Top

ബംഗാളില്‍ ഇന്ന് നദ്ദയുടെ രഥയാത്ര; ബംഗാള്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് പ്രഖ്യാപനം; നേരിടാന്‍ ബെക്ക് റാലിയുമായി തൃണമൂല്‍

രഥയാത്രകൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗാളില്‍ നടത്തേണ്ട തുടര്‍പരിപാടികളെക്കുറിച്ചും ബിജെപി കൃത്യമായി പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്നാണ് വിവരം.

5 Feb 2021 9:44 PM GMT

ബംഗാളില്‍ ഇന്ന് നദ്ദയുടെ രഥയാത്ര; ബംഗാള്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് പ്രഖ്യാപനം; നേരിടാന്‍ ബെക്ക് റാലിയുമായി തൃണമൂല്‍
X

ബംഗാളിലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നയിക്കുന്ന രഥയാത്ര ഇന്ന്. ബംഗാള്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള രഥയാത്ര നവാഡ്വിപ്പില്‍ നിന്നാകും ആരംഭിക്കുക. നദ്ദയുടെ രഥയാത്ര പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കുമെന്നും യാത്രയിലൂടെ ബംഗാള്‍ ജനതയുടെ വിശ്വാസം നേടിയെടുക്കാന്‍ ബിജെപിയ്ക്കാകുമെന്ന് വിശ്വസിക്കുന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഗോഷ് പറഞ്ഞു.

ബിജെപി നടത്തുന്ന രഥയാത്രയെ നേരിടാനായി സംസ്ഥാന വ്യാപകമായി ബൈക്ക് റാലി സംഘടിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ജനസമര്‍ഥന്‍ യാത്ര എന്ന് പേരിട്ടിരിക്കുന്ന റാലി ബിജെപിയുടെ രഥയാത്ര ആരംഭിക്കുന്ന അതേ സമയത്ത് തന്നെ ആരംഭിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പദ്ധതി. അതിനാല്‍ ഇന്ന് നടക്കുന്ന പ്രചരണപരിപാടികള്‍ ഇരുപാര്‍ട്ടികള്‍ക്കും അതീവ നിര്‍ണ്ണായകമാകും. ഇരുയാത്രകളും നടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രഥയാത്രകൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗാളില്‍ നടത്തേണ്ട തുടര്‍പരിപാടികളെക്കുറിച്ചും ബിജെപി കൃത്യമായി പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ ആ മാസം 2 പൊതുപരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തുമെന്നാണ് വിവരം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്ര നടത്താന്‍ അനുവാദം നല്‍കരുത് എന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യഹര്‍ജി ഹൈക്കോടിയുടെ പരിഗണനയിലിരിക്കുകയാണ്. നദ്ദയുടെ രഥയാത്രയ്ക്ക് ബംഗാളിലെ നാദിയ ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് രഥയാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ബിജെപി വിശദീകരിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നല്‍കിയത് പൊതുസമ്മേളനങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും രഥയാത്രയ്ക്കിപ്പോഴും അനുമതിയില്ലെന്നുമായിരുന്നു ബംഗാള്‍ പൊലീസിന്റെ വിശദീകരണം.

Next Story