Top

‘ആദ്യ സഹകരണബാങ്ക് കുംഭകോണം കരുവന്നൂരിലേത് അല്ല; പഴയ കൊള്ള നടത്തിയത് ഉന്നതനായ കോണ്‍ഗ്രസ് നേതാവ്’; ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സഹകരണബാങ്ക് കുംഭകോണം ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍ ജി. ശക്തിധരന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ജി. ശക്തിധരന്റെ പരാമര്‍ശങ്ങള്‍. ആ കുംഭകോണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനായ ഡിസിസി പ്രസിഡന്റും നിയമസഭാ സാമാജികനുമായ നേതാവുമായിരുന്നെന്ന് ശക്തിധരന്‍ വെളിപ്പെടുത്തി. കരുവന്നൂരിലേത് സംഘം ചേര്‍ന്ന കൊള്ളയായിരുന്നെങ്കില്‍ പഴയ കൊള്ള നടത്തിയത് കോണ്‍ഗ്രസ് നേതാവ് ഒറ്റയ്ക്കായിരുന്നെന്നും ശക്തിധരന്‍ വ്യക്തമാക്കി. ജി. ശക്തിധരന്‍ പറഞ്ഞത്: ആദ്യ സഹകരണബാങ്ക് കുംഭകോണം സഖാക്കളും മറന്നോ? […]

24 July 2021 10:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആദ്യ സഹകരണബാങ്ക് കുംഭകോണം കരുവന്നൂരിലേത് അല്ല; പഴയ കൊള്ള നടത്തിയത് ഉന്നതനായ കോണ്‍ഗ്രസ് നേതാവ്’; ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍
X

സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സഹകരണബാങ്ക് കുംഭകോണം ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍ ജി. ശക്തിധരന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ജി. ശക്തിധരന്റെ പരാമര്‍ശങ്ങള്‍. ആ കുംഭകോണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനായ ഡിസിസി പ്രസിഡന്റും നിയമസഭാ സാമാജികനുമായ നേതാവുമായിരുന്നെന്ന് ശക്തിധരന്‍ വെളിപ്പെടുത്തി. കരുവന്നൂരിലേത് സംഘം ചേര്‍ന്ന കൊള്ളയായിരുന്നെങ്കില്‍ പഴയ കൊള്ള നടത്തിയത് കോണ്‍ഗ്രസ് നേതാവ് ഒറ്റയ്ക്കായിരുന്നെന്നും ശക്തിധരന്‍ വ്യക്തമാക്കി.

ജി. ശക്തിധരന്‍ പറഞ്ഞത്: ആദ്യ സഹകരണബാങ്ക് കുംഭകോണം സഖാക്കളും മറന്നോ? (FBയിലെ വാസം ഒഴിവാക്കണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ഒരു സത്യത്തിനു മുകളില്‍ കാര്‍മേഘം കട്ടപിടിച്ച്മറഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ ഒന്നിടപെടണമെന്ന് തോന്നി. ഇതുകൂടി വേണമെങ്കില്‍ വായിക്കാം.)

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ കുംഭകോണം കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറുപടിയില്ലാതെ സ്തബ്ധരായിരിക്കുകയാണ് ഭരണപക്ഷം. ഇതാണ് ഇന്നത്തെ ഭരണപക്ഷത്തിന്റെ പരമ ദയനീയാവസ്ഥ. അരണബുദ്ധിക്കാരാണ് അവര്‍ ഇന്ന്. അവര്‍ക്ക് ചരിത്രം അറിയില്ല. കോടികള്‍ മുടക്കി അവര്‍ നടത്തുന്ന മാധ്യമങ്ങളിലെ തലപ്പത്തു ഇരിക്കുന്നവര്‍ക്കും ചരിത്രം അറിയില്ല. അന്നന്ന് വെട്ടുന്ന വാളിന് എണ്ണയിട്ട് വാഴുന്ന ഉദരംഭരികകള്‍.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മികച്ച വാര്‍ത്താ റിപ്പോര്‍ട്ടിന് 1981ല്‍ പുതുതായി അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആ ബഹുമതി ദേശാഭിമാനിക്ക് നല്‍കാത്തതില്‍ ശക്തിയായി വിമര്‍ശിച്ചു കലാകൗമുദി എഴുതിയിരുന്നു. കലാകൗമുദി എന്തുകൊണ്ടാണ്, ഏതു റിപ്പോര്‍ട്ടിനാണ് അത്തരത്തില്‍ ആദ്യ അവാര്‍ഡ് കൊടുക്കേണ്ടിയിരുന്നതെന്ന് പറഞ്ഞുകേട്ടെങ്കിലും അറിവുള്ള ഒരു പത്രപ്രവര്‍ത്തകന്‍ ദേശാഭിമാനിയില്‍ ഇന്നുണ്ടായിരുന്നെങ്കില്‍, വഴിയില്‍ കെട്ടിയ ചെണ്ടപോലെ നിന്ന് ഈ ഭരണപക്ഷം ഇങ്ങനെ അതിന്മേല്‍ കൊട്ടില്ലായിരുന്നു. ‘കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ സംഭവമാണെന്ന്’ പ്രതിപക്ഷ നേതാക്കള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് സംഭവത്തെ ഉയര്‍ത്തിപ്പിടിക്കില്ലായിരുന്നു.

കോണ്‍ഗ്രസ്സിന്റെ സമുന്നതനായ ഡി സി സി പ്രസിഡന്റും ഒരു ജില്ലാസഹകരണ ബാങ്ക് തലവനും നിയമസഭാ സാമാജികനുമായ നേതാവാണ് ഈ ബഹുമതിക്ക് അര്‍ഹന്‍ എന്ന് പറയാനുള്ള പൊതുവിജ്ഞാനം പോലും ഇവര്‍ക്ക് കമ്മി. അന്ന് ചെയ്തതു ഇതിലും വലിയ തട്ടിപ്പായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇപ്പോഴത്തേത് സംഘം ചേര്‍ന്ന കൊള്ളയായിരുന്നെങ്കില്‍ പഴയ കൊള്ള നടത്തിയത് ഈ ഉന്നത നേതാവ് ഒറ്റയ്ക്കായിരുന്നു. ബാങ്കില്‍ അംഗത്വം നേടിയ നൂറു കണക്കിന് സഹകാരികളുടെ വ്യാജ വായ്പ്പാ അപേക്ഷകള്‍ സമാഹരിച്ചു അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ദശ ലക്ഷങ്ങള്‍ അവരുടെ പേരില്‍ വായ്പ്പയായി ജില്ലാ ബാങ്ക് പ്രസിഡന്റ് തന്നെ അപഹരിച്ച കേരളചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. ലക്ഷങ്ങള്‍ തിരിച്ചടയ്ക്കാന്‍ നോട്ടീസ് ലഭിച്ചപ്പോഴാണ് പല അംഗങ്ങളും അവര്‍ വായ്പ്പ എടുത്തകാര്യം തന്നെ അറിയുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം തിരിമറി നടത്തി ലക്ഷ്വറി ഹോട്ടലുകളും മറ്റുമാണ് വാങ്ങിയതെങ്കില്‍ അന്ന് ഈ പണം ഉപയോഗിച്ച് നേതാവിന്റെ ജില്ലയിലെ തന്നെ പ്രമുഖ പട്ടണത്തില്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസിനു ചേര്‍ന്ന് കിടന്ന കോടികള്‍ വിലമതിക്കുന്ന 45 സെന്റ് സ്ഥലം രണ്ട് പ്രമാണമാക്കി നേതാവ് സ്വന്തം പേരില്‍ വാങ്ങുകയാണ് ചെയ്തത്. ഇതിന്റെ പ്രമാണങ്ങളും സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ദേശാഭിമാനി കൈക്കലാക്കിയിരുന്നു. വായ്പകള്‍ കൂട്ടത്തോടെ അനുവദിച്ചതും വസ്തുവിന്റെ പ്രമാണം നടത്തിയ ദിവസവും ഒത്തുനോക്കിയാല്‍ തന്നെ നിരപരാധികളായ സഹകാരികളുടെ പേരില്‍ നടന്ന തട്ടിപ്പ് മനസിലാകുമായിരുന്നു. ആ നേതാവിനെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള ഒരാളും അന്ന് ആ ജില്ലയില്‍ ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥയില്‍ ഈ ജില്ലയെ കിടുകിടാ വിറപ്പിച്ച നേതാവിന്റെ വീരസാഹസിക കഥകള്‍ മാധ്യമങ്ങള്‍ക്കു പോലും കടങ്കഥകളായിരുന്നു. അതിന്റെ അപ്രമാദിത്വത്തിലാണ് ഇത്ര ധൈര്യം കാട്ടിയത്. കേരളത്തില്‍ മുപ്പതുവര്‍ഷം മുമ്പ് നടന്ന ഈ തട്ടിപ്പു അന്ന് ശൈശവദശയിലായിരുന്നു എന്നും ഓര്‍ക്കണം. എന്നിട്ടും ഈ കോടികള്‍ അനായാസം അമുക്കി.

കോണ്‍ഗ്രസ്സ് രണ്ടായി പിളര്‍ന്ന് എ കെ ആന്റണി വിഭാഗം ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട കാലമായിരുന്നു അത്. ഇടതുപക്ഷവും ആന്റണി വിഭാഗവും ഒന്നിച്ചു ഒരേ മന്ത്രിസഭയില്‍ അധികാരം പങ്കിടുന്നകാലം. ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ എട്ടുകോളത്തില്‍ ഈ വാര്‍ത്ത കൊടുക്കുമ്പോള്‍ ആ പത്രത്തിന്റെ പരിമിതിയെക്കുറിച്ചു ഞങ്ങള്‍ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിലും കേരള കൗമുദിയിലും കൂടി ഈ വാര്‍ത്ത വരുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വീക്ഷണം എഡിറ്റര്‍ പ്രമുഖ സാഹിത്യകാരനായ സി രാധാകൃഷ്ണന്‍ ആയിരുന്നു. അദ്ദേഹം എറണാകുളത്തു കലൂരില്‍ ദേശാഭിമാനിക്ക് എതിരെ പോണോത്ത് റോഡില്‍ ആയിരുന്നു നവവധുവിനോടൊപ്പം താമസം. എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും അദ്ദേഹത്തെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പിജിയും ഒപ്പം വരാമെന്ന് പറഞ്ഞു.

ഈ തട്ടിപ്പിന്റെ ചുരുള്‍ ഞങ്ങള്‍ അഴിച്ചപ്പോള്‍ അദ്ദേഹം ആവേശഭരിതനായി. പക്ഷെ ഒരു ഉപാധിവെച്ചു. ഏ കെ ആന്റണിയുടെ അനുമതി നേടണം. ഞാന്‍ അതേറ്റു. ഉടനെ മാസ് ഹോട്ടലില്‍ പോയി ശ്രീ ആന്റണിയുമായി സംസാരിച്ചു. ഒരു മറയുമില്ലാതെ ആന്റണി തുറന്നു പറഞ്ഞു: ‘ നാളെ ഞങ്ങള്‍ക്കൊപ്പം വരേണ്ട ആളാണ്.അത് കൊണ്ട് ബുദ്ധിമുട്ടാണ് ‘ അവിടെ അവസാനിപ്പിച്ചു ആ ദൗത്യം. പക്ഷെ ദേശാഭിമാനി അടുത്ത ദിവസം ഈ വാര്‍ത്തയുമായി ഇറങ്ങിയപ്പോള്‍ മാധ്യമലോകം ഞെട്ടിപ്പോയി. ആയിരക്കണക്കിന് കോപ്പികള്‍ കൂടുതലായി അച്ചടിച്ച് ജില്ലയുടെ മുക്കിലും മൂലയിലും എത്തിച്ചു ചൂടപ്പം പോലെ വിറ്റു സംസ്ഥാന സഹകരണ ബാങ്ക് രജിസ്ട്രാര്‍ പാഞ്ഞെത്തി അന്വേഷണം നടത്തി ജില്ലാ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു. നേതാവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പില്‍ക്കാലത്തു ഒരിക്കല്‍ പോലും ഈ നേതാവിന് ഈ ബാങ്കിന്റെ ഭരണനേതൃത്വത്തില്‍ എത്താനായുമില്ല. ഈ കൊള്ള പുറത്തു കൊണ്ടുവരുന്നതില്‍ സ്വന്തം ഉദ്യോഗം പോലും ബലികൊടുക്കാന്‍ തയ്യാറായി ഒപ്പം നിന്ന പലരും ഇപ്പോഴും കേരളത്തില്‍ പലഭാഗത്തായി ജീവിച്ചിരിപ്പുണ്ട്. ശരിക്കും പലരാത്രികളിലും മരണത്തെ മുഖാമുഖം കണ്ട അന്വേഷണമായിരുന്നു അന്ന് നടത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലിയില്‍ കൃഷ്ണമേനോന്‍ മാര്‍ഗിലെ ശ്രീ കെ കരുണാകരന്റെ വസതിയില്‍ എന്നെ യാദൃശ്ചികമായി ഈ നേതാവ് കണ്ടപ്പോള്‍ അദ്ദേഹം സ്തബ്ധനായി നോക്കി നിന്നു.. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ശ്രീ കരുണാകരനോട് അദ്ദേഹം സങ്കടത്തോടെ എന്നെ പരിചയപ്പെടുത്തിയത് ഇപ്രകാരമായിരുന്നു: ‘എന്നെ ഈ നിലയില്‍ നിലം പരിശാക്കിയ ആളാണ് ലീഡര്‍:’ ഉരുളക്കുപ്പേരി പോലെയായിരുന്നു ശ്രീ കരുണാകരന്റെ മറുപടി ‘ എങ്കില്‍ കണക്കായിപ്പോയി’ ഞാന്‍ ഒന്നും പ്രതികരിച്ചില്ല. ശ്രീ കെ കരുണാകരന്‍ അറിയാം തെറ്റിനൊപ്പം നില്‍ക്കുന്ന പത്രപ്രവര്‍ത്തകന്‍ അല്ല മുന്‍പില്‍ നില്‍ക്കുന്നത് എന്ന്.

Next Story