Top

20 ലക്ഷം പിഴയടയ്ക്കാതെ ജൂഹി ചൗള; കോടതി ഫീസ് തിരികെ വേണമെന്നാവശ്യം; ഞെട്ടിക്കുന്നതെന്ന് കോടതി

5ജിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടയ്ക്കാതെ ബോളിവുഡ് നടി ജൂഹി ചൗള. പകരം കോടതി വിധിക്കെതിരെ നടി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു. കോടതി ഫീസ് റീഫണ്ട് ചെയ്യുക, ചുമത്തിയ 20 ലക്ഷം രൂപ പിഴ തള്ളുക, വിധിയിലെ ഹര്‍ജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചു എന്നാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുകയാണ് നടിയും ഒപ്പം കോടതി പിഴയിട്ട രണ്ട് സാമൂഹ്യപ്രവര്‍ത്തകരും. എന്നാല്‍ പുതിയ ഹര്‍ജിയും കോടതി തള്ളി. ജൂഹി ചൗളയുടെ നീക്കത്തില്‍ […]

7 July 2021 9:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20 ലക്ഷം പിഴയടയ്ക്കാതെ ജൂഹി ചൗള; കോടതി ഫീസ് തിരികെ വേണമെന്നാവശ്യം; ഞെട്ടിക്കുന്നതെന്ന് കോടതി
X

5ജിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടയ്ക്കാതെ ബോളിവുഡ് നടി ജൂഹി ചൗള. പകരം കോടതി വിധിക്കെതിരെ നടി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു. കോടതി ഫീസ് റീഫണ്ട് ചെയ്യുക, ചുമത്തിയ 20 ലക്ഷം രൂപ പിഴ തള്ളുക, വിധിയിലെ ഹര്‍ജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചു എന്നാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുകയാണ് നടിയും ഒപ്പം കോടതി പിഴയിട്ട രണ്ട് സാമൂഹ്യപ്രവര്‍ത്തകരും.

എന്നാല്‍ പുതിയ ഹര്‍ജിയും കോടതി തള്ളി. ജൂഹി ചൗളയുടെ നീക്കത്തില്‍ വിമര്‍ശനമറിയിച്ച ജഡ്ജി ഇത്‌ ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. 5 ജിക്കെതിരായ ഹര്‍ജിയില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിരുന്നെന്നും എന്നിട്ടും ഇപ്പോള്‍ വിധി മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയുമായി വന്നത് ഞെട്ടിക്കുന്നതാണെന്നുമാണ് ജസ്റ്റിസ് ജെആര്‍ മിഥ അഭിപ്രായപ്പെട്ടത്. ഒരാഴ്ച അല്ലെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ 20 ലക്ഷം പിഴ അടയ്ക്കണമെന്നും അല്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.

രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ജൂഹി ചൗളയുടെ ഹര്‍ജി തള്ളിയ ഡല്‍ഹിഹൈകോടതി 20 ലക്ഷം പിഴയിടുകയുമായിരുന്നു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.

5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

5 ജി സാങ്കേതികവിദ്യ മനുഷ്യരെയും മൃഗങ്ങളെയും നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് വിധേയമാക്കും എന്ന് താരം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
5 ജി സാങ്കേതികവിദ്യ മനുഷ്യരിലും മറ്റ് ജീവികളിലും ഒരു തരത്തിലുള്ള അപകടവും വരുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ രാജ്യത്ത് 5 ജി സാങ്കേതിക വിദ്യ കൊണ്ടുവരാനാകൂ എന്നും ജൂഹി ചൗളയുടെ അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Next Story