‘പാല കെഎം മാണി ഉണ്ടാക്കിയെടുത്ത ഹൃദയ വികാരം, എല്ലാം സാങ്കല്പികം’; ജോസ് കെ മാണി
മുന്നണി തീരുമാനം രണ്ടുമൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. മറ്റ് ചര്‍ച്ചകളെല്ലാം സാങ്കല്പികമാണ്. തങ്ങള്‍ എവിടെയും നിലപാട് അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞ. പാല എന്നത് ഒരു സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണ്. കെഎം മാണി സാറിന്റെ വലിയ സംഭാവനയാണത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാട് അറിയച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയിക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് […]

മുന്നണി തീരുമാനം രണ്ടുമൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. മറ്റ് ചര്‍ച്ചകളെല്ലാം സാങ്കല്പികമാണ്. തങ്ങള്‍ എവിടെയും നിലപാട് അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞ.
പാല എന്നത് ഒരു സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണ്. കെഎം മാണി സാറിന്റെ വലിയ സംഭാവനയാണത് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നിലപാട് അറിയച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയിക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് സാങ്കല്പിക ചര്‍ച്ചയാണ്. ഏതെങ്കിലുമൊരു മുന്നണിയുടെ കാര്യം ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഒരു നിലപാടും അറിയിച്ചിട്ടില്ലെന്നും ്അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം രണ്ട് മൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
പാലാ സീറ്റ് സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം, ഇടതുമുന്നണിയിലേക്ക് വരുന്ന ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനല്കില്ലെന്നുറപ്പിച്ച് മാണി സി കാപ്പന് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ മാണിയല്ല എംഎല്‍എ. ആ വൈകാരിക ബന്ധം പറഞ്ഞ് ആരും വരേണ്ടെന്നും മാണി സി കാപ്പന് പറഞ്ഞു. രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നും അദ്ദേഹം ചോദിച്ചു.
‘ഒന്നരക്കൊല്ലം ലോക്സഭയില്‍ ബാക്കിയുള്ളപ്പോള്‍ ഇട്ടിട്ട് പോയില്ലേ. ഇനി രാജ്യസഭയില്‍ മൂന്നരക്കൊല്ലം ബാക്കിയുണ്ട്. ഇതൊരു ജനാധിപത്യ രാഷ്ട്രമല്ലേ. ജനാധിപത്യത്തിന് കൂടുതല്‍ വില കല്പിക്കുന്ന സംസ്ഥാനമല്ലേ ഇത്. ഓരോ സ്ഥാനങ്ങള്‍ കാലാ കാലങ്ങളില്‍ മാറ്റി ബാക്കിയുള്ള കാലം അവിടെ ഇട്ട് പോകുന്നതാണോ ജനാധിപത്യം?’, അദ്ദേഹം പറഞ്ഞു.
‘മാണിസാറിന് പാലാ ഭാര്യയാണെങ്കില്‍ എന്നെ സംബന്ധിച്ച് അത് എന്റെ ചങ്കാണ്. അത് വിട്ടിട്ട് പോവുന്ന പ്രശ്നമില്ല. ഇവിടുത്തെ ജനങ്ങള്‍ എനിക്ക് തന്നതാണത്. എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടുനല്‍കില്ല. അത് ചോദിക്കുന്നത് ശരിയല്ല. 15 വര്‍ഷത്തോളം അടുപ്പിച്ച് യുദ്ധം ചെയ്ത് വിജയിച്ചതാണ് ഞാന്‍’, അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണിയുടെ വരവിനെക്കുറിച്ച് ചര്‍ച്ച നടക്കാത്തത് കൊണ്ട് എന്‍സിപി അതിനെക്കുറിച്ച് വിലയിരുത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന് പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ ഇടതുപക്ഷ മുന്നണിയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയിലേക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. പക്ഷേ അത് ഞങ്ങളുടെ റെക്കോര്‍ഡില്‍ കിടക്കുന്ന സീറ്റെടുത്തിട്ട് വേണ്ട. അതിന് ഞങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്നെയേയോ പാര്‍ട്ടിയെയോ സംസ്ഥാന അധ്യക്ഷനെയോ മന്ത്രിയേയോ ആരുമായും ഇക്കാര്യം ആരും ചര്‍ച്ച ചെയ്തിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് യാഗത്തില്‍പോലും ഇങ്ങനെ ഒരു വിഷയം ചര്‍ച്ച ചെയ്തിട്ടില്ല’, മാണി സി കാപ്പന് കൂട്ടിച്ചേര്‍ത്തു