‘ക്ലൈമാക്സ് കൈയിലുണ്ട്..ക്ലൈമാക്സ് മാത്രം,അത് ലാലേട്ടനും ഇഷ്ടപ്പെട്ടു’; ദൃശ്യം 3നെക്കുറിച്ച് ജീത്തു ജോസഫ്

ദൃശ്യം 2ന്റെ മികച്ച വിജയത്തിന് പിന്നാലെ ദൃശ്യം 3 ഉണ്ടാകുമോ എന്ന സംശയത്തിലാണ് മലയാള സിനിമ പ്രേക്ഷകർ. ആ സംശയങ്ങൾക്ക് ഉത്തരവുമായി സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്സ് മനസിലുണ്ടെന്നും അത് മോഹൻലാലിന് ഇഷ്ടമായെന്നും ജീത്തു പറയുന്നു. കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹം ദൃശ്യം 3നെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്.

ദൃശ്യം 3യുടെ ക്ലൈമാക്സ് ഉണ്ട്. ക്ലൈമാക്സ് മാത്രമേയുള്ളു. അത് ലാലേട്ടനുമായി ഡിസ്‌കസ് ചെയ്തു. ലാലേട്ടന് ഇഷ്ടപ്പെടുകയും ചെയ്തു. ദൃശ്യം 3 ക്ലൈമാക്സിലേക്ക് എത്തിക്കാൻ ഒരുപാട് സംഭവങ്ങൾ ചെയ്യണം. അതുകൊണ്ടു തന്നെ നടക്കണമെന്നില്ല. ഞാനൊന്നു ശ്രമിച്ചു നോക്കും. നടന്നില്ലെങ്കിൽ നടന്നില്ല അത്ര തന്നെ.

ജീത്തു ജോസഫ്

ദൃശ്യം 3 ചെയ്താൽ തന്നെ അത് ഉടൻ ഉണ്ടാകില്ലെന്നും അതിന് സമയം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ‘ദൃശ്യം 3 ഉണ്ടെങ്കിൽ തന്നെ അതൊന്നും നടക്കില്ല. എങ്ങനെയും 2-3 വർഷം എങ്കിലും പിടിക്കും. ഞാൻ അത് ആന്റണിയോടും പറഞ്ഞു. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്’, ജീത്തു ജോസഫ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Latest News