Top

കൊറോണ വാക്സിൻ പരസ്യമായി സ്വീകരിക്കാനൊരുങ്ങി ബൈഡനും , ഒബാമയും, ബുഷും, ക്ലിന്റനും

കൊറോണ വാക്സിനിലുള്ള പൊതുജനവിശ്വാസം വളർത്താൻ തങ്ങളുടെ പങ്കാളിത്തം സഹായിക്കുമെന്നാണ് കരുതുന്നതെങ്കിൽ വാക്സിൻ സ്വീകരിക്കുന്നത് പരസ്യപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്നാണ് അമേരിക്കയുടെ ജനനായകന്മാർ അറിയിച്ചിട്ടുള്ളത്.

4 Dec 2020 1:26 AM GMT

കൊറോണ വാക്സിൻ പരസ്യമായി സ്വീകരിക്കാനൊരുങ്ങി ബൈഡനും , ഒബാമയും, ബുഷും, ക്ലിന്റനും
X

ക്യാമറയ്ക്ക്‌ മുന്നിൽ കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാനുള്ള സന്നദ്ധത അറിയിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ്ജ് ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ. കൊറോണ വാക്സിനിലുള്ള പൊതുജനവിശ്വാസം വളർത്താൻ തങ്ങളുടെ പങ്കാളിത്തം സഹായിക്കുമെങ്കിൽ വാക്സിൻ സ്വീകരിക്കുന്നത് പരസ്യപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്നാണ് അമേരിക്കയുടെ ജനനായകന്മാർ അറിയിച്ചിട്ടുള്ളത്.

സിറിയസ് എക്സ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ആന്തണി ഫൗസിയുടെ അനുമതിയോട് കൂടി പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ താൻ തയ്യാറാണെന്ന് ഒബാമ അറിയിച്ചത്. അമേരിക്കയിൽ സാംക്രമിക രോഗങ്ങളുടെ നിയന്ത്രണരംഗത്ത് പ്രവർത്തിക്കുന്ന ദേശീയ ഏജൻസിയുടെ ഡയറക്ടറും, മുൻനിര രോഗപ്രതിരോധ ശാസ്ത്രജ്ഞനുമാണ് ഡോക്ടർ ആന്തണി ഫൗസി.

“ഈ വാക്സിൻ സുരക്ഷിതമാണെന്നും, ഇത് സ്വീകരിക്കാമെന്നും, കൊവിഡ് ബാധയിൽ നിന്ന് അത് നിങ്ങളെ പ്രതിരോധിക്കും എന്നൊക്കെയുള്ള ഉറപ്പുകളാണ് ആന്റണി ഫൗസി നൽകുന്നതെങ്കിൽ, തീർച്ചയായും ഞാൻ ആ കുത്തിവെപ്പ് എടുക്കും,” ഒബാമ പറഞ്ഞു. അപകടസാധ്യത കുറവുള്ള ആളുകൾക്കായി ഇത് നൽകിത്തുടങ്ങുമ്പോൾ താൻ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രസിഡന്റായ ബുഷിന്റെ ഔദ്യോഗിക വക്താവും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ബുഷിന് താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ സുരക്ഷയും മുൻഗണനയും തീരുമാനിക്കപ്പെട്ടാൽ അദ്ദേഹവും ക്യാമറക്കു മുന്നിൽ വാക്സിൻ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വക്താവ് അറിയിച്ചത്. വാക്സിൻ സ്വീകരിക്കുന്നത് പരസ്യപ്പെടുത്താനുള്ള താല്പര്യം മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനും അറിയിച്ചിട്ടുണ്ട്.

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ ഫൗസിയയുടെ സമ്മതവും, ഗവണ്മെന്റിന്റെ അംഗീകാരവും ലഭിച്ചതിനു ശേഷം താനും പരസ്യമായി വാക്സിൻ സ്വീകരിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഈ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട് ‘ അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുൻ പ്രസിഡന്റുമാരുടെ അർപ്പണ മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.

ഫൈസർ , മോഡേണ എന്നിവർ വികസിപ്പിച്ചെടുത്ത വാക്‌സിനുകൾക്ക് ‌ യു‌എസ് ഭരണകൂടം ഉടൻ‌ തന്നെ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫൈസറിന്റെ പരീക്ഷണാത്മക കൊവിഡ് 19 വാക്‌സിന്‍ തൊണ്ണൂറ്റഞ്ച് ശതമാനവും വിജയകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ തുടർന്നാണ് നിർമ്മാതാക്കൾക്ക് യുഎസ്സും യൂറോപ്പ്യൻ യൂണിയനും മരുന്ന് വിതരണത്തിനുള്ള അംഗീകാരവും അനുമതിയും ഡിസംബറോടു കൂടി നൽകുമെന്ന് കരുതുന്നത്.

Next Story