Top

ഏത് മുന്നണിയ്‌ക്കൊപ്പം എന്നതില്‍ സമവായമായില്ല; ഗൗരിയമ്മക്കുശേഷവും ജെഎസ്എസ് അഞ്ചായിത്തന്നെ നില്‍ക്കും

ഏകീകരണം നല്ലതാണെങ്കിലും അത് ഉടന്‍ ആലോചിക്കുന്നില്ലെന്ന് ജെഎസ്എസ് നേതാക്കള്‍ പറഞ്ഞു.

13 May 2021 6:48 AM GMT

ഏത് മുന്നണിയ്‌ക്കൊപ്പം എന്നതില്‍ സമവായമായില്ല; ഗൗരിയമ്മക്കുശേഷവും ജെഎസ്എസ് അഞ്ചായിത്തന്നെ നില്‍ക്കും
X

ഒന്നിച്ചു നില്‍ക്കണമെന്ന് എല്ലാ വിഭാഗങ്ങളും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഏത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ജെഎസ്എസ് കെആര്‍ ഗൗരിയമ്മയ്ക്ക് ശേഷവും അഞ്ചായിത്തന്നെ നില്‍ക്കും. ലോക്ഡൗണിന് ശേഷം ആലപ്പുഴയില്‍ അഞ്ച് ഗ്രൂപ്പുകളും ചേര്‍ന്ന് ഗൗരിയമ്മയുടെ അനുസ്മരണ സമ്മേളനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയമായ ഐക്യമാകില്ലെന്നാണ് വിവരം.

ഏകീകരണം നല്ലതാണെങ്കിലും അത് ഉടന്‍ ആലോചിക്കുന്നില്ലെന്ന് ജെഎസ്എസ് നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫിനൊപ്പം ജെഎസ്എസ് നില്‍ക്കണമെന്നായിരുന്നു അവസാന കാലത്ത് ഗൗരിയമ്മയുടെ ആഗ്രഹം. ജെഎസ്എസ് സിപിഐഎമ്മില്‍ ലയിക്കുകയോ എല്‍ഡിഎഫിനൊപ്പം ചേരുകയോ വേണമെന്നാണ് ഗോപന്‍ വിഭാഗത്തിന്റെ നിലപാടെങ്കിലും രാജന്‍ ബാബു, സത്ജിത് വിഭാഗങ്ങള്‍ക്ക് ഇതിനോട് എതിര്‍പ്പുണ്ട്.

ഗൗരിയമ്മയുടെ ചിതാഭസ്മം വര്‍ക്കല പാപനാശത്ത് ഒഴുക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. മെയ് 11നാണ് കേരളത്തിന്റെ വിപ്ലവ നക്ഷത്രം ഗൗരിയമ്മ വിടവാങ്ങിയത്. 1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തു. പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയില്‍ അവരുടെ കഴിവു തെളിയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്) അംഗം ആയിരുന്ന ഇവര്‍ പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

Next Story