
നിർണ്ണായക സംസ്ഥാനങ്ങളായ മിഷിഗണിലും വിസ്കോൺസിലിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. മിഷിഗണില്‍ 2.2 ശതമാനവും വിസ്കോണ്‍സിനില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡിലുമാണ് ബൈഡന് വിജയിച്ചത്. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം ജോ ബൈഡന് 264 ഇലക്ട്റൽ വോട്ടുകളും ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളുമാണ് നേടിയിട്ടുള്ളത് . ഇതോടെ 270 എന്ന ഭൂരിപക്ഷ സംഖ്യയിലേക്ക് ജോ ബൈഡൻ അടുത്തുക്കൊണ്ടിരിക്കുകയാണ്.
അതെ സമയം നെവാഡയിലെ വോട്ടുകളാണ് ഇനി നിർണ്ണായകമാവുക. നെവാഡയിലെ ആറ് ഇലക്ട്റൽ കോളേജ് വോട്ടുകൾ കൂടി എണ്ണിയാൽ ബൈഡന് കേവലം ഭൂരിപക്ഷം നേടുമെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ കണക്കുക്കൂട്ടൽ . എന്നാൽ നെവാഡയിൽ നേരിയ ശതമാനത്തിന്റെ ലീഡ് മാത്രമാണ് ബൈഡന് ഉള്ളത്. പെൻസിൽവാനിയയിൽ ഇപ്പോൾ ട്രംപിന്റെ ലീഡ് കുറയുകയാണ്. കൂടാതെ ഇവിടെയുള്ള തപാൽ വോട്ടുകൾ ഇനിയും എണ്ണി തീർന്നിട്ടില്ല.
നിലവിൽ വോട്ടെണ്ണൽ ശേഷിക്കുന്ന അലാസ്ക, ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ വിജയിക്കുകയുകയും നിലവിൽ ബൈഡൻ ലീഡ് ചെയ്യുന്ന നെവാഡയും കൂടി പിടിച്ചാൽ മാത്രമേ ട്രംപിന് വിജയിക്കുവാൻ സാധിക്കുകയുള്ളൂ. നെവാഡയിൽ പരാജയപ്പെട്ടാൽ ട്രംപിന് 267 ഇലക്ട്റൽ വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂ.
അതേസമയം, ജോര്‍ജിയയിലെ വോട്ടിങ് ശതമാനം കുറയുന്നതില്‍ ബാലറ്റ് എണ്ണുന്നതിലെ ക്രമക്കേടാരോപിച്ച് ട്രംപ് ക്യാമ്പ് ലോസ്യൂട്ട് ഫയല്‍ ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
മുൻകൂർ വോട്ടിങ് സംവിധാനത്തിലൂടെ ഏകദേശം പത്തു കോടിയിലധികം പേരാണ് ഇത്തവണ വോട്ടു ചെയ്തത്. അത് കൊണ്ട് തന്നെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോളിങാണ് ഇത്തവണ നടന്നിരിയ്ക്കുന്നത്. 1980യിൽ 16 കോടി ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.