‘ഒന്നുകില്‍ വേറെ പാര്‍ട്ടിയില്‍ ചേരുകയോ, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി തുടങ്ങുകയോ ചെയ്’; കപില്‍ സിബലിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ ഒന്നുകില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ അല്ലെങ്കില്‍ പുതിയ പാര്‍ട്ടി തുടങ്ങുകയോ ചെയ്യട്ടെയെന്ന് കോണ്‍ഗ്രസ് എംപിയും ലോക്സഭാ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി. പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിനെ ഉന്നംവെച്ചാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുകള്‍ തന്നെയാണ് അവര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നതെന്നും ചൗധരി പറഞ്ഞു. ‘തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന തോന്നലുള്ള […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ ഒന്നുകില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ അല്ലെങ്കില്‍ പുതിയ പാര്‍ട്ടി തുടങ്ങുകയോ ചെയ്യട്ടെയെന്ന് കോണ്‍ഗ്രസ് എംപിയും ലോക്സഭാ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി. പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിനെ ഉന്നംവെച്ചാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുകള്‍ തന്നെയാണ് അവര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നതെന്നും ചൗധരി പറഞ്ഞു. ‘തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന തോന്നലുള്ള നേതാക്കള്‍ ഒന്നുകില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ താല്പര്യമുള്ളതും മികച്ചതെന്ന് തോന്നുന്നതുമായ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുക. അല്ലാതെ, കോണ്‍ഗ്രസിന്റെ വിശ്വസനീയത ചോര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയല്ല വേണ്ടത്’, ചൗധരി എന്‍ഡി ടിവിയോട് പറഞ്ഞു.
‘പാര്‍ട്ടിക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ കാടടച്ചുള്ള പ്രസ്താവനകളില്‍ നിന്നും ഇത്തരം നേതാക്കള്‍ വിട്ടുനില്‍ക്കണം. അവര്‍ക്ക് ഗാന്ധി കുടുംബവുമായി നല്ല അടുപ്പമുണ്ട്. അവരുടെ വിയോജിപ്പുകള്‍ നേരിട്ട് നേതൃത്വത്തിന് മുമ്പില്‍ പറയുകയോ പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്’, അദ്ദേഹം തുറന്നടിച്ചു.
ഈ നേതാക്കള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് എവിടെയായിരുന്നെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ‘ഇത്തരം നേതാക്കള്‍ കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കണമെന്ന് ഗൗരവമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരത് ഏറ്റവും അടിത്തട്ടില്‍ പ്രയോഗിച്ച് നോക്കാനാണ് ശ്രമിക്കേണ്ടത്. സമീപകാലത്ത് നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അവരെന്തെങ്കിലും കാര്യം ഏറ്റെടുത്ത് ചെയ്തോ?’, അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണെന്നും അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും കഴിഞ്ഞ ദിവസം കപില്‍ സിബല്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് ശേഷം സിബലിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തുന്നത്.
സിബലിന്റെ പ്രസ്താവനക്കെതിരെ നേരത്തെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്നും അത് രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി പ്രതിരോധത്തിലാക്കും എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.