‘അങ്ങനെയാണ് അവിടെ കഥയിൽ ആ ഒരു മാറ്റം ഉണ്ടായത്’; ബറോസിൽ വിസ്മയ മോഹൻലാൽ വരുത്തിയ തിരുത്തലിനെക്കുറിച്ച് ജിജോ പുന്നൂസ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ തിരക്കഥയിൽ മോഹൻലാലിന്റെ മകൾ വിസ്മയ വരുത്തിയ ഒരു തിരുത്തലിനെക്കുറിച്ച് ജിജോ പുന്നൂസ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ബറോസിന്റെ പൂജയുമായി ബന്ധപെട്ടു നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിനു ശേഷം ആണ് ഇതിൽ യുവാക്കളുടെ സാന്നിധ്യവും അനിവാര്യം ആണെന്ന് തോന്നിയത് … ഉടൻ ലാൽ സുചിയെ വിളിച് പിള്ളേരെ ഇങ്ങോട്ട് അയക്കാൻ പറഞ്ഞു.. വിസ്മയയും പ്രണവും വന്നിരുന്നു ഡിസ്കഷൻ ടൈമിൽ .. വിസ്മയ കഥ കേട്ടിട്ട് ആദ്യം ഒറ്റ റിക്വസ്റ്റ് ആണ് മുന്നിൽ വച്ചത്..ജിജോ അങ്കിൾ.. ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട… അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്.. നമുക്ക് അതൊന്ന് മാറ്റാം…അങ്ങനെയാണ് അവിടെ കഥയിൽ ആ ഒരു മാറ്റം ഉണ്ടായത്’, ജിജോ പുന്നൂസ് പറഞ്ഞു.

ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്’, താരം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Covid 19 updates

Latest News