Top

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇന്‍വെസ്റ്റിഗേഷന്‍സ് എഡിറ്ററായി ജീമോന്‍ ജേക്കബ് ചുമതലയേറ്റു

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നിരവധി രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ജീമോൻ ജേക്കബിന്റെ അന്വേഷണങ്ങളിലൂടെ പുറംലോകമറിഞ്ഞത്.

2 Oct 2020 6:53 AM GMT

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇന്‍വെസ്റ്റിഗേഷന്‍സ് എഡിറ്ററായി ജീമോന്‍ ജേക്കബ് ചുമതലയേറ്റു
X

റിപ്പോർട്ടർ ടിവിയുടെ ഇന്‍വെസ്റ്റിഗേഷന്‍സ് എഡിറ്ററായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജീമോന്‍ ജേക്കബ് നിയമിതനായി. 36 വര്‍ഷമായി മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം റോയ്‌റ്റേഴ്‌സ്, എഎഫ്‌പി, തെഹല്‍ക്ക, ഇന്ത്യാ ടുഡെ തുടങ്ങിയ ദേശീയ, അന്തർദേശീയ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 മുതല്‍ ഇന്ത്യ ടുഡേ അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

നാഗ്‌പൂർ സര്‍വ്വകലാശാലയില്‍ നിന്നും മാധ്യമപഠനം പൂർത്തിയാക്കിയ അദ്ദേഹം നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിതവാദ പത്രത്തിൽ സബ് എഡിറ്ററായാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ദീപിക ദിനപത്രത്തിന്റെ ദില്ലി ബ്യൂറോ ചീഫായിരുന്നു. എഎഫ്‌പി സീനിയര്‍ കറസ്‌പോണ്ടന്റ് ആയി പ്രവര്‍ത്തിച്ചതിന് ശേഷം ന്യൂസ് എക്‌സിലൂടെ ജീമോന്‍ ദൃശ്യമാധ്യമരംഗത്തും ചുവടുറപ്പിച്ചു. തെഹല്‍ക്ക മാഗസിന്റെ ദക്ഷിണേന്ത്യന്‍ ചുമതലയുള്ള ജേർണലിസ്റ്റായും ജീമോൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നിരവധി രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ജീമോൻ ജേക്കബിന്റെ അന്വേഷണങ്ങളിലൂടെ പുറംലോകമറിഞ്ഞത്. കുടിയറ്റത്തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ടുള്ള മയക്കുമരുന്ന് കടത്തിന്റേയും, കേരളത്തില്‍ വ്യാപകമായ മനുഷ്യക്കടത്തിന്റേയും ഉള്ളറകള്‍ തെഹല്‍ക്കയിലൂടെ വെളിച്ചത്തുകൊണ്ടുവന്നതോടെയാണ് ജീമോന്‍ ജേക്കബ്ബ് എന്ന അന്വേഷണാത്മപത്രപ്രവര്‍ത്തകന്‍ ശ്രദ്ധയാര്‍ജിക്കുന്നത്.

1994ൽ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിൽ റോയ്‌ട്ടേഴ്‌സ് ഫെല്ലോയായിരുന്നു ജീമോൻ ജേക്കബ്. കേരളത്തിലെ കുടിയേറ്റ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ കണ്‍സെള്‍ട്ടന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജീമോന്റെ പത്രപ്രവര്‍ത്തന മികവിന് 1990 ലും 1998 ലും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1987, 2011 എന്നീ വര്‍ഷങ്ങളില്‍ ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്‌മാൻ നാഷണല്‍ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. 1992 ല്‍ മനുഷ്യാവകാശ റിപ്പോർട്ടിങ്ങിനുള്ള പിയുസിഎല്‍ അവാര്‍ഡ് ലഭിച്ചു. 2012 ല്‍ ഇന്റര്‍നാഷണല്‍ കര്‍ട്ട് ഷോർക്ക് അവാര്‍ഡ് ഫോര്‍ ജേര്‍ണലിസത്തിന്റെ ചുരുക്കപ്പട്ടികയിലും ജീമോന്‍ ഇടം നേടിയിരുന്നു.

Next Story