
അഭയ കേസില്‍ വിധി പറഞ്ഞ കെ സനില്‍ കുമാര്‍ എന്ന ന്യായാധിപന് നീതിമാനായ ദൈവത്തെ പോലെയാണെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍. സി. അഭയാ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിധി ജനങ്ങള്‍ക്ക് കോടതിയുടെ മേലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വൈകി വന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്ന് പറയുമെങ്കിലും വൈകിയെങ്കിലും നീതി കിട്ടി എന്ന സന്തോഷമാണ് തനിക്കുള്ളത്. മൂന്ന് പതിറ്റാണ്ട് കാലം നിയമ പോരാട്ടം നടത്തിയതിന്റെ വിജയമാണ്. ഇത് മാധ്യമങ്ങളുടെയും വിജയമാണ്. ആക്ഷന്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഉദ്യോഗസ്ഥരും ഇന്നില്ല. അവര്‍ ഇപ്പോള്‍ പരലോകത്തില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും.
സി. അഭയയ്ക്ക് നൂറ് ശതമാനവും നീതി ലഭിച്ചു എന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതേസമയം ഈ കേസ് സിബിഐയ്ക്ക് വിട്ട അന്നത്തെ പ്രധാനമന്ത്രിയായിരുന്ന കെ കരുണാകരന് മരിച്ചിട്ട് ഇന്ന് പത്ത് വര്‍ഷം തികയുകയാണ്. അതും ഒരു നിയോഗമാണ്. അഭയയുടെ കേസില്‍ ഒരു ദൈവീക ശക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതുപോലെ തന്നെ തനിക്ക് ഈ കേസില്‍ ഇടപെടാന്‍ അവകാശമാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ജഡ്ജി വി രാമകുമാറിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദ് ചെയ്തില്ലായിരുന്നെങ്കില്‍ തനിക്ക് ഈ കേസില്‍ ഇടപെടാനോ, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സിബിഐയുടെ ഒപ്പം നില്ക്കുവാനോ കഴിയുമായിരുന്നില്ലെന്നും ജോമോന് പറഞ്ഞു. തനിക്ക് അനുകൂലമായി സുപ്രീംകോടതി വിധി പറഞ്ഞ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കൊണ്ട് ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അത് തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു. അദ്ദേഹം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ തനിക്ക് അനുകൂലമായി വിധി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. അദ്ദേഹത്തിനും ഈ അവസരത്തില്‍ നന്ദി പറയാന്‍ ആഗ്രഹിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.