ബിജെപി നേതാവിന്റെ കൊവിഡ് മരണത്തില്‍ ‘ചാണകവും ഗോമൂത്രവും ഫലം കണ്ടില്ലെ’ന്ന അനുശോചനം ; മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റും അറസ്റ്റില്‍
സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടത്തി, തെറ്റിദ്ധാരണയുണ്ടാക്കുക, കലാപത്തിന് പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രസ്താവന നടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

മണിപ്പൂര്‍: കൊവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന് അനുശോചനമറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളില്‍ മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റും അറസ്റ്റില്‍. മാധ്യമ പ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്ഖെവും രാഷ്ട്രീയ പ്രവര്‍ത്തകനായ എറെന്‍ഡ്രോ ലിച്ചോമ്പവുമാണ് അറസ്റ്റിലായത്.
കൊവിഡ് ബാധിതനായിരുന്ന ബിജെപി നേതാവ് പ്രൊഫ. സൈഖോം ടിക്കേന്ദ്ര സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഇരുവരും ഫേസ്ബുക്കില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പിലെ പരാമര്‍ശങ്ങളില്‍ ബിജെപി വൈസ് പ്രസിഡന്റ് ഉഷാം ദെബാന്‍, ജനറല്‍ സെക്രട്ടറി പി പ്രേമാനന്ദ മീറ്റെയ് എന്നിവര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
കൊവിഡ് ബാധിതനായിരുന്ന ത്രികേന്ദ്ര സിംഗ് മണിപ്പൂരിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്.
മരണത്തില്‍ അനുശോചനമറിയിച്ച് മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ‘ ചാണകവും ഗോമൂത്രവും ഫലിച്ചില്ല എന്ന് എഴുതി.
രാഷ്ട്രീയ പ്രവര്‍ത്തകനായ എറെന്ഡ്രോയും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ‘ചാണകവും ഗോമൂത്രവും അല്ല കൊറോണയുടെ മരുന്ന്, ശാസ്ത്രവും സാമാന്യ ബോധവുമാണ്’ എന്ന് കുറിച്ചു.
പോസ്റ്റുകള്‍ക്ക് പിന്നാലെ ഇരുവരെയും മെയ് 13 രാത്രി പൊലീസ് അറസ്റ്റുചെയ്തു. സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടത്തി, തെറ്റിദ്ധാരണയുണ്ടാക്കുക, കലാപത്തിന് പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രസ്താവന നടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. മെയ് 17 വരെയാണ് കസ്റ്റഡി കാലാവധി.
ഇരുവര്‍ക്കെതിരെ മുന്‍പും ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കിഷോര്‍ചന്ദ്ര വാങ്ഖെം അറസ്റ്റിലാവുകയും ജയില്‍ മോചിതനാകുകയും ചെയ്തപ്പോള്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു 2018-ല്‍ എറെന്‍ഡ്രോ ലിച്ചോമ്പത്തിനെതിരെ രാജ്യദ്രോഹം ചുമത്തിയത്.