Top

’12th Man ഒരു മിസ്റ്ററിയാണ്, ദൃശ്യം പോലൊരു സിനിമയാണെന്ന് പ്രതീക്ഷിക്കരുത്’; ജീത്തു ജോസഫ്

ദൃശ്യം കണ്ട് അത് പോലത്തെ സിനിമയാണെന്ന് പ്രതീക്ഷിച്ച് വരരുത്. കാരണം ദൃശ്യം പോലത്തെ സിനിമയല്ല 12th Man

5 July 2021 3:31 AM GMT
പ്രിയങ്ക രവീന്ദ്രൻ

’12th Man ഒരു മിസ്റ്ററിയാണ്, ദൃശ്യം പോലൊരു സിനിമയാണെന്ന് പ്രതീക്ഷിക്കരുത്’; ജീത്തു ജോസഫ്
X

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 12th Man എന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിത്. ചിത്രം ഒരു മിസ്റ്ററിയാണെന്നും ദൃശ്യം പോലൊരു സിനിമ പ്രതീക്ഷിക്കരുതെന്നും ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

എന്താണ് 12th man?

12th man ഒരു മിസ്റ്ററി സിനിമയാണ്. സസ്പന്‍സ് എലമെന്റ് എല്ലാമുള്ള സിനിമയാണ്. അധികം ആര്‍ട്ടിസ്റ്റുകള്‍ ഉള്ള ഒരു സിനിമയല്ല. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ കഥ എന്റെ സുഹൃത്ത് കെ കൃഷ്ണ കുമാറിന്റെയാണ്. ഞാനും സുഹൃത്തും കൂടി വേറൊരു സിനിമയ്ക്ക് വേണ്ടി സ്‌ക്രിപ്പ്റ്റ് എഴുതുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ സിനിമ ചിത്രീകരിക്കാന്‍ കഴിയില്ല. ഈ കഥയാണെങ്കില്‍ ഒന്ന് രണ്ട് വര്‍ഷമായി ആലോചനയില്‍ ഉള്ളതായിരുന്നു. അതിന്റെ സ്‌ക്രിപ്പ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നി. സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.

ദൃശ്യം 2 ഒരു ചെറിയ സിനിമയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും സിനിമ ചര്‍ച്ചയായി. 12th മാനില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

വലിയ പ്രതീക്ഷ വെക്കാതിരിക്കുകയായിരിക്കും നല്ലത്. എല്ലാ സിനിമയും നല്ലതാണെന്ന് കരുതിയാണ് ചെയ്യുന്നത്. പിന്നെ അത് പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ചില പ്രതീക്ഷകള്‍ കൊണ്ടോ കാഴ്ച്ചപ്പാടിന്റെ വ്യത്യാസം കൊണ്ടോ ഒക്കെ ചില സിനിമകള്‍ തിരസ്‌കരിക്കപ്പെടാം. എല്ലാവരും അവര്‍ ചെയ്യുന്ന സിനിമ നല്ലതാണെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്. പിന്നെ ഞങ്ങള്‍ക്ക് ഈ സിനിമയില്‍ നല്ല വിശ്വാസമുണ്ട്. ഒരു നല്ല മിസ്റ്ററി-സസ്‌പെന്‍സ് കഥയാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇനി അത് കണ്ട് പ്രേക്ഷകരാണ് നല്ലതാണോ അല്ലെയോ എന്ന് വിലയിരുത്തേണ്ടത്. പിന്നെ ദൃശ്യം കണ്ട് അത് പോലത്തെ സിനിമയാണെന്ന് പ്രതീക്ഷിച്ച് വരരുത്. കാരണം ദൃശ്യം പോലത്തെ സിനിമയല്ല ഇത്. ഇത് വേറൊരു തരത്തിലുള്ള ഒരു കഥയാണ്.

മോഹന്‍ലാല്‍ – ജീത്തു ജോസഫ് തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ ബ്രാന്റ് കോമ്പോയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതുകൊണ്ടാണോ ഇത്തവണയും മോഹന്‍ലാല്‍ തന്നെ കേന്ദ്ര കഥാപാത്രമാവുന്നത്?

നമ്മള്‍ ഏത് സിനിമ ചെയ്യുമ്പോഴും എല്ലാ സംവിധായകരും അതില്‍ കേന്ദ്ര കഥാപാത്രമാക്കാന്‍ നോക്കുക ഏറ്റവും വലിയ താരത്തെ തന്നെയാണ്. അപ്പോള്‍ ഞങ്ങള്‍ ഈ കഥയുമായി ലാലേട്ടന്റെ അടുത്ത് പോയി. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രം ആശിര്‍വാദ് നിര്‍മ്മിക്കാമെന്നും പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരാള്‍ ആയേനെ കേന്ദ്ര കഥാപാത്രം. സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ഒരു മിഡില്‍ ഏജിഡ് കഥാപാത്രമാകുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. അങ്ങനെ വരുമ്പോള്‍ അവരുമായി ചര്‍ച്ച ചെയ്ത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാത്രമെ നമ്മള്‍ മറ്റൊരാളിലേക്ക് പോവുകയുള്ളു.

നിലവിലെ സാഹചര്യത്തില്‍ ഒടിടിക്ക് വേണ്ടി നിര്‍മ്മിക്കുന്ന ചിത്രമാണോ ഇത്?

ഇത് ഒടിടിക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിനിമയാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം ചിത്രീകരണം കഴിഞ്ഞ് തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആന്റണി തിയറ്ററിലെ റിലീസ് ചെയ്യുകയുള്ളു. ആന്റണിയും ഒരു തീയറ്റര്‍ ഉടമയാണ്. അദ്ദേഹത്തിനായാലും എനിക്കായാലും തീയറ്ററില്‍ തന്നെ സിനിമകള്‍ കാണിക്കുന്നതാണ് ഇഷ്ടം. പിന്നെ ആ കോള്‍ എടുക്കേണ്ടത് നിര്‍മ്മാതാവാണ്. ഞാന്‍ സിനിമ ചെയ്ത് കൈയ്യില്‍ കൊടുക്കും. പിന്നെ അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.

റാം പൂര്‍ണ്ണമായും പൂര്‍ത്തിയായോ?

റാം ഇനിയും ചിത്രീകരണം ബാക്കിയുണ്ട്. യുകെയോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യമോ വേണം. അതിന് വേണ്ടി കാത്തിരിക്കുകയാണ്. നിലവിലെ കൊവിഡ് സാഹചര്യം മാറിയതിന് ശേഷം മാത്രമെ റാമിന്റെ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കു.

ദൃശ്യം 2ന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ നിന്ന് നിരവധി സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്ത ലോക പ്രേക്ഷകരിലേക്ക് എത്തി. എത്രത്തോളം ഇത് മലയാള സിനിമയുടെ സാധ്യതകള്‍ കൂട്ടുന്നുണ്ട്?

തീര്‍ച്ചയായും മലയാള സിനിമയെ ആഗോളതലത്തില്‍ ചര്‍ച്ചയാക്കുന്നത് ഒടിടി തന്നെയാണ്. നമ്മുടെ തിയറ്ററുകള്‍ക്ക് പരിമിതിയുണ്ടല്ലോ. പക്ഷെ തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങളും പിന്നീട് ഒടിടിയില്‍ റിലീസ് ചെയ്യുന്നുണ്ട്. ഈ രണ്ട് പ്ലാറ്റ്‌ഫോമും നമുക്ക് വേണം. സിനിമ തിയറ്ററിലെ അനുഭവം ഒരിക്കലും ഒടിടിയില്‍ കിട്ടില്ല. പക്ഷെ ചില സിനിമകള്‍ ഒടിടിയില്‍ കണ്ടാലും ആസ്വദിക്കാന്‍ സാധിക്കും. എന്നാല്‍ മാസ് എന്റര്‍ട്ടെയിനര്‍ ചിത്രങ്ങളൊന്നും ഒടിടിയില്‍ കണ്ടിട്ട് കാര്യമില്ല. പിന്നെ ഒടിടി ഉള്ളത് കൊണ്ട് ഇത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചെല്ലും. അതും നല്ല ക്വാളിറ്റിയില്‍. അതിനാല്‍ പൈറേറ്റട് കോപി കാണാതെ പ്രേക്ഷകര്‍ക്ക് ഒടിടിയില്‍ കാണാന്‍ സാധിക്കുന്നു. അങ്ങനെ വരുമ്പോള്‍ ആളുകള്‍ പൈറേറ്റഡ് കോപി കാണില്ല.

ത്രില്ലര്‍ മാസ്റ്ററാണല്ലോ ജീത്തു. ഒരു ത്രില്ലര്‍ സീരീസ് ജീത്തുവില്‍ നിന്ന് പ്രതീക്ഷിക്കാമോ?

എനിക്ക് സീരീസിന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. ഹിന്ദിയില്‍ നിന്ന് സീരീസിന് ഷോ റണ്ണര്‍ ആകാമോ എന്ന് ചോദിച്ച് വിളിക്കുന്നുണ്ട്. വലിയ കമ്പനികളും വിളിക്കുന്നുണ്ട്. പക്ഷെ പ്രശ്‌നം എനിക്ക് ഒരുപാട് സിനിമകള്‍ ചെയ്യാനുണ്ട് എന്നതാണ്. മലയാളം, തമിഴ് തെലുങ്ക് എല്ലാത്തിലും സിനിമകള്‍ ചെയ്യാന്‍ ഉണ്ട്. അത് കൊണ്ട് ഞാന്‍ ഇപ്പോള്‍ സീരീസ് ചെയ്താല്‍ ശരിയാവില്ല. അതിനാല്‍ നിലവില്‍ സീരീസിനെ കുറിച്ച് ചിന്തിക്കുന്നില്ല.

Next Story