Top

പരീക്ഷക്ക് പോയത് പകരക്കാരന്‍; ജെഇഇ ഒന്നാം റാങ്കുകാരനെ അറസ്റ്റ് ചെയ്തു

പകരക്കാരനെ വെച്ച് 99.8 ശതമാനം മാര്‍ക്കാണ് ഇയാള്‍ സ്വന്തമാക്കിയത്.

28 Oct 2020 11:00 PM GMT

പരീക്ഷക്ക് പോയത് പകരക്കാരന്‍; ജെഇഇ ഒന്നാം റാങ്കുകാരനെ അറസ്റ്റ് ചെയ്തു
X

ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് പരീക്ഷയില്‍ പകരക്കാരനെ വെച്ച് പരീക്ഷയെഴുതി ഒന്നാം റാങ്ക് കരസ്ഥമാക്കിയ നീല്‍ നക്ഷത്ര ദാസിനെയും പിതാവിനെയും അറസ്റ്റ് ചെയ്ത് അസ്സാം പൊലീസ്. പകരക്കാരനെ വെച്ച് 99.8 ശതമാനം മാര്‍ക്കാണ് ഇയാള്‍ സ്വന്തമാക്കിയത്.

തെളിവുകളായ വാട്‌സ്ആപ്പ് , ഫോണ്‍ കോള്‍ സന്ദേശങ്ങള്‍ എന്നിവ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്ററുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു.

റോള്‍നമ്പറും പേരും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷ കേന്ദ്രത്തില്‍ എത്തിയതെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാന്‍ ഇടയില്ലെന്നുമാണ് പൊലീസിന്റെ നിഗമനം. രാജ്യത്തെ ഐഐടികളിലേക്കും പ്രമുഖ എന്‍ജിനിയറിംങ് കോളേജുകളിലേക്കുമുള്ള പ്രവശനം ഈ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.

ഇതില്‍ കൃത്രിമം നടത്തിയ നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കും. ഇതിന് പിന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സിയെ പൊലീസ് അറിയിച്ചിരുന്നു.

Next Story