Top

‘ആ കഥ മറ്റൊരു രീതിയില്‍ വര്‍ക്ക് ചെയ്തിരുന്നു’; ഡിറ്റക്ടീവ് രണ്ടാം ഭാഗമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ജീത്തു ജോസഫ്

ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ഡിറ്റക്റ്റീവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കുമ്പോൾ അതിനെ തീർത്തും നിഷേധിക്കുകയാണ് ജീത്തു.

11 Feb 2021 11:27 AM GMT
Joel Stalin

‘ആ കഥ മറ്റൊരു രീതിയില്‍ വര്‍ക്ക് ചെയ്തിരുന്നു’; ഡിറ്റക്ടീവ് രണ്ടാം ഭാഗമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ജീത്തു ജോസഫ്
X

രാജാക്കാട് എന്ന ഗ്രാമത്തിലെ ലോക്കൽ കേബിൾ ടിവി ബിസിനസ് നടത്തുന്ന ജോർജുകുട്ടിയും കുടുംബവും അതിജീവനത്തിന് വേണ്ടി പൊരുതിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ആദ്യ 50 കോടി നേട്ടമാണ്. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളൂം കടന്നു ചൈന വരെ എത്തി മലയാളത്തിന്റെ സ്വന്തം ദൃശ്യം. ചിത്രം ഇറങ്ങി ഏഴു വർഷങ്ങൾ പിന്നിടുമോൾ ദൃശ്യം 2ന്റെ റിലീസിങ്ങ് തിരക്കുകളിലാണ് സംവിധായകൻ ജീത്തു ജോസഫ്. തുടർന്ന് മോഹൻലാലുമൊത്ത് തന്നെ റാം എന്ന ത്രില്ലറും ചെയ്യുന്നു.

ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ഡിറ്റക്റ്റീവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കുമ്പോൾ അതിനെ തീർത്തും നിഷേധിക്കുകയാണ് ജീത്തു. റിപ്പോർട്ടർ ലൈവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിറ്റക്റ്റീവിന് ഒരു രണ്ടാം ഭാഗം എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടല്ലോ

ആ വാർത്ത തെറ്റാണ്. പണ്ടൊരിക്കൽ ഒരു അഭിമുഖത്തിൽ ഡിറ്റക്റ്റീവ് ചെയ്തപ്പോൾ അതിനൊരു രണ്ടാം ഭാഗത്തിന് പറ്റിയ കഥ എന്റെ കൈയിൽ ഉണ്ടെന്നു പറഞ്ഞിരുന്നു. ആ കഥ മറ്റൊരു രീതിയിൽ ഞാൻ വർക്ക് ചെയ്യുന്നുണ്ട് എന്ന് ഞാൻ പറഞ്ഞിരുന്നു. അതാണിപ്പോൾ ഡിറ്റക്റ്റീവിന്റെ രണ്ടാം ഭാഗം എന്ന തരത്തിൽ പരക്കുന്നത്. അല്ലാതെ ഡിറ്റക്റ്റീവിന്റെ തുടർച്ചയായി ഒന്നും തന്നെ ചെയ്യുന്നില്ല.

മനസ്സിൽ ഉള്ള പുതിയ പ്രോജക്ടുകൾ

തീരുമാനമായിട്ടില്ല. ദൃശ്യത്തിന്റെയും റാമിന്റെയും റിലീസിന് ശേഷം മാത്രമേ മറ്റു പ്രോജക്ടുകൾ കുറിച്ച് ആലോചന ഉണ്ടാവുകയുള്ളു. മനസ്സിൽ നിരവധി പ്രജക്ടുകൾ ഉണ്ട്. എന്നാൽ ഏതാണ് തുടങ്ങാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല.

ദൃശ്യം ഹോളിവുഡിലേക്ക്

ദൃശ്യത്തെക്കുറിച്ച് ഹോളിവുഡിൽ നിന്നും ഒരാൾ വിളിച്ച് ചോദിച്ചിരുന്നു. അത് നടക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല.

ഒരു ദൃശ്യം 3യ്ക്കുള്ള സാധ്യതയുണ്ടോ

അതിനെക്കുറിച്ച് ഉറപ്പിച്ച് ഒരു ഉത്തരം നൽകാൻ ഇപ്പോൾ എനിക്ക് സാധിക്കില്ല. ദൃശ്യം വന്നു കഴിഞ്ഞപ്പോൾ അതിനു ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞയാളാണ് ഞാൻ. എന്നാൽ പിന്നീട് അത് സംഭവിച്ചു. നല്ല ഒരു കഥ വന്നാൽ ചെയ്യും. ഇപ്പോൾ 2 വന്നതുകൊണ്ട് പലരും ഒരു 3യ്ക്ക് വേണ്ടി ചോദിക്കുന്നു എന്ന് മാത്രം. ലാലേട്ടൻ അങ്ങനെ പറഞ്ഞുവെന്നേയുള്ളു. എന്നാൽ അത് ഉണ്ടാകില്ല എന്നും പറയാനാകില്ല.

റാം എപ്പോഴത്തേക്ക് തിയേറ്ററുകളിൽ പ്രതീക്ഷിക്കാം

റാമിന്റെ ചിത്രീകരണം അവസാനിച്ചിട്ടില്ല. ഇനിയും 40 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട്. യൂറോപ്പിലാണ് ചിത്രീകരിക്കാനുള്ളത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളു. ആ ഏരിയയൊക്കെ ഞാൻ തീർത്തും ബ്ലൈൻഡ് ആണ്. എന്ത് ചെയ്യുമെന്ന് ഒരു ഐഡിയയും ഇല്ല.

ഒരു മമ്മൂട്ടി ചിത്രം ഉടൻ ഉണ്ടാകുമോ

മമ്മൂക്കയുമൊത്തൊരു ചിത്രം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മനസ്സിൽ ആഗ്രഹമുണ്ട്. നടക്കുമോ എന്ന് ദൈവത്തിനു മാത്രമേ അറിയൂ. നല്ല ഒരു സബ്ജക്ട് ശരിയായി വരട്ടെ. നടക്കുമായിരിക്കും.

Next Story