനിടെ പാതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. പത്ത് ദിവസത്തിനകം ഇക്കാര്യം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായ യൂത്തകോണ്ഗ്രസിന്റെ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
പിഎസ്സി റാങ്ക്ലിസ്റ്റില് ഉദ്യോഗാര്‍ഥികള്‍ കാത്തുനില്ക്കുമ്പോള് സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൊല്ലം സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫൈസല്‍, വിഷ്ണു എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെല്‍ട്രോണില്‍ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തുടര്‍ നടപടികളിലേക്ക് പ്രവേശിച്ചിട്ടില്ല.