
എല്‍ഡിഎഫ് മുന്നണി പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി. ജോസ് കെ മാണി മുന്നണിയിലെത്തുന്നതിനോട് കാനം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനം-ജോസ് കെ മാണി കൂടിക്കാഴ്ച.
കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ജോസ് കെ മാണി പുറത്തുവിട്ടിട്ടില്ല. ‘പാര്‍ട്ടി എല്ഡിഎഫിനോട്് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് ശേഷം മുന്നണിയുടെ മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചു. ബാക്കി കാര്യങ്ങള്‍ മുന്നണിയുമായി ആലോചിച്ച് മുന്നോട്ടുപോകും’, ജോസ് കെ മാണി പറഞ്ഞു.
മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ യുഡിഎഫ് മുന്നണുയുടെ കൂടെ നിന്ന സമയത്ത് സിപിഐക്ക് വിയോജിപ്പുകളുണ്ടായിരുന്നിരിക്കാം. അതൊക്കെ അടഞ്ഞ അധ്യായമാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒരു രാഷ്ട്രീയ നിലപാട് അറിയിക്കുടകയും എല്‍ഡിഎഫ് മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. സിപിഐഎമ്മിലെ ചില നേതാക്കളെ കണ്ടു. ഇനി ചിലരെ കാണാനുമുണ്ട്’, ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.