‘ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക്’; ലതികയുടെ തലമുണ്ഡനം അധികാരക്കൊതിയെന്ന് ജോയ് മാത്യു
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ ഉറ്റുനേക്കുന്ന മണ്ഡലമാണ് ധര്‍മ്മടം. മുഖ്യമന്ത്രി പിണറായി വിജയനും, വാളായാര്‍ പീഡനക്കേസിലെ പെണ്‍കുട്ടികളുടെ അമ്മയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജനങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. നിരവധി പേര് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുമെന്ന് വാളയാര്‍ അമ്മയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമ നടന് ജോയ് മാത്യുവും പിന്തുണ അറിയിച്ചിരിക്കുകയാണ്. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമ മുണ്ഡനം ചെയ്ത ലതിക സുഭാഷിനെ ജോയ് മാത്യു വിമര്‍ശിക്കുകയും ചെയ്തു. ശിരോമുണ്ഡനങ്ങള്‍ […]
16 March 2021 11:00 PM GMT
ഫിൽമി റിപ്പോർട്ടർ

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ ഉറ്റുനേക്കുന്ന മണ്ഡലമാണ് ധര്‍മ്മടം. മുഖ്യമന്ത്രി പിണറായി വിജയനും, വാളായാര്‍ പീഡനക്കേസിലെ പെണ്‍കുട്ടികളുടെ അമ്മയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജനങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. നിരവധി പേര് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുമെന്ന് വാളയാര്‍ അമ്മയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമ നടന് ജോയ് മാത്യുവും പിന്തുണ അറിയിച്ചിരിക്കുകയാണ്.
അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമ മുണ്ഡനം ചെയ്ത ലതിക സുഭാഷിനെ ജോയ് മാത്യു വിമര്‍ശിക്കുകയും ചെയ്തു. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നതെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.
യുഡിഎഫ് വാളയാറിലെ അമ്മയ്ക്ക് പിന്തുണ നല്‍കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. മത്സരങ്ങള്‍ വിജയിക്കാന്‍ മാത്രമല്ല പൊരുതാന്‍ കൂടിയുള്ളവയാണ്. ധര്‍മ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കില്‍ വാളയാലിലെ അമ്മയ്ക്ക് തന്നെ വോട്ട് ചെയ്യുമെന്നും ജോയ് മാത്യു വ്യക്തമാക്കി.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘ധര്‍മ്മാധര്‍മ്മങ്ങളുടെ ധര്‍മ്മടം
നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മ്മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധര്‍മ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോള്‍ യു ഡി എഫിന്റെ മൂല്യബോധവും ധാര്‍മ്മികമായ ഉത്തരവാദിത്വവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍, അവ പൊരുതുവാന്‍ ഉള്ളത്കൂടിയാണ്. ധര്‍മ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല.’
അതേസമയം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയാണെങ്കില്‍ സംഘപരിവാര്‍ പിന്തുണ സ്വീകരിക്കില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
‘ മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ല. അതേ നേരില്‍ കണ്ട് ചോദിക്കാനുള്ള അവസരമായി ഞാന്‍ ഇതിനെ കാണുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ട്.’ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.
തനിക്ക് രണ്ട് മക്കളെയാണ് നഷ്ടപ്പെട്ടതെന്നും മൂത്തമകളുടെ കേസ് മാത്രമാണ് സര്‍ക്കാര്‍ സിബിെഎക്ക് വിട്ടതെന്നും അവര്‍ വ്യക്തമാക്കി. അച്ഛനെ കൊണ്ട് കുറ്റമേറ്റെടുപ്പിക്കാന് ശ്രമിക്കുന്നവര്‍ പോലും ഇപ്പോള്‍ സര്‍വ്വീസില്‍ ഇരിക്കുന്നുണ്ടെന്നും അമ്മ കുറ്റപ്പെടുത്തി.
ബുധനാഴ്ച്ചയാണ് ധര്‍മ്മടത്ത് നിന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ജനവിധി തേടുന്നതായി പ്രഖ്യാപിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. ഉചിതമായ തീരുമാനമാണെന്നും പിന്തുണയ്ക്കണമോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചത്. തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അതാണ് മത്സരിക്കാന്‍ കാരണമെന്നുമായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആദ്യപ്രതികരണം.
തിങ്കളാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ധര്‍മ്മടം.