‘പണം ഉണ്ടാക്കാനുള്ള പബ്ലിസിറ്റിയ്ക്കല്ല, മനുഷ്യരുടെ സ്നേഹമാണ് പങ്കുവെച്ചത്’; മറുപടിയുമായി സംവിധായകൻ

പണം ഉണ്ടാക്കുവാനുള്ള പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല നിർമ്മാതാവിന് പണം അയക്കുവാൻ പ്രേക്ഷകർ താത്പര്യം പ്രകടിപ്പിച്ചതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് സംവിധായകൻ ജിയോ ബേബി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പൈറേറ്റഡ് കോപ്പി ടെലിഗ്രാമിൽ കണ്ടവർ സിനിമയുടെ നിർമ്മാതാവിന് 140 രൂപ നൽകുവാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സംവിധായകൻ ജിയോ ബേബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. സിനിമ മനുഷ്യരെ സ്വാധീനിക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്നേഹമുള്ള മനുഷ്യരോട് നന്ദി പറയുവാൻ വേണ്ടിയാണ് ആ കുറിപ്പ് പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിയോ ബേബിയുടെ വാക്കുകൾ:

സിനിമയുടെ മുടക്ക് മുതൽ ഇതുവരെയും തിരികെ ലഭിച്ചിട്ടില്ല. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബിസിനസ്സ് സാധ്യതകളെക്കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ട്. ആമസോൺ പ്രൈമിനെയായിരുന്നു ആദ്യം സമീപിച്ചത്. എന്നാൽ അവർ സിനിമ സ്വീകരിക്കുവാൻ തയ്യാറായില്ല . തുടർന്ന് നെറ്റ്ഫ്ലിക്സ് സിനിമ കാണുവാനുള്ള സന്നദ്ധത പോലും കാണിച്ചില്ല. സിനിമയിലെ രാഷ്ട്രീയം കാരണം ചാനലുകാരും നിരസിച്ചു. പിന്നീടാണ് നിസ്ട്രീമിനെ സമീപിച്ചത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത കാരണം ഒരുപാട് പേർ നീസ്ട്രീം സബ്സ്ക്രൈബ് ചെയ്യുവാൻ ആരംഭിച്ചു. അതോടെ ടെക്‌നിക്കൽ പ്രശ്നങ്ങളും ഉണ്ടായി. എന്നാൽ പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ് ടെലിഗ്രാമിനെ ആശ്രയിക്കുന്നത്.

The Great Indian Kitchen Movie ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു…

Posted by Jeo Baby on Thursday, 21 January 2021

സിനിമ ടെലിഗ്രാമിൽ കണ്ടവർ നിർമ്മാതാവിന് നീസ്ട്രീമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ തുക നൽകാമെന്ന് ഫോൺ ചെയ്തു പറയുവാൻ തുടങ്ങിയിരിക്കുന്നു. സിനിമ പ്രേക്ഷകർ ഏറ്റടുത്തതിലുള്ള സന്തോഷമാണ് ഞാൻ പോസ്റ്റിലൂടെ പങ്കുവെച്ചത്.

സിനിമയിലെ പ്രധാനപ്പെട്ട പല സീനുകളും തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്തതിന്റെ ഫലമായി ഉണ്ടായതാണ്. സിനിമയിലെ വിരസമായ സെക്‌സ് സീന്‍ ഉണ്ടായതും അതിന്റെ ഫലമായാണ്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവരെ ചികിത്സിച്ച ഡോക്ടര്‍മാരോടും സിനിമയ്ക്കായി സംസാരിച്ചിരുന്നു. കുടുംബ ജീവിതം എന്ന് പറഞ്ഞ് പൊക്കി കൊണ്ട് വന്ന സിസ്റ്റത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ് ഇതെല്ലാം. അതിനെയെല്ലാം പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും ജിയോ ബേബി വ്യക്തമാക്കി.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്സ്‌ക്രൈബ് ചെയ്താല്‍ അഞ്ച് ദിവസം ചിത്രം കാണാന്‍ സാധിക്കും.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.