Top

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം; 101 വര്‍ഷങ്ങള്‍, രക്തസാക്ഷിത്വം വരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഇന്നും അവ്യക്തം

ലോക രാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടകൊലയ്ക്ക് ഇന്ന് 101 വയസ്സ്. ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ തന്നെ കറുത്ത അധ്യയമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ വെടിവെയ്പ്പില്‍ എത്ര പേരാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് ഇന്ന് ആര്‍ക്കും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ലെന്നത് അതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നതിന്റെ തെളിവാണ്. 1919ലാണ് ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്‌സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്ത് […]

13 April 2021 11:09 AM GMT

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം; 101 വര്‍ഷങ്ങള്‍, രക്തസാക്ഷിത്വം വരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഇന്നും അവ്യക്തം
X

ലോക രാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടകൊലയ്ക്ക് ഇന്ന് 101 വയസ്സ്. ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ തന്നെ കറുത്ത അധ്യയമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ വെടിവെയ്പ്പില്‍ എത്ര പേരാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് ഇന്ന് ആര്‍ക്കും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ലെന്നത് അതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നതിന്റെ തെളിവാണ്.

1919ലാണ് ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്‌സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്ത് വൈശാഖി ആഘോഷത്തിനായി ഒത്തുചേര്‍ന്ന ജനങ്ങള്‍ക്ക് നേരെയാണ് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം മെഷീന്‍ ഗണ്‍ പ്രയോഗിച്ചത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് യാതൊരു മാനുഷിക പരിഗണനയും ഇല്ലാതെ അന്ന് ബ്രിട്ടീഷ് സൈന്യം നിറയൊഴിച്ചത്. തന്റെ കൈകുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരമ്മ അന്ന് കുട്ടിയുമായി കിണറ്റിലേക്ക് ചാടിയതായെന്ന് ദൃസാക്ഷിയുടെ മൊഴിയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 492 പേരുടെ പട്ടിക ജില്ലാഭരണകൂടം പുറത്ത് വിട്ടിരുന്നു. എന്നാല്‍ അത് സംഭവത്തിലെ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടായ ഇത്തരം ഒരു സംഭവത്തില്‍ എത്ര പേര്‍ രക്തസാക്ഷിത്വം വഹിച്ചെന്നത് സംബന്ധച്ച് വ്യക്തമായ രേഖവേണമെന്ന് ചരിത്രകാരന്മാരും ജാലിയന്‍ വാലാബാഗ് ഷഹീദ് പരിവാര്‍ സമിതിയും ആവശ്യമുന്നയിച്ചിരുന്നു. ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളുടെ നിരവധി പട്ടികകളാണുള്ളതെന്ന് ഷഹീദി പ്രസിഡന്റ് മഹേഷ് ബെഹാല്‍ പ്രതികരിച്ചിരുന്നു. തങ്ങളുടെ രക്തസാക്ഷികളുടെ എണ്ണത്തില്‍ കൃത്യമായ ധാരണയില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 379പേരാണ് ആ കുരുതിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറയുന്നത്. ആയിരത്തിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോലും കഴിയാതെ പൊരിവെയിലത്ത് രക്തം വാര്‍ന്നാണ് ഇതിലധികം പേരും മരണപ്പെട്ടത്.

ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയര്‍ നല്‍കിയ ഉത്തരവിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യക്കാര്‍ക്ക് നേരെ 1,650 വെടിയുണ്ടകള്‍ പ്രയോഗിച്ചതായാണ് ചരിത്രകാരനായ സുരീന്ദര്‍ കൊച്ചാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്ന് കുരുതികൊടുക്കപ്പെട്ടവരുടെ എണ്ണം 300കടക്കില്ലെന്നാണ് അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഓഡയര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും സുരീന്ദര്‍ കൊച്ചാര്‍ ചൂണ്ടിക്കാട്ടി. അന്നത്തെ മിലിട്ടറി റിപ്പോര്‍ട്ട് പ്രകാരം 200പേരാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ സേവ സമിതിയുടെ കണക്കുകളില്‍ പറയുന്നതാവട്ടെ 501 പേരുടെ കണക്കാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ സിവില്‍ സര്‍ജനായ ഡോ. സമിത് പറയുന്നത് 1,526 പേരാണ് ജാലിയന്‍ വാലാബാഗില്‍ കൊല്ലപ്പെട്ടതെന്നാണ്. ഇതില്‍ വ്യത്യസ്തമായ മറ്റൊന്നിലാവട്ടെ 381പേര്‍ മരിച്ചെന്നും 1,208 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1919ല്‍ ഉണ്ടായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ 1050തോളം പേര്‍ രക്തസാക്ഷിത്വം വഹിച്ചതായാണ് സമിതിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് ബെഹാല്‍ പറയുന്നത്. കൂട്ടക്കൊലയില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ പട്ടിക സംബന്ധിച്ച് ആശയക്കുഴപ്പം നീങ്ങേണ്ടതുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ജാലിയന്‍ വാലാബാഗില്‍ രക്തസാക്ഷിത്വം വരിച്ച ലാലുവാസുമാന്‍ കപൂറിന്റെ കൊച്ചു മകന്‍ സുനില്‍ കപൂര്‍ 2009ല്‍ ഒരു വിവരാവകാശം സമര്‍പ്പിച്ചിരുന്നു. അതിന്‍ പ്രകാരം 501 പേരുടെയും 14 പേരുടെയും പട്ടികയാണ് ലഭിച്ചത്. 501 പേര്‍ സംഭവത്തില്‍ ആദ്യം മരിച്ചെന്നും പിന്നീട് 14പേര്‍ മരണത്തിന് കീഴടങ്ങിയെന്നുമായിരുന്നു ആ കണക്കുകളില്‍ പറയുന്നത്.

അന്ന് രക്തസാക്ഷിത്വം വരിച്ചവരുടെ പട്ടിക ഇതേവരെ പുറത്ത് വന്നിട്ടില്ലെന്ന് ‘ ജാലിയന്‍ വാലാബാഗ്, 1919: ദ റിയല്‍ സ്റ്റോറി’ എന്ന പുസ്തകത്തിന്റെ രചയിതാവ് കിഷ്വര്‍ ദേശായി അഭിപ്രായപ്പെട്ടിരുന്നു. 2,000മോ അതിലധികം പേരോ രക്തസാക്ഷിത്വം വരിച്ചിരിക്കാമെന്നായിരുന്നു അവരുടെ അവകാശവാദം. കൂട്ടക്കൊലയില്‍ ബലിയാടാക്കപ്പെട്ടവരുടെ പേരുകളടങ്ങിയ 1919ലെ ഒരു കയ്യെഴുത്ത് രേഖ ഉണ്ടയിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. കൂട്ടക്കൊലയ്ക്ക് നാല് മാസത്തിന് ശേഷം മാത്രമാണ് കൊല്ലപ്പെട്ടവരുടെ കണക്കെടുത്തത്. അതിനാല്‍ തന്നെ അതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ അപ്രത്യക്ഷമായിരുന്നു. തിരിച്ചറിഞ്ഞ 502പേരും 45 അജ്ഞാത മൃതദേഹങ്ങളും അടക്കം 547പേരുടെ കണക്കായിരുന്നു അന്ന് പുറത്ത് വന്നത്. 1919പുറത്ത് വന്ന പട്ടികയില്‍ ഉണ്ടായിരുന്നവരുടെ എണ്ണത്തെ 379 പേരുടെ പട്ടികയെക്കാള്‍ കൂടുതല്‍ പേര്‍ ഇതില്‍ ഉണ്ടായിരുന്നെത് ശ്രദ്ധേയമാണിതെന്നും കിഷ്വര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Next Story