അമേരിക്കയില്‍ ഇന്ന് ബൈഡന് അധികാരമേല്‍ക്കും; ട്രംപ് എത്തില്ല

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന് ഇന്ന് സ്ഥാനമേല്‍ക്കും. അതോടൊപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാകും ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസ്. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
അതേസമയം ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ സമൃദ്ധിനിലനിര്ത്തുന്നതിനായി പുതിയ ഭരണകൂടത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തനിക്കൊരു ബഹുമതിയാണെന്നും അതിന് നന്ദി പറയുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ചടങ്ങുകള്‍ക്കായി വാഷിംഗ്ടണ്‍ ഡിസിയിലെത്തി. അക്രമ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കനത്ത സുരക്ഷ മുന്നൊരുക്കങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്. സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. 50 സംസ്ഥാനങ്ങളും കനത്ത സുരക്ഷയിലാണുള്ളത്.
ഇതിനിടെ ക്യാപിറ്റോള്‍ കലാപത്തെ അപലപിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.