
കാരവാന് റിപ്പോര്‍ട്ടര്‍ക്ക് നേരെ ദില്ലിയിൽ വീണ്ടും പൊലീസ് അതിക്രമം. ദില്ലിയിലെ വടക്കൻ മേഖലയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആണ് റിപ്പോർട്ടർക്ക് പൊലീസ് മർദ്ദനം ഏറ്റത്. അഹാന് ജോഷ്വാ പെങ്കറിനാണ് എസിപി അജയ് കുമാറിൽ നിന്നും മർദ്ദനമേറ്റത്.
ദില്ലിയിൽ കാരവന് ടീമിനെതിരെ മൂന്ന് മാസത്തിനിടെ നടക്കുന്ന നാലാമത്തെ സംഭവമാണ് ഇതെന്ന് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വടക്കന്‍ ദില്ലിയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു ഈ സംഭവം. റിപ്പോർട്ടറെ അന്യായമായി തടഞ്ഞു വെക്കുകയും പിന്നീട് മോഡല്‍ ടൗണ്‍ സ്റ്റേഷനില്‍ വച്ച് എസിപി അജയ് കുമാര്‍ മര്‍ദ്ദിക്കുകയും ആയിരുന്നു എന്ന് അഹാന് ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
വടക്കന്‍ ദില്ലിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധം. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ആയിരുന്നു മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചത്.
മൂക്കിലും കഴുത്തിലും പുറകിലും തനിക്ക് പരിക്കേറ്റതായി അഹാന് പെങ്കർ പറഞ്ഞു . അഹാൻ പെങ്കറെ കൂടാതെ മറ്റു രണ്ട് വ്യക്തികളും എസിപിക്കെതിരെ സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളോടൊന്നും തന്നെ എസിപി പ്രതികരിച്ചിട്ടില്ല.