‘വെള്ള വംശീയ ആധിപത്യത്തെ നേരിടണം’; സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ ബൈഡന്‍

അമേരിക്കയില്‍ വെള്ള വംശീയ മേധാവിത്വം ഒഴിവാക്കണമെന്ന് സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ ജോ ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വൈറ്റ് സുപ്രീമസി എന്ന വാക്ക് സ്ഥാനമേല്‍ക്കുന്ന പ്രസിഡന്റ് ഉദ്ഘാടന ചടങ്ങില്‍ പരാമര്‍ശിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ‘എല്ലാവര്‍ക്കും നീതിയെന്ന അഭിലാഷം ഇനിയും നീളില്ല,’ ബൈഡന്‍ പറഞ്ഞു.

പടിയിറങ്ങിയ ഡൊണാള്‍ഡ് ട്രംപിന്റെ വിഭജന ഭരണത്തില്‍ നിന്നും മാറി രാജ്യം ഒറ്റക്കെട്ടാവണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്തു.

‘ ഇത് ഞങ്ങളുടെ ചരിത്രപരമായ പ്രതിസന്ധിയുടെയും വെല്ലുവിളിയുടെയും ചരിത്രപരമായ നിമിഷമാണ്,’ ബൈഡന്‍ പറഞ്ഞു.

‘ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഈയിടെ ചിലര്‍ക്ക് ഒരു മണഅടന്‍ ഫാന്റസി പോലെയാവുമെന്ന് എനിക്കറിയാം. നമ്മളെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ ആഴമുള്ളതാണെന്നും അവ യാഥാര്‍ത്ഥമാണെന്നും ഇവ പുതിയ കാര്യമല്ലെന്നും എനിക്കറിയാം. ഐക്യമാണ് മുന്നോട്ടുള്ള വഴി,’ ബൈഡന്‍ പറഞ്ഞു.

അമേരിക്കയുടെ 46ാമത് പ്രസിഡന്റായാണ് ജോസ്ഫ് ആര്‍ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ചീഫ് ജസ്റ്റിസ് ജോണ്‍ ജീ റോബര്‍ട്ട്സ് ആണ് ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മുതിര്‍ന്ന പ്രസിഡന്റായിരിക്കുകയാണ് 78 കാരനായ ബൈഡന്‍. ഇത് ജനാധിപത്യത്തിന്റെ ദിവസമാണെന്നാണ് അധികാരമേറ്റ ശേഷം ബൈഡന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

‘ ഇത് അമേരിക്കയുടെ ദിനമാണ്, ഇത് ജനാധിപത്യത്തിന്റെ ദിനമാണ്. ചരിത്രപരവും പ്രതീക്ഷാപരവുമായ ദിനം,’ ബൈഡന്‍ പറഞ്ഞു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ബൈഡനൊപ്പം അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സ്ഥാനമേറ്റു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. ഏഷ്യന്‍ വേരുകളുള്ള ഒരു വനിത എന്നതും വൈസ് പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമാണ്.

Latest News