‘ജയസൂര്യ ഭയങ്കര ജാഡയാണ്..ഞങ്ങൾ ഡ്യൂപ്പുകളുടെ വിധി’; ‘വെള്ളത്തി’ലെ ഓഫ്‌സ്ക്രീൻ കോമഡി പങ്കുവെച്ച് താരം

കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെ പോകാനും സന്നദ്ധനായ ‌ നടന്മാരിൽ പ്രധാനിയാണ് ജയസൂര്യ. തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യമായി റിലീസ് ചെയ്യുന്ന ജയസൂര്യ നായകനാകുന്ന ‘ വെള്ളം’ സിനിമയ്ക്ക് വേണ്ടി കഠിനമായ പ്രയത്നമാണ് ജയസൂര്യയിൽ നിന്നും ഉണ്ടായതെന്ന് അണിയറ പ്രവർത്തകർ അഭിമുഖങ്ങളിലൂടെ തുറന്നു സമ്മതിച്ചിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരത്തിനിടെ നടന്ന രസകരമായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ജയസൂര്യ. വെള്ളമടിച്ച് ലൊക്കേഷനിൽ എത്തിയ ഒരാളോട് താൻ ജയസൂര്യയയുടെ ഡ്യൂപ്പാണെന്നും അയാൾക്ക് വലിയ ജാഡയാണെന്നും താരം മദ്യപിച്ചയാളോട് പറയുകയും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളും’ ദി ക്യൂവിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ജയസൂര്യയുടെ വാക്കുകൾ:

കഥാപാത്രങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ എടുക്കാറില്ല. കാരണം ആ കഥാപാത്രം എന്നിലുണ്ട്. തീയറ്ററിനുള്ളിലെ ചിത്രീകരണ സമയത്ത് ഒരു സംഭവം ഉണ്ടായി. കുറെ ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു. ഞാൻ അവരോടൊക്കെ വെള്ളമടിച്ചയാളെപ്പോലെയാണ് സംസാരിച്ചത്. അപ്പോൾ തന്നെ ഞാൻ നല്ല വെള്ളമടിയാണല്ലോ എന്നൊക്കെ അവർ തമ്മിൽ പരസ്പരം പറയുവാൻ തുടങ്ങി. ഷൂട്ടിനിടയ്ക്ക് വെള്ളമടിച്ചൊരാൾ എത്തിയിരുന്നു. എന്റെ ഡ്രെസ്സിലൊക്കെ മദ്യം ഒഴിച്ചിരുന്നതിനാൽ, അയാൾ കരുതി ഞാൻ നല്ല ഫിറ്റ് ആയിരിക്കുമെന്ന്. ഞാൻ ജയസൂര്യയുടെ ഡ്യൂപ്പാണെന്നു പറയുകയുകയും ചെയ്തു. വെള്ളമടിച്ച്‌ ബോധമില്ലാതിരുന്നതിനാൽ ഞാൻ പറഞ്ഞതൊക്കെ അയാൾ വിശ്വസിച്ചു. ജയസൂര്യ ഭയങ്കര ജാഡയാണെന്നും ഞങ്ങളെപ്പോലെയുള്ള ഡ്യൂപ്പുകളുടെ വിധിയാണെന്നും അയാളോട് പറഞ്ഞു. അയാൾ അതൊക്കെ ശെരിവെച്ചു. എന്നെ കുറ്റം പറയുന്നത് ഞാൻ ആസ്വദിച്ച് കേട്ടു കൊണ്ടിരുന്നു. ഇത്തരം ഓഫ്‌സ്ക്രീൻ അനുഭവങ്ങൾ മിക്ക സിനിമകളുടെ ചിത്രീകരണ സമയത്തും ഉണ്ടാകും.

കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞിരുന്നു.റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്‌ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തീയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു.’