Top

‘പ്രധാനമന്ത്രി നിങ്ങള്‍ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കൂടി തയ്യാറാവണം’; മോദിക്കെതിരെ രോഷാകുലനായി ജാർഖണ്ഡ് മുഖ്യമന്ത്രി

തന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കാത്തതിൽ സോറൻ അസന്തുഷ്ടി പ്രകടിപ്പിച്ചു എന്നും പ്രധാനമന്ത്രി മാത്രമാണ് സംസാരിച്ചത് എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

7 May 2021 4:35 AM GMT

‘പ്രധാനമന്ത്രി നിങ്ങള്‍ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കൂടി തയ്യാറാവണം’; മോദിക്കെതിരെ രോഷാകുലനായി ജാർഖണ്ഡ് മുഖ്യമന്ത്രി
X

വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയത് ‘മൻ കി ബാത് ‘ മാത്രം എന്ന വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. യോഗത്തിനു ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഹേമന്ത് സോറൻ ഇങ്ങനെ പ്രതികരിച്ചത്. ആന്ധ്ര പ്രദേശ്, ഒഡീസ, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു പ്രധാന മന്ത്രിയുമായി ടെലിഫോൺ വഴിയുള്ള ഈ യോഗത്തിൽ പങ്കെടുത്തത്.

“ഇന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിളിച്ചു. അദ്ദേഹം തന്റെ ‘മൻ കി ബാത്ത് ‘ മാത്രമേ പറഞ്ഞുള്ളൂ. ‘കാം കി ബാത് ‘ കൂടി സംസാരിക്കുകയും പ്രശ്നങ്ങൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു,” എന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയെ പരാമർശിച്ചു കൊണ്ട് സോറൻ ട്വീറ്റ് ചെയ്തത്.

തന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കാത്തതിൽ സോറൻ അസന്തുഷ്ടി പ്രകടിപ്പിച്ചു എന്നും പ്രധാനമന്ത്രി മാത്രമാണ് സംസാരിച്ചത് എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. സോറന്റെ ട്വീറ്റ് ബിജെപി നേതാക്കളുടെ രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്

‘നിങ്ങൾ മുഖ്യമന്ത്രിയുടെ മര്യാദ പാലിച്ചില്ലെന്ന് മാത്രമല്ല നിങ്ങളുടെ ജനതയുടെ വേദനയെ പരിഹസിക്കുകയും ചെയ്തു’ എന്നാണ് അസം ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് നിങ്ങൾ കളങ്കപ്പെടുത്തി എന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

‘ഹേമന്ത് സോറൻ ഒരു പരാജയപ്പെട്ട മുഖ്യമന്ത്രിയാണ്. പരാജയപ്പെട്ട ഭരണാധികാരിയാണ് . സംസ്ഥാനത്ത് കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു. ആളുകളെ സഹായിക്കുന്നതിൽ പരാജയപ്പെട്ടു. പരാജയങ്ങൾ മറച്ചുവെക്കാൻ അദ്ദേഹം വഹിക്കുന്ന ഓഫീസിനെ അപമാനിക്കുന്നു. ഉണരുക, ജോലി ചെയ്യുക, മിസ്റ്റർ സോറൻ. സമയം പോകുന്നു’ എന്നാണ് ജാർഖണ്ഡ് ബിജെപി നേതാവ് ബാബുലാൽ മറാണ്ടി ട്വീറ്റ് ചെയ്തത് .

അതേസമയം സോറന്റെ അഭിപ്രായത്തോട് ഐക്യപ്പെട്ടാണ് കോൺഗ്രസ് പ്രതികരിച്ചത്. വളരെ പ്രാധാന്യമേറിയ ആശങ്കാകുലമായ ഈ സമയത്ത് പോലും പ്രധാനമന്ത്രി കേൾക്കാൻ ആഗ്രഹിക്കാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര ട്വീറ്റ് ചെയ്തത്.

സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് ദിനവും സംഭവിക്കുന്ന കൊവിഡ് മരണങ്ങളിൽ 75 ശതമാനത്തിലധികവും ഉണ്ടാകുന്ന 10 സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. 5770 പുതിയ രോഗികളും 141 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ളത്.

Next Story