
അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന് ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ വകുപ്പ്. സ്വപ്നയെ പാര്‍പ്പിച്ചിരുന്ന അട്ടക്കുളങ്ങര, എറണാകുളം, വിയ്യൂര്‍ ജയിലുകളില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സംശയനിവാരണത്തിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുനോക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആരോപണത്തെത്തുടര്‍ന്ന് സ്വപ്നയ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചെന്നും ജയില്‍ വകുപ്പ് അറിയിച്ചു.
സ്വപ്ന സുരേഷിന് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി കോടതിയെ അറിയിക്കാനും ജയില്‍ വകുപ്പ് നീക്കം നടത്തുന്നുണ്ട്. സ്വപ്നയെ ജയിലിലെത്തി ആരൊക്കെ സന്ദര്‍ശിച്ചു, വിളിച്ചു ന്നെതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സ്വപ്ന കോടതയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഭീഷണിയെന്നും തന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും സ്വപ്ന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ അട്ടക്കുളങ്ങര ജയിലില്‍ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന പറഞ്ഞു. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്ന് അവര്‍ പറഞ്ഞെന്നും സ്വപ്ന കോടതിയില്‍ വ്യക്തമാക്കി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സ്വപ്ന ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ സ്വപ്നയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.