Top

‘ആടുജീവിതം കഴിയട്ടെ, പൃഥ്വിരാജിന് ആരോഗ്യം വെയ്ക്കട്ടെ’; ജയന്‍ നമ്പ്യാര്‍ അഭിമുഖം

വിലായത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന വേളയിൽ റിപ്പോർട്ടർ ലൈവിനോട് ചിത്രത്തെകുറിച്ചക്കുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജയൻ നമ്പ്യാർ.

10 Feb 2021 8:59 AM GMT
Joel Stalin

‘ആടുജീവിതം കഴിയട്ടെ, പൃഥ്വിരാജിന് ആരോഗ്യം വെയ്ക്കട്ടെ’; ജയന്‍ നമ്പ്യാര്‍ അഭിമുഖം
X

അന്തരിച്ച ഹിറ്റ് മേക്കര്‍ സച്ചിയുടെ സ്വപ്‌ന പ്രോജക്ടുകളിൽ ഒന്നായ ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയുണ്ടായി.

അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ.

വിലായത്ത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന വേളയിൽ റിപ്പോർട്ടർ ലൈവിനോട് ചിത്രത്തെകുറിച്ചക്കുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജയൻ നമ്പ്യാർ.

വിലായത്ത് ബുദ്ധ എന്ന പുസ്തകം സിനിമയാക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ

സിനിമ മാറ്റങ്ങൾക്ക് വിധേയമാകും. ഇന്ദു ചേട്ടൻ പറഞ്ഞതുപോലെ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. സിനിമയുടേതായ മാറ്റങ്ങൾ അനിവാര്യമാണ്. സ്ക്രിപ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നും ഫൈനൽ ആയിട്ടില്ല.

വിലായത്ത് ബുദ്ധ എങ്ങനെ ജയനിലേക്ക് എത്തിച്ചേർന്നു

എനിക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്യുകയായിരുന്നു സച്ചിയേട്ടൻ. ആയപ്പോഴാണ് അദ്ദേഹത്തിന് വയ്യാതാകുന്നത്. അദ്ദേഹം പറഞ്ഞിരുന്ന ഒരു കണ്ടീഷൻ ഞാൻ സ്വന്തമായി സിനിമ ചെയ്താൽ പോലും അദ്ദേഹത്തിനൊപ്പം ഞാൻ ഉണ്ടാകണം എന്നാണ്. സച്ചിയേട്ടൻ വീണ്ടും സിനിമ ചെയ്യുമ്പോൾ വന്നു സഹകരിക്കണം എന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്റെ സിനിമയുടെ തിരക്കഥ കഴിഞ്ഞാൽ ഉടൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അത് വിലായത് ബുദ്ധ ആയാൽ അത്. ആ സമയത്ത് നിരവധി പ്രൊജെക്ടുകൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇന്ദു ചേട്ടനും സന്ദീപേട്ടനും പൃഥ്വിരാജും എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ് ഞാൻ സിനിമ ചെയ്യണമെന്നത്. അവരുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി ഞാൻ അത് ചെയ്യുകയായിരുന്നു.

പൃഥ്വിരാജ് അല്ലാതെ മറ്റ് കഥാപാത്രങ്ങൾ

ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കുറിച്ചുള്ള തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. ഓരോ ഘട്ടം ഘട്ടമായുള്ള പ്രോസസ്സ് ആയാണ് നമ്മൾ അതിനെ കാണുന്നത്. ചർച്ചകൾ പലതും നടന്നിട്ടുണ്ടെങ്കിലും ഒന്നും തീരുമാനമായിട്ടില്ല.

വിലായത്ത് ബുദ്ധയുടെ ചിത്രീകരണം എന്ന് ആരംഭിക്കും

ഒരു 6 മാസത്തിന് ശേഷം സിനിമ തുടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. രാജുവിന്റെ തിരക്കുകൾ കഴിഞ്ഞതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. അദ്ദേഹം ആടുജീവിതം ചെയ്യുകയാണല്ലോ. അദ്ദേഹം ഏറെ നാളായി ആ ചിത്രത്തിന് വേണ്ടി കഷ്ടപ്പെടുകയാണ്. അതിനു ശേഷം മാത്രമേ ഇത് തുടങ്ങാൻ സാധിക്കുകയുള്ളു.

പുസ്തകത്തിലേത് പോലെ മറയൂർ തന്നെ ആയിരിക്കുമോ പ്രധാന ലൊക്കേഷൻ

മറയൂർ തന്നെയായിരിക്കും പ്രധാന ലൊക്കേഷൻ. അവിടെ നമുക്ക് കിട്ടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ മറ്റ് സ്ഥലങ്ങളെ കുറിച്ച് ആലോചന ഉണ്ടാവുകയുള്ളു. 90 ശതമാനവും മറയൂർ തന്നെയായിരിക്കും. മറയൂർ തന്നെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ഡബിൾ മോഹൻ എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെ ഒരു മേക്കോവർ പ്രതീക്ഷിക്കാമോ

ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിന് വേണ്ടി ചില മേക്കോവറുകൾ ഉണ്ടാകും. മറയൂരുകാരനായ ഒരാളുടെ കഥ പറയുമ്പോൾ അത്തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകും. ശാരീരികമായ മാറ്റങ്ങൾ ഉണ്ടാകും. ഇപ്പോൾ അദ്ദേഹം ഒരുപാട് മെലിഞ്ഞിരിക്കുകയാണല്ലോ. അതൊക്കെ മാറ്റി ആരോഗ്യമുള്ള ഒരു കഥാപാത്രമായിരിക്കും.

വിലായത്ത് ബുദ്ധയ്ക്ക് ശേഷം പഴയ പ്രൊജക്റ്റ് പുനരാരംഭിക്കുമോ

തത്കാലം ഈ പ്രൊജക്റ്റ് മാത്രം. ഇതിനു ശേഷം മാത്രമേ മറ്റേത് പ്രോജെക്ടിനെക്കുറിച്ചും മനസ്സിൽ ആലോചന ഉണ്ടാവുകയുള്ളു.

സച്ചി ബാക്കി വെച്ചുപോയ സിനിമ ചെയ്യുമ്പോഴുള്ള ഉത്കണ്ഠകൾ

സച്ചിയേട്ടൻ എന്ന ലെജൻഡ് തുടങ്ങി വെച്ച ചിത്രമാണ്. അതിന് കുറവുകൾ വരാതിരിക്കാനാണ് എന്നുമാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. സച്ചിയേട്ടനെക്കാൾ വലിയ റൈറ്റർ ഒന്നുമല്ല ഞാൻ. എന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ ചെയ്യണം. എന്നാൽ ഒരു ഡയറക്ടർ എന്ന നിലയ്ക്ക് ഭയമൊന്നുമില്ല. സച്ചിയേട്ടൻ ഇനി ഇല്ല എന്ന ഭയമുണ്ട്. സച്ചിയേട്ടൻ ഉണ്ടായിരുന്നു എന്നത് ഒരു കരുത്തായിരുന്നു. അദ്ദേഹം ഇല്ലാത്തത് കരുത്തിൽ ഒരു ചോർച്ച തന്നെയാണ്.

Next Story