Top

‘സൂഫി സന്ന്യാസിയെ കൊള്ളക്കാരനെന്ന് വിളിച്ചു’; നാക്കുപിഴയെന്ന് വാര്‍ത്താ അവതാരകന്‍; എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

സൂഫി സന്യാസി ഖ്വാജ മൊയ്‌നുദിന്‍ ചിസ്റ്റിയക്കെതിരായ അപവാദപരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന ന്യൂസ് 18 അവതാരകന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ന്യൂസ് 18 അവതാരകനായ അമിഷ് ദേവ്ഗണിന്റെ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്.

7 Dec 2020 8:17 AM GMT

‘സൂഫി സന്ന്യാസിയെ കൊള്ളക്കാരനെന്ന് വിളിച്ചു’; നാക്കുപിഴയെന്ന് വാര്‍ത്താ അവതാരകന്‍; എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
X

സൂഫി സന്യാസി ഖ്വാജ മൊയ്‌നുദിന്‍ ചിസ്റ്റിയക്കെതിരായ അപവാദപരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന മാധ്യമപ്രവര്‍ത്തകന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ന്യൂസ് 18 അവതാരകനായ അമിഷ് ദേവ്ഗണിന്റെ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. ജൂണ്‍ 15 ന് ഒരു ചര്‍ച്ചയ്ക്കിടെ അവതാരകന്‍ നടത്തിയ പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കെര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് തള്ളിയത്.

അതേസമയം,അന്വേഷണത്തിന് സഹകരിക്കുന്ന പക്ഷം അവതാരകനെതിരെ എന്തെങ്കിലും വിധത്തിലുള്ള ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ പൊലീസ് സുരക്ഷ നല്‍കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, അമിഷ് ദേവ്ഗണിനെതിരെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ രാജസ്റ്റാനിലെ അജ്മീറിലേക്ക് മാറ്റുന്നതിനും കോടതി ഉത്തരവിട്ടു.

ന്യൂസ് 18 ചാനലില്‍ ജൂണ്‍ 15ന് അമിഷ് ദേവ്ഗണ്‍ നയിച്ച ‘ആര്‍ പാര്‍’ എന്ന ചര്‍ച്ചക്കിടയിലായിരുന്നു വിവാദപരാമര്‍ശമുണ്ടായത്. ആരാധനയ്ക്കുള്ള സ്ഥലങ്ങള്‍ പ്രത്യേക വ്യവസ്ഥകള്‍ സംബന്ധിച്ച നിയമത്തില്‍ ചര്‍ച്ച നടത്തിവരികയായിരുന്ന അമിഷ് മറ്റൊരു പാനലിസ്റ്റ് ചിസ്റ്റിയെ ഉദ്ധരിച്ചതിനുപിന്നാലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ പേരിന് പകരം ചിസ്റ്റിയെ കൊള്ളക്കാരനായി പരാമര്‍ശിച്ചു.

പിന്നാലെ താന്‍ മുസ്ലിം ഭരണാധികാരിയായ അലാവുദീന്‍ ഖില്‍ജിയെക്കുറിച്ചാണ് പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ചതെന്നും അത് മനപൂര്‍വ്വമല്ലാതെ ചിസ്റ്റിയുടെ പേരായി പോയതാണെന്നും അമിഷ് ട്വിറ്ററില്‍ മാപ്പുപറഞ്ഞ് വീഡിയോ ഇട്ടിരുന്നു.

അമിഷിന്റെ പരാമര്‍ശം ഒരു നാക്കുപിഴയാണെന്നും മനപൂര്‍വ്വമല്ലാതെ പറ്റിയ തെറ്റാണെന്നും അതിനാല്‍ എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നുമാണ് അഭിഭാഷകന്‍ മൃണാള്‍ വഴി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസുകളിലും തന്റെ പരാമര്‍ശം പൊതുസമാധാനത്തെ തകര്‍ക്കുന്നതാണെന്ന പരാമര്‍ശമില്ലെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.

അമിഷിനെതിരായ പരാതികളും അതില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്‌ഐആറുകളും അടിസ്ഥാന രഹിതമാണെന്നും, അവതാരകന്റെ കുടുംബവും സഹപ്രവര്‍ത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കപ്പെടുകയും സാമൂഹികവിരുദ്ധരില്‍ നിന്ന് വധഭീഷണി നേരിടുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍ പൊലീസിന്റെ അവകാശമാണ് അന്വേഷണം നടത്തുക എന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കാരുതെന്നും കേസില്‍ രാജസ്ഥാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീഷ് സിഗ്വി ചൂണ്ടിക്കാട്ടി.

അതേസമയം താല്‍ക്കാലിക ആശ്വാസമായി അവതാരകനെതിരായ സംപ്രേഷണം സംബന്ധിച്ച കേസുകള്‍ കോടതി സ്‌റ്റേ ചെയ്തു. തന്റെ ജീവനേയും സ്വാതന്ത്രത്തേയും ബാധിക്കുന്ന വിഷയമാണ് അപേക്ഷയെന്ന് അവതാരകന്‍ കോടതിയോട് പറഞ്ഞു.

Next Story