Top

‘പതിവ് പല്ലവിയാണെങ്കില്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യം നേരും’; വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം

അതേസമയം നിയമസഭാ സമ്മേളനം ചേരാനുള്ള ശുപാര്‍ശ വീണ്ടും ഗവര്‍ണര്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ നീങ്ങുകയാണ് കേരളസര്‍ക്കാര്‍

25 Dec 2020 12:01 AM GMT

‘പതിവ് പല്ലവിയാണെങ്കില്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യം നേരും’; വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് ഖാനെ കേരളത്തില്‍ നിയോഗിച്ചത് ആര്‍എസ്എസ് അജണ്ടകള്‍ വേഗത്തിലാക്കുന്നതിനാണെന്ന വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാ വിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ തടയാമെന്ന സംഘപരിവാര്‍ രാഷ്ട്രീയ ചിന്തയോടെ ഒരാള്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ മനോനിലയുള്ളവരെ ഇത്തരം പദവികളില്‍ നിയോഗിക്കുന്ന മോഡി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടണമെന്നും ജനയുഗം മുഖപ്രസംഗം പറയുന്നു.

പ്രസക്തഭാഗങ്ങള്‍:

കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാത്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നത്. കേരളം പോലെ രാഷ്ട്രീയജനാധിപത്യമതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍എസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും ജനാധിപത്യ ഭരണസംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബര്‍ 23ന് ഒരു മണിക്കൂര്‍ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല.

സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആള്‍ പ്രവര്‍ത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്.

ആ മന്ത്രിസഭയോട് നിയമസഭാ അംഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന പോലെ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. കേരളത്തിലെ സാഹചര്യം ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണെന്നിരിക്കെ ഗവര്‍ണറുടെ ജോലി, ഭൂരിപക്ഷം നഷ്ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാര്‍ശനുസരിച്ച് നിയമസഭ വിളിച്ചുചേര്‍ക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്നെയാണ്.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാ വിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. അതിനെ തടയാമെന്ന സംഘപരിവാര്‍ രാഷ്ട്രീയ ചിന്തയോടെ ഒരാള്‍ പദവിയില്‍ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ മനോനിലയുള്ളവരെ ഇത്തരം പദവിയില്‍ നിയോഗിക്കുന്ന മോഡിഅമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടണം. കാര്‍ഷിക വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 31 പ്രത്യേക നിയമസഭാസമ്മേളനം ചേരാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നു, പതിവ് പല്ലവിയാണ് ഇനിയുമെങ്കില്‍ ഗവര്‍ണര്‍ പദിവിയില്‍ നിന്ന ആരിഫ് ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യം നേരും.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഗവര്‍ണര്‍ ആരിഫ് ഖാന്‍ തള്ളിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഭരണ-പ്രതിപക്ഷ വിഭാഗങ്ങളില്‍ നിന്നുയരുന്നത്. ഗവര്‍ണറുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും, ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം നിയമസഭാ സമ്മേളനം ചേരാനുള്ള ശുപാര്‍ശ വീണ്ടും ഗവര്‍ണര്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ നീങ്ങുകയാണ് കേരളസര്‍ക്കാര്‍. ഡിസംബര്‍ 31 ന് സമ്മേളനം ചേരുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

Next Story