’40 ലക്ഷം കൂടി കൈമാറി’; സുരേന്ദ്രന്റെയും ജാനുവിന്റെയും വാദങ്ങള്‍ പൊളിച്ച് പുതിയ വെളിപ്പെടുത്തല്‍
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും സികെ ജാനുവിന്റെയും വാദങ്ങള്‍ പൊളിച്ച് വീണ്ടും വെളിപ്പെടുത്തല്‍. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബിജെപി, സികെ ജാനുവിന് കൈമാറിയെന്ന് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു. ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന് നേരിട്ടാണ് ജാനുവിന് […]
3 Jun 2021 3:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും സികെ ജാനുവിന്റെയും വാദങ്ങള്‍ പൊളിച്ച് വീണ്ടും വെളിപ്പെടുത്തല്‍. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബിജെപി, സികെ ജാനുവിന് കൈമാറിയെന്ന് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു. ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന് നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ബാബു പറഞ്ഞത്: ”പണം കൊടുത്തുയെന്നത് സത്യം തന്നെയാണ്. പണം സികെ ജാനു വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്. തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രന് നേരിട്ടാണ് പണം കൈമാറിയത്. കാശ് വാങ്ങിയിട്ട് ഇപ്പോള്‍ തന്നിട്ടില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. എല്ലാതിനും തെളിവുകളുണ്ട്. സ്വന്തം ആവശ്യത്തിന് പണം ഉപയോഗിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാര്‍ട്ടി. 10 ലക്ഷത്തിന് പുറമെ ബിജെപി 40 ലക്ഷം കൂടി കൈമാറിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചിട്ടാണ് ഈ പണം കൈമാറിയത്. കൈയില്‍ കൃത്യമായ തെളിവുകളില്ല. എങ്കിലും പണം കൈപ്പറ്റിയെന്നാണ് സൂചനകള്‍.”
അതേസമയം, ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം നിഷേധിച്ചാണ് കെ സുരേന്ദ്രന് രംഗത്തെത്തിയത്. പ്രസീത വിളിച്ചിരുന്നുവെന്ന ആരോപണത്തെ പൂര്‍ണ്ണമായി തള്ളാതെയാണ് സുരേന്ദ്രന് വിഷയത്തില്‍ പ്രതികരിച്ചത്. ശബ്ദരേഖ പൂര്‍ണ്ണമല്ലെന്ന് പറയുന്ന സുരേന്ദ്രന് തന്നെ അതിലെ ശബ്ദം തന്റേതല്ലെന്നും ശബ്ദരേഖ വ്യാജമായി നിര്‍മ്മിച്ചതാണെന്നും പറയുന്നു. ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന് പറഞ്ഞത്. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഓഡിയോ പൂര്‍ണ്ണമായി കേട്ടാലെ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പറയുന്ന സുരേന്ദ്രന് എന്താണ് എഡിറ്റ് ചെയ്തതെന്നോ താന്‍ യഥാര്‍ഥത്തില്‍ എന്താണ് സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്നോ വ്യക്തമാക്കിയിട്ടുമില്ല. സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന് ആവര്‍ത്തിക്കുന്നത്. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
സികെ ജാനുവിനെ പോലെ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ആക്രമിക്കരുതെന്നും കെ സുരേന്ദ്രന് പറഞ്ഞു. ‘ഇത്തരത്തിലുള്ള ധാരാളം പ്രചരണങ്ങള്‍ പ്രചരണ സമയത്ത് വരും. സികെ ജാനുവും ഞാനും തമ്മില്‍ ഒരു സംസാരവും നടന്നിട്ടില്ല. ഇനി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണെങ്കില്‍ അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചെലവുകളുണ്ടായിട്ടുണ്ട്. അതിന് വ്യവസ്ഥാപിതമായ സംവിധാനം അനുസരിച്ചേ കാര്യങ്ങള്‍ നടന്നിട്ടുള്ളൂ,’ കെ സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് തിരക്കിനിടയില്‍ നൂറു കണക്കിന് പേര് വിളിക്കുന്നതിനാല്‍ തനിക്ക് ഫോണ്‍കോളുകളെ സംബന്ധിച്ച് യാതൊന്നും ഓര്‍മ്മിയില്ലെന്നാണ് സുരേന്ദ്രന് വ്യക്തമാക്കുന്നത്. സികെ ജാനു എന്നൊരാള്‍ അവരുടെ ആവശ്യത്തിന് വേണ്ടി ഞങ്ങളോടാരൊടും ഒരു പണവും ചോദിച്ചിട്ടില്ല. ഒന്നാമത്തെ കാര്യം 10 കോടി രൂപയാണ് ബിജെപിയുടെ ഒരു ടിക്കറ്റ് ലഭിക്കാന്‍ പത്ത് കോടി ഒരാള്‍ ചോദിക്കുന്നെന്നാണ് പറയുന്നത്. അതും അങ്ങോട്ട് കൊടുക്കാന്‍. പിന്നീട് പത്തു കോടിയില്‍ നിന്ന് ഒറ്റയടിക്ക് അത് 10 ലക്ഷമാവുകയാണ്,’ സുരേന്ദ്രന് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്നും സുരേന്ദ്രന് ആവര്‍ത്തിച്ചു. കേസുമായി യാതൊരു പങ്കുമില്ലാത്തതു കൊണ്ടാണ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നതെന്നും രണ്ട് മാസം അന്വേഷിച്ചിട്ടും പൊലീസ് എന്താണ് ബിജെപി നേതാക്കള്‍ക്കെതിരെ കണ്ടെത്തിയതെന്നും കെ സുരേന്ദ്രന് ചോദിച്ചു. കൊടകരയില്‍ നടന്ന ഒരു പണം കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ആസൂത്രിത കള്ള പ്രചരണം നടക്കുന്നത്. പണം ബിജെപിയുടേതാണ്, തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടു വന്നതാണ്, ബിജെപി നേതാക്കളെ മുഴുവന്‍ വിളിച്ച് ചോദ്യം ചെയ്യുന്നു, എന്നിങ്ങനെ. വലിയൊരു പുകമറ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആ സംഭവം ശ്രദ്ധയില്‍പെട്ട അന്നു തന്നെ പറഞ്ഞിരുന്നു ഈ സംഭവുമായിട്ട് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പണമാണ് ധര്മ്മരാജന് കാറില്‍ കൊണ്ടു പോയതെങ്കില്‍ എന്തിനാണ് കേസു കൊടുക്കുന്നത്.’ സുരേന്ദ്രന് ചോദിച്ചു.
‘തെരഞ്ഞെടുപ്പ് കാലത്ത് 38 കോടിയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. സിപിഐഎമ്മിന്റെ പണമുണ്ട്, ലീഗിന്റെ പണമുണ്ട്, കോണ്‍ഗ്രസിന്റെ പണമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് 100 കോടിയുടെ കള്ളപ്പണം പിടിച്ചു. ഇതിലേറ്റവും കൂടുതല്‍ പിടിച്ചത് തമിഴ്നാട്ടില്‍ നിന്നാണ്. ആ തമിഴ്നാട് ഇന്ന് ഭരിക്കുന്ന ഡിഎംകെ 25 കോടിയാണ് സിപിഐമ്മിന് നല്‍കിയത്. ഇത് വാര്‍ത്തയായതും ഡിഎംകെ സമ്മതിച്ചിട്ടുള്ളതുമാണ്. ആ പണം കള്ളപ്പണമാണയോ വെള്ളപ്പണമായോ വന്നത് എന്ന് പിണറായി വിജയനും വിജയരാഘവനും ആണ് പറയേണ്ടത്.’
‘നിങ്ങള്‍ എല്ലാവരും പറഞ്ഞു. കവര്‍ച്ച നടത്തിയത് ബിജെപി നേതാക്കളാണെന്ന്. ഒരു മനസാക്ഷിയില്ലാതെയാണ് നിങ്ങള്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്തയില്‍ ഏതെങ്കിലും ഒരംശം സത്യമായിരുന്നോ. ബിജെപിയുടെ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു കാരണവുമില്ലാതെ ചോദ്യം ചെയ്യാന്‍ വിളിച്ചു. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യം ചെയ്തത്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ പല നേതാക്കളും വിളിപ്പിച്ചു. ആരും ചോദ്യം ചെയ്യലിനെതിരെ കോടതിയില്‍ പോയില്ല. ചോദ്യം ചെയ്യലിനെത്താന്‍ ഒരു ദിവസം നീട്ടി ചോദിച്ചില്ല. എല്ലാവരും ചോദ്യം ചെയ്യലിന് സഹകരിച്ചു. ഈ കള്ളപ്പണം ബിജെപിക്ക് വേണ്ടി വന്നതല്ല. ആ ഉറപ്പുള്ളത് കൊണ്ടാണ് പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ സമയത്ത് സിപിഐഎം എന്താണ് ചെയ്തത്. നാല് മണിക്കാണ് തലയില്‍ മുണ്ടിട്ട് പലരും പോയത്. മാധ്യമങ്ങള്‍ക്ക് പലരെയും ചോദ്യം ചെയ്തതിനു എത്രയോ ദിവസം കഴിഞ്ഞാണ് വിവരം കിട്ടിയത്,’ കെ സുരേന്ദ്രന് പറഞ്ഞു. രണ്ട് മാസമായി ഈ നാടകം തുടരുകയാണ്. പണം ആരു കൊണ്ടുവന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കവര്‍ച്ചാ കേസിന്റെ വസ്തുതകളിലേക്ക് പോവുന്നതിന് പകരം പൊലീസ് എന്താണ് ചെയ്യുന്നത്. പൊലീസിന് അധികാരമുള്ള കാര്യമാണോ ഇപ്പോള്‍ ചെയ്യുന്നതെന്നും കെ സുരേന്ദ്രന് ചോദിച്ചു.