Top

ആയുധങ്ങള്‍ക്ക് വ്യാജ ലൈസന്‍സ്: റാക്കറ്റില്‍ ജമ്മുവിലെ ഉന്നത ഉദ്യോഗസ്ഥരുമെന്ന് സിബിഐ; വ്യാജ ലൈസന്‍സ് നല്കിയത് 2,78 ലക്ഷം തോക്കുകള്‍ക്ക്

രാജ്യത്തെ ഏറ്റവും വലിയ ആയുധ ലൈസന്‍സ് റാക്കറ്റാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

25 July 2021 12:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആയുധങ്ങള്‍ക്ക് വ്യാജ ലൈസന്‍സ്: റാക്കറ്റില്‍ ജമ്മുവിലെ ഉന്നത ഉദ്യോഗസ്ഥരുമെന്ന് സിബിഐ; വ്യാജ ലൈസന്‍സ് നല്കിയത് 2,78 ലക്ഷം തോക്കുകള്‍ക്ക്
X

2.78 ലക്ഷം തോക്കുകള്‍ക്ക് നിയമവിരുദ്ധ ലൈസന്‍സ് അനുവദിച്ചതിന് ജമ്മുകാശ്മീരില്‍ ജില്ലാമജിസ്‌ട്രേറ്റുമാരടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിബിഐ കുരുക്കില്‍. പണം വാങ്ങിയാണ് ഇത്രയധികം തോക്കുകള്‍ക്ക് നിയമവിരുദ്ധമായി ലൈസന്‍സ് അനുവദിച്ചതെന്ന് സിബിഐ കേന്ദ്രങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് സിബിഐ ജമ്മുകാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ റെയ്ഡ് നടത്തിയത്. നാല്പതുപ്രദേശങ്ങളിലാണ് സിബിഐ സംഘം റെയ്ഡ് നടത്തിയത്. അതില്‍ 20 ആയുധപ്പുരകളും ഉള്‍പ്പെടും. രാജ്യത്തെ ഏറ്റവും വലിയ ആയുധ ലൈസന്‍സ് റാക്കറ്റാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

ഐഎഎസ് ഓഫീസര്‍മാരായ ഷഹീദ് ഇഖ്ബാല്‍ ചൗധരി, നീരജ് ചൗധരി എന്നിവരുടെ വീടുകളിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. ചൗധരി നേരത്തെ ജില്ലാമജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ആദിവാസി കാര്യം കൈകാര്യം ചെയ്യുന്ന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ചൗധരി. അതേ സമയം സിബിഐ നടത്തിയ റെയ്ഡില്‍ തന്റെ വസതിയില്‍ നിന്ന് സംശായസ്പദമായ ഒന്നും ലഭിച്ചിട്ടില്ലെന്ന് ചൗധരി വ്യക്തമാക്കി. പക്ഷേ തോക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചതായി ചൗധരി തുറന്നു സമ്മതിക്കുകയും ചെയ്തു.

രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് ആം ലൈസന്‍സ് റാക്കറ്റിനെ സംബന്ധിച്ച് 2017ല്‍ സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുന്നത്. രാജസ്ഥാനില്‍ പിടിക്കപ്പെട്ട പല കുറ്റവാളികളുടെ കൈകളിലും ലൈസന്‍സുള്ള തോക്കുകള്‍ കണ്ടെത്തി. പിന്നീട് തോക്കുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ജമ്മുകാശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസഥരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ആം ലൈസന്‍സ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.

Next Story