Top

‘ഓരോ അക്രമിയും ബിജെപിയുടെ സുഹൃത്ത്, പൊലീസിന്റെ അകമഴിഞ്ഞ സഹായം’; കര്‍ഷകപ്രതിഷേധത്തെ തകര്‍ക്കാനുള്ള കൂട്ടുകെട്ട് വിവരിക്കുന്ന വീഡിയോയുമായി കാരവാന്‍ റിപ്പോര്‍ട്ടര്‍

പ്രദേശത്ത് 4000 മുതല്‍ 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും അക്രമികളായ ആള്‍ക്കൂട്ടം കര്‍ഷകരുടെ ടെന്റുകള്‍ തകര്‍ത്തപ്പോള്‍ അതിനെതിരെ യാതൊരു നടപടിയുമുണ്ടായില്ലെന്നും പുനിയ ആരോപിക്കുന്നു.

1 Feb 2021 8:05 PM GMT

‘ഓരോ അക്രമിയും ബിജെപിയുടെ സുഹൃത്ത്, പൊലീസിന്റെ അകമഴിഞ്ഞ സഹായം’; കര്‍ഷകപ്രതിഷേധത്തെ തകര്‍ക്കാനുള്ള കൂട്ടുകെട്ട് വിവരിക്കുന്ന വീഡിയോയുമായി കാരവാന്‍ റിപ്പോര്‍ട്ടര്‍
X

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകരെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയ. സംഘര്‍ഷമുണ്ടാക്കിയവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് പൊലീസിന്റെ അകമഴിഞ്ഞ സഹായമുണ്ടെന്നും ചിത്രങ്ങളുടേയും വീഡിയോകളുടേയും സഹായത്തോടെ വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാകുന്നത്. ബിജെപി ഗുണ്ടകള്‍ പൊലീസിന്റെ ഒത്താശയോടെ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതും അശ്ലീലം പറയുന്നതും അവര്‍ക്ക് നേരെ കല്ലെറിയുന്നതും താന്‍ നേരിട്ടുകണ്ടുവെന്നും പുനിയ പറഞ്ഞു. കാരവാന്‍ മാഗസിന്‍ കോണ്‍ട്രിബ്യൂട്ടറായ ഇദ്ദേഹം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഫേസ്ബുക്കിലിട്ട ലൈവ് വീഡിയോയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

പ്രദേശത്ത് 4,000 മുതല്‍ 5,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും അക്രമികളായ ആള്‍ക്കൂട്ടം കര്‍ഷകരുടെ ടെന്റുകള്‍ തകര്‍ത്തപ്പോള്‍ അതിനെതിരെ യാതൊരു നടപടിയുമുണ്ടായില്ലെന്നും പുനിയ ആരോപിക്കുന്നു. കര്‍ഷകരുടെ സാധനസാമഗ്രികള്‍ക്കും കിടക്കകള്‍ക്കും അക്രമികള്‍ തീയിട്ടപ്പോള്‍ പൊലീസ് നോക്കുകുത്തികളെപ്പോലെ നില്‍ക്കുകയായിരുന്നുവെന്നാണ് പുനിയ പറയുന്നത്.
അക്രമം നടത്തുന്ന ഓരോരുത്തരുടേയും ഫോട്ടോ സൂം ചെയ്ത് അടയാളപ്പെടുത്തിക്കൊണ്ട് അവര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുനിയ നടത്തിവന്നിരുന്നു. അക്രമികളെല്ലാവരും സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്നവരാണെന്ന് തെളിവുസഹിതം മന്ദീപ് പുനിയ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

സിംഘു അതിര്‍ത്തിയില്‍ നിലയുറപ്പിച്ച പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പുനിയ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 186, 332, 353 വകുപ്പുകള്‍ ചുമത്തിയാണ് പുനിയയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കാരവാന്‍ മാഗസിന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിംഗ് ബാല്‍ ട്വീറ്റ് ചെയ്തിരുന്നു. പൊലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പല ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് പുനിയ ആരോപിച്ചിരുന്നു.

Next Story