
ബാര്‍കോഴ കേസിനേക്കുറിച്ച് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്തുവന്നിരിക്കുന്നത് ഔദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്ന് ജോസ് കെ മാണി. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ പക്കലാണുള്ളതെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജോസ് പറഞ്ഞു.
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും റിപ്പോര്‍ട്ട് തള്ളി രംഗത്തെത്തി. പുറത്തുവന്നിരിക്കുന്നത് വ്യാജരേഖയാണെന്നും റിപ്പോര്‍ട്ടിന് ഉത്തരവാദിയില്ലെന്നും കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആരോപിച്ചു.
ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കെഎം മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തായത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നാണ് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ജോസ് കെ മാണി വിഭാഗമാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നതെന്നാണ് വിവരം.
ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഗൂഢാലോചനയില്‍ പങ്കുണ്ട്. പിസി ജോര്‍ജ്ജ്, ആര് ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരും ഗൂഢാലോചനയുടെ ഭാഗമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 2016ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ജേക്കബ് തോമസും ബിജു രമേശും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തി. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ്, ബാലകൃഷ്ണപിളള തുടങ്ങിയവരും ജേക്കബ് തോമസുമായും ബാറുടമ ബിജു രമേശുമായും ഗൂഢാലോചന നടത്തി. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേകപരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍നിന്നും താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നു. ഈ ആവശ്യമുന്നയിച്ച് ചെന്നിത്തല മാണിയെ നേരിട്ടുവന്ന് കണ്ടു. എന്നാല്‍ മാണി വഴങ്ങിയില്ല. തുടര്‍ന്നാണ് മാണിക്കെതിരെ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്‍ഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലെ കാര്യങ്ങളായിരുന്നു ജോസ് കെ മാണി ഉദ്ദേശിച്ചിരുന്നതെന്നാണ് സൂചന. ബാര്‍കോഴ ആരോപണമുണ്ടായതിന് പിന്നാലെ 2014ലാണ് സിഎഫ് തോമസിന്റെ നേതൃത്വത്തില്‍ കെഎം മാണി അന്വേഷണ കമ്മീഷന് രൂപം നല്‍കിയത്.