Top

ജവാന്‍ ഉടന്‍ തിരികെയെത്തും; തിങ്കളാഴ്ച ഉല്‍പ്പാദനം പുനരാരംഭിക്കുമെന്ന് ബെവ്‌കോ

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ തിങ്കളാഴ്ച തന്നെ പുതിയ ജനറല്‍ മാനേജറെ നിയമിക്കുമെന്നും സൂചനയുണ്ട്.

3 July 2021 4:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജവാന്‍ ഉടന്‍ തിരികെയെത്തും; തിങ്കളാഴ്ച ഉല്‍പ്പാദനം പുനരാരംഭിക്കുമെന്ന് ബെവ്‌കോ
X

സ്പിരിറ്റ് മോഷണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജവാന്‍ റം ഉല്‍പ്പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ തിങ്കളാഴ്ച തന്നെ പുതിയ ജനറല്‍ മാനേജറെ നിയമിക്കുമെന്നും സൂചനയുണ്ട്. മദ്യത്തിന്റെ ലഭ്യതയില്‍ തിങ്കളാഴ്ച മുതല്‍ യാതൊരു കുറവുമുണ്ടാകില്ലെന്നും ബീവറേജസ് കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കി.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ജവാന്‍ റം ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പുറത്തിറക്കുന്ന ജവാന്‍ റം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്.

സ്പിരിറ്റ് തിരിമറിയില്‍ ടിഎസ്‌സിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്ന് സൂചന. സ്പിരിറ്റ് ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥ സംഘത്തിന് വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തല്‍. കമ്പനിയിലേക്ക് സ്പിരിറ്റ് എത്തിയത് എക്സൈസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ്. ലോഡ് പരിശോധിച്ച് അളവ് ഉറപ്പാക്കുന്നതിലും എക്സൈസ് വീഴ്ച വരുത്തി. ഇതെല്ലാം തിരിമറിക്ക് സഹായകരമായി. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

ടാങ്കറിലെ ഇ- ലോക്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് മുകള്‍ഭാഗം വച്ച് മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറന്‍സിക്, എക്സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം. കമ്പനിയിലെ തകരാറിലായ വേ ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്താതിരുന്നത് തട്ടിപ്പിനായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ആറു മാസത്തിനിടെ 50,000 ലിറ്റര്‍ സ്പിരിറ്റ് മോഷ്ടിച്ചെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച സ്പിരിറ്റ് ലിറ്ററിന് അമ്പതു രൂപ നിരക്കില്‍ വിറ്റെന്നാണ് കരുതുന്നത്.

അതേസമയം, സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പുറത്തിറക്കുന്ന ജവാന്‍ റം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്.

പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണശാലയിലേക്കെത്തിച്ച സ്പിരിറ്റ് ചോര്‍ത്തി വിറ്റതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥസംഘമെന്ന നിലപാടിലേക്ക് പൊലീസ് എത്തുന്നതിനിടെയാണ് കമ്പനി മദ്യ ഉത്പാദനം തന്നെ നിര്‍ത്തുന്നത്. സ്ഥാപനത്തിന്റെ ജനറല്‍ മാനേജരടക്കം ഏഴുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ജനറല്‍ മാനേജര്‍ അലക്സ് പി ഏബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മധ്യപ്രദേശ് സ്വദേശി അബു എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

Next Story