Top

ജൂനിയര്‍ മാന്‍ഡ്രേക്ക് പരാമര്‍ശം: അതേ നാണയത്തില്‍ മറുപടി പറയാന്‍ കേരളാ കോണ്‍ഗ്രസ് സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ജോസ് കെ മാണി

എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

16 Feb 2021 2:20 AM GMT

ജൂനിയര്‍ മാന്‍ഡ്രേക്ക് പരാമര്‍ശം: അതേ നാണയത്തില്‍ മറുപടി പറയാന്‍ കേരളാ കോണ്‍ഗ്രസ് സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ജോസ് കെ മാണി
X

പാലായില്‍ തനിക്കെതിരെ ആര് മത്സരിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി. എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. മാണി സി കാപ്പന്റെ ജൂനിയര്‍ മാന്‍ഡ്രേക്ക് പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ കാപ്പന്റെ അതേ നാണയത്തില്‍ പ്രതികരിക്കില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. കാപ്പന്റെ ആരോപണത്തിന് മറുപടി നല്‍കാന്‍ പാലായുടെ സംസ്‌കാരമോ കേരള കോണ്‍ഗ്രസിന്റെ സംസ്‌കാരമോ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞത്:

പാലായെ പാലാ ആക്കിമാറ്റിയത് കെഎം മാണിയാണ്. പാലായില്‍ ആരുവന്നാലും നേരിടാന്‍ ഞാന്‍ തയ്യാറാണ്. എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച നടന്നിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായത്. ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിവന്ന ബൃഹത്തായ പദ്ധതികളുടെ ഒരു ഭാഗം പാലായില്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ പഴി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സത്യമെന്താണ് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം ഒരു വ്യക്തിയുടെ തീരുമാനം മാത്രമാണ്. അതില്‍ കൂടുതലൊന്നും പറയാനില്ല.

ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയിലെ മാന്‍ഡ്രേക്ക് പ്രതിമ പോലെയാണ് ജോസ് കെ മാണി എന്ന് കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ പരിഹസിച്ചിരുന്നു. സന്തോഷത്തോടെ മാണി സി കാപ്പനെ സ്വീകരിച്ചതോടെ എല്‍ഡിഎഫിന്റെ കഷ്ടകാലം തുടങ്ങിയെന്നായിരുന്നു യുഡിഎഫ് പ്രവേശനവേളയില്‍ കാപ്പന്റെ പരിഹാസം.

Next Story