Top

ജനുവരി മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്;ലഭിച്ചത് 1.2 ലക്ഷം കോടി

ജനുവരി മാസത്തില്‍ ലഭിച്ച ജിഎസ്ടി വരുമാനത്തില്‍ 21,923 കോടി സിജിഎസ്ടിയിനത്തിലും 29,014 കോടി എജിഎസ്ടിയിനത്തിലും 8,622 കോടി ഇറക്കുമതിതീരുവയായുമാണ് എത്തിയത്.

31 Jan 2021 9:39 PM GMT

ജനുവരി മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്;ലഭിച്ചത് 1.2 ലക്ഷം കോടി
X

രാജ്യം കേന്ദ്രബജറ്റ് അവതരണത്തിനായി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതിനിടെ ജനുവരി മാസത്തെ ജിഎസ്ടി വരുമാനക്കണക്കുകള്‍ പുറത്തെത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ ഈ വര്‍ഷത്തെ ആദ്യമാസം ലഭിച്ചത്. ജനുവരി മാസം മാത്രം 1.19 ലക്ഷം കോടിരൂപ ജിഎസ്ടി ഇനത്തില്‍ ലഭിച്ചതായി കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് മാസക്കാലമായി ജിഎസ്ടി വരുമാനം 1 ലക്ഷം കോടിയിലും വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിനെ രാജ്യത്തെ സമ്പദ്‌രംഗം വളരെവേഗം അതിജീവിക്കുന്നതിന്റെ തെളിവായി ഇതിനെ കാണാമെന്ന് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജനുവരി മാസത്തില്‍ ലഭിച്ച ജിഎസ്ടി വരുമാനത്തില്‍ 21,923 കോടി സിജിഎസ്ടിയിനത്തിലും 29,014 കോടി എജിഎസ്ടിയിനത്തിലും 8,622 കോടി ഇറക്കുമതിതീരുവയായുമാണ് എത്തിയത്. 2020 ജനുവരി മാസത്തേക്കാള്‍ 8 ശതമാനം അധികവരുമാനമാണ് ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരി മാസം സര്‍ക്കാരിനുണ്ടായത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ കൊവിഡ് മൂലമുണ്ടായ മാന്ദ്യത്തെ അതിജീവിക്കുമെന്നും വി ഷേപ്പുള്ള സാമ്പത്തികവളര്‍ച്ചയിലേക്ക് രാജ്യം നീങ്ങുമെന്നും വളര്‍ച്ചാ ഗതിവേഗം വീണ്ടെടുത്ത് 11 ശതമാനത്തിലേക്കെത്തുമെന്നും സാമ്പത്തിക സര്‍വ്വേയില്‍ സൂചനയുണ്ടായിരുന്നു.

അതേസമയം കൊവിഡ് സാമ്പത്തികമേഖലയിലേല്‍പ്പിച്ച കനത്ത ആഘാതത്തിനും കര്‍ഷകപ്രക്ഷോഭത്തിനുമിടെ കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11 മണിയ്ക്ക് പാര്‍ലമെന്റിലെത്തും. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബജറ്റവതരണം നടത്തുക. മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുന്‍പ് കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു ബജറ്റാകും ഇന്നത്തേത് എന്ന് നിര്‍മ്മലാ സീതാരാമന്‍ തന്നെ പറയുമ്പോള്‍ ആരോഗ്യ, കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് പ്രതീക്ഷയേറുകയാണ്.

Next Story

Popular Stories