‘ഷാജി പാപ്പന്‍ സ്‌ക്രിപ്പിറ്റിലുള്ളതിനേക്കാള്‍ എത്രയോ ലെവല്‍ മേലെ’; വിജയ് ബാബു

ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം സ്‌ക്രിപ്പിറ്റിലുള്ളതിനേക്കാള്‍ എത്രയോ ലെവല്‍ മേലെയാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് വിജയ് ബാബു ഇക്കാര്യം പറഞ്ഞത്. ലെറ്റ്‌സ് ഇന്റര്‍വ്യൂ എന്ന പരിപാടിയില്‍ പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു വിജയ് ബാബു.

ജയസൂര്യ എന്ന നടന് പല സവിശേഷതകളും ഉണ്ട്. അതിനാലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ള സ്ഥാനത്ത് എത്തിയതെന്നും വിജയ് ബാബു വീഡിയോയില്‍ പറഞ്ഞു. ജയസൂര്യ എന്ന നടന്‍ ഒരു ക്യാരക്ക്റ്ററിലേക്ക് എത്താന്‍ എത്രത്തോളം എഫേര്‍ട്ട് എടുക്കുമെന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജയസൂര്യ എന്ന നടനില്‍ വിജയ് ബാബു കാണുന്ന സവിശേഷത എന്താണെന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

ഞാന്‍ ജയസൂര്യയില്‍ ഒരുപാട് സവിശേഷതകള്‍ കാണുന്നുണ്ട്. അങ്ങനെ സവിശേഷതകള്‍ ഇല്ലായിരുന്നെങ്കില്‍ ജയസൂര്യ എന്ന നടന്‍ ഇപ്പോഴുള്ള നിലയില്‍ എത്തില്ല. ഏറ്റവും വലിയ സവിശേഷത, ഒരു ക്യാരക്കറ്റര്‍ ആവാന്‍ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് തന്നെയാണ്. ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കാന്‍ എത്രത്തോളം എഫേര്‍ട്ട് എടുക്കാനും ജയസൂര്യ തയ്യാറാണ്. കൃത്യനിഷ്ട ഏറ്റവും കൂടുതലുള്ള മലയാളത്തിലെ ഒരു നടനാണ്. ഏഴ് മണിയാണെങ്കില്‍ ആ സമയത്ത് സെറ്റിലെത്തും. പിന്നെ ജയസൂര്യ ആ കഥാപാത്രമാണ്. അതിനെ എങ്ങിനെ മികച്ചതാക്കാന്‍ സാധിക്കുമോ അത്രത്തോളം മികവുറ്റതാക്കും. ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ സ്‌ക്രിപ്പ്റ്റില്‍ ഉള്ളതിനേക്കാളെല്ലാം എത്രയോ ലെവല്‍ മേലെയാണ് ജയസൂര്യ അഭിനയമികവ് കൊണ്ട് എത്തിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ ലുക്കാണെങ്കിലും, ഹ്യൂമറാണെങ്കിലും, മാനറിസമാണെങ്കിലുമെല്ലാം ജയസൂര്യയുടെ സംഭവാന വളരെ വലുതാണ്.

വിജയ് ബാബു

പുതുമുഖങ്ങളില്‍ കാണുന്ന സവിശേഷത എന്താണെന്ന ചോദ്യത്തിന് താന്‍ പുതുമുഖങ്ങളെ തേടിപ്പോകാറില്ലെന്നാണ് വിജയ് ബാബു പറഞ്ഞത്. ഒരു കാരക്കറ്റര്‍ ചെയ്യാന്‍ പറ്റിയ ഒരു പുതിയ മുഖത്തെ അന്വേഷിക്കാറുണ്ട്. അവസാനമായി ഇറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ സൂഫിയെ ഓഡീഷനിലൂടെയാണ് കണ്ടെത്തിയത്. അപ്പോള്‍ നമ്മള്‍ അവര്‍ക്ക് വേണ്ട സവിശേഷതകളാണ് പറയുക എന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ മാന്വല്‍ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന ചിത്രത്തിലെ മാസ് കഥാപാത്രമാണ് ഷാജി പാപ്പന്‍. ജയസൂര്യയുടെ ഷാജി പാപ്പന് വലിയ ആരാധക പ്രീതിയാണ് ഉള്ളത്. താന്‍ ഷാജി പാപ്പനെ മിസ് ചെയ്യാറുണ്ടെന്ന് അടുത്തിടെ മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ ജയസൂര്യ തന്നെ പറഞ്ഞിരുന്നു. ഷാജി പാപ്പന്റെ മാസ് ഡയലോഗുകള്‍ പലതും സ്‌കിപ്പ്റ്റില്‍ ഉണ്ടായിരുന്നതല്ല. മറിച്ച് സെറ്റില്‍ വെച്ച് തന്നെ ഉണ്ടായതാണെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

രണ്ട് ഭാഗങ്ങളില്‍ പുറത്തിറങ്ങിയ ‘ആട്’ നിര്‍മ്മിച്ചത് വിജയ് ബാബുവും സാന്ദ്ര തോമസുമാണ്. ചിത്രത്തില്‍ ജയസൂര്യയ്ക്ക് പുറമെ സണ്ണി വെയ്ന്‍, വിനായകന്‍, രഞ്ജി പണിക്കര്‍, വിജയ് ബാബു, സൈജു കുറുപ്പ്, ധര്‍മ്മജന്‍ എന്നിവരും കേന്ദ്ര കഥാപാത്രമാണ്.

Covid 19 updates

Latest News