‘മാണി സി കാപ്പന് പാലായില്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം’; കാപ്പന് പരാതിയെങ്കില്‍ എല്‍ഡിഎഫ് പരിശോധിക്കുമെന്ന് ജോസ് കെ മാണി
കോട്ടയം: ഇടതു മുന്നണി ഒറ്റക്കെട്ടായാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ അത് ഇടത് മുന്നണി പരിശോധിക്കും. പാലായില്‍ അടക്കം പ്രചാരണ വേദികളില്‍ മാണി സി കാപ്പന് സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പാല മുന്‍സിപാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് എന്‍സിപിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതിയുമായി പാലാ എംഎല്‍എ മാണി സി കാപ്പന് […]

കോട്ടയം: ഇടതു മുന്നണി ഒറ്റക്കെട്ടായാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ അത് ഇടത് മുന്നണി പരിശോധിക്കും. പാലായില്‍ അടക്കം പ്രചാരണ വേദികളില്‍ മാണി സി കാപ്പന് സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാല മുന്‍സിപാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് എന്‍സിപിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതിയുമായി പാലാ എംഎല്‍എ മാണി സി കാപ്പന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം.
തങ്ങളെ തഴഞ്ഞതില്‍ എല്‍ഡിഎഫിനെതിരെ പാര്‍ട്ടിയ്ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു മാണി സി കാപ്പന് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്. തെരഞ്ഞെടുപ്പായതിനാല്‍ പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് നീതിപുലര്‍ത്താത്ത സാഹചര്യത്തില്‍ മുന്നണിയെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ പാലായില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് ഞങ്ങളോട് കാണിച്ച അവഹേളനത്തോട് ശക്തമായ പ്രതിഷേധമുണ്ട്. 9 പഞ്ചായത്തിലും ഒരു മുന്‍സിപ്പാലിറ്റിയിലും ഞാന്‍ ലീഡ് ചെയ്തതാണ്. അവിടെ ആകെ രണ്ട് സീറ്റ് മാത്രമാണ് എല്‍ഡിഎഫ് തന്നത്. പാലായില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം കഴിഞ്ഞവര്‍ഷം 400ലധികം സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയ്ക്ക് ഇത്തവണ 165 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കും. മാണി സി കാപ്പന് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ, മാണി സി കാപ്പന് യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് അറിയിച്ചു.
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമാകുന്നതില്‍ ആദ്യം മുതല്‍ക്കെ എതിര്‍പ്പുയര്‍ത്തിയ പാര്‍ട്ടിയാണ് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപി. കാത്തിരുന്ന് പിടിച്ചെടുത്ത പാലാ അങ്ങനങ്ങ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു കാപ്പനും എന്‍സിപിയും അങ്ങനൊരു നിലപാടെടുത്തത്. എന്നാല്‍ പിന്നീട് മുന്നണി ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ എന്‍സിപി അടങ്ങി. എല്‍ഡിഎഫില്‍നിന്നും പടിയിറങ്ങാതെ പിടിച്ചുനില്‍ക്കുകയും ചെയ്തു.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയതോടെ തങ്ങള്‍ തഴയപ്പെട്ടോ എന്ന ചിന്ത എന്‍സിപി നേതൃത്വത്തിനുള്ളില്‍ ബലപ്പെട്ടിരുന്നു. അതിന് കാരണവുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മാത്രം 28 സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചിരുന്നത്. അതും ഇടതിന്റെ അവിഭാജ്യ ഘടകമായി നിന്ന്. എന്നാല്‍ ഇത്തവണ ഏഴ് സീറ്റ് മാത്രമാണ് എല്‍ഡിഎഫ് എന്‍സിപിക്ക് നല്‍കിയത്. ആകെ വന്ന മാറ്റം ജോസ് കെ മാണി മുന്നണിയിലെത്തി എന്നുമാത്രമാണ്.
പാലാ മുന്‍സിപാലിറ്റി, വെള്ളൂര്‍, തലയോലപ്പറമ്പ്, കാണക്കാരി, കാഞ്ഞിരപ്പള്ളി, രാമപുരം, വാകത്താനം എന്നി പഞ്ചായത്തുകളിലൊതുങ്ങി ഇക്കുറി എന്‍സിപിയുടെ മത്സരം.
എന്‍സിപി പല വാര്‍ഡുകളും വിട്ടു നല്കാന് തയ്യാറായെങ്കിലും ജോസ് കെ മാണി ഗ്രൂപ്പ് വിട്ടുകൊടുക്കലുകള്‍ കണിശപ്പെടുത്തി. പലയിടങ്ങളിലും ഇത് അസ്വാരസ്യങ്ങളിലേക്കും ഇടര്‍ച്ചകളിലേക്കും നയിച്ചിരുന്നു. ഉദാഹരണത്തിന് പാലായിലെ എലിക്കുളം രണ്ടാം വാര്‍ഡില്‍ എല്ഡിഎറ് ഇറക്കിയ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിക്കെതിരെ എന്‍സിപി വിമത സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കാനെത്തിയത്. വിമതന് യുഡിഎഫ് പിന്തുണയും പ്രഖ്യാപിച്ചു.
എന്‍സിപി തങ്ങളുടെ നാലാം വാര്‍ഡ്, മുന്നണി ചര്‍ച്ചകള്‍ പ്രകാരം വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട രണ്ടാം വാര്‍ഡ് എന്‍സിപിക്ക് വിട്ടുകൊടുക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. തങ്ങളുടെ സിറ്റിങ് സീറ്റാണ് രണ്ടാം വാര്‍ഡായ എലിക്കുളമെന്ന വാദമായിരുന്നു ജോസ് വിഭാഗത്തിന്റെത്. സിറ്റിങ് സീറ്റുകളൊന്നും വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടും ജോസ് വിഭാഗമെടുത്തു.
ഇതോടെ രണ്ടാം വാര്‍ഡിലേക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാത്യൂസ് പെരുമനങ്ങാട് വിമതനായി എത്തുകയായിരുന്നു. ജോസ് വിഭാഗത്തിന്റെ യുവജനവിഭാഗം സംസ്ഥാനാധ്യക്ഷന്‍ സാജന് തൊടുകയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.